SignIn
Kerala Kaumudi Online
Monday, 06 July 2026 6.36 AM IST

ദേശീയപാത നിർമ്മാണം, അപ്രോച്ച് റോഡ് അശാസ്ത്രീയമോ?​

d

തുറവൂർ: ദേശീയപാത നവീകരണത്തിന്റെ ഭാഗമായുള്ള മേൽപാലത്തിന്റെ അപ്രോച്ച് റോഡുകളുടെ നിർമ്മാണം പല സ്ഥലങ്ങളിലും അശാസ്ത്രീയമെന്ന് ആക്ഷേപം. അപ്രോച്ച് റോഡിനായി വലിയ അളവിൽ മണ്ണ് നിറച്ചശേഷം മുകൾഭാഗം മാത്രം യന്ത്രസഹായത്തോടെ ഉറപ്പിക്കുന്ന രീതിയാണ് ആക്ഷേപത്തിനിടയാക്കുന്നത്.

ഇത്തരത്തിലുള്ള നിർമ്മാണം ഭാവിയിൽ റോഡിന്റെ തകർച്ചയ്ക്ക് കാരണമാകുമെന്നാണ് വിദഗ്ദ്ധർ പറയുന്നത്. പരമാവധി ഒന്നര അടി ഉയരത്തിൽ മണ്ണ് നിറച്ച് ഓരോപാളിയും പ്രത്യേകം യന്ത്രസഹായത്തോടെ ഉറപ്പിച്ച ശേഷം വേണം അടുത്ത പാളി നിറയ്ക്കാൻ. ഇതുവഴി ബലവും സ്ഥിരതയും ഉറപ്പാക്കാൻ കഴിയും. ഓരോ മണ്ണുപാളിയും ഉറപ്പിച്ചശേഷം കോൺക്രീറ്റ് റിട്ടെയ്‌നിംഗ് ബ്ലോക്കുകൾ പ്രത്യേക രീതിയിൽ നിരത്തി ജിയോഗ്രിഡ് ഉപയോഗിച്ച് മണ്ണുമായി ബന്ധിപ്പിക്കുകയാണ് പതിവ്. എന്നാൽ,​ ചിലയിടങ്ങളിൽ കോൺക്രീറ്റ് ബ്ലോക്കുകളുടെ മുകൾഭാഗത്ത് മാത്രമാണ് ജിയോഗ്രിഡ് ഷീറ്റുകൾ വിരിച്ചിട്ടുള്ളത്. വേമ്പനാട്ട് കായലിലെ ചെറുതരികളുള്ള മണലാണ് നിർമ്മാണത്തിന് ഉപയോഗിക്കുന്നതെന്നതിനാൽ കൂടുതൽ ജാഗ്രത ആവശ്യമാണ്. വേണ്ടവിധം ഉറപ്പിക്കാത്തപക്ഷം വാഹനങ്ങളുടെ ഭാരവും സമ്മർദ്ദവും കാരണം കോൺക്രീറ്റ് റിട്ടെയ്‌നിംഗ് ബ്ലോക്കുകൾക്കിടയിലൂടെ മണ്ണ് പുറത്തേക്ക് തള്ളിപ്പോകാനും, മഴക്കാലത്ത് വെള്ളം കെട്ടിനിൽക്കുന്നതോടെ റോഡ് ഇടിഞ്ഞുതാഴാനും സാദ്ധ്യതയുണ്ടെന്ന് വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു.

ആറ് ഇടങ്ങളിൽ ആശങ്ക

1.ദേശീയപാതയിൽ പറവൂർ–തുറവൂർ റീച്ചിൽ പമ്പിംഗ് ലൈനുകൾക്ക് മുകളിലൂടെ നിർമ്മിച്ചിട്ടുള്ള ആറിടങ്ങളിലെ മേൽപ്പാതകളെക്കുറിച്ച് ആശങ്കയുണ്ട്. വയലാർ കവല, തങ്കി കവല, തിരുവിഴ, കണിച്ചുകുളങ്ങര, എസ്.എൽ. പുരം എന്നിവ ഉൾപ്പെടെയുള്ള ഭാഗങ്ങളിലാണ് ആശങ്ക നിലനിൽക്കുന്നത്

2.പറവൂർ–തുറവൂർ റീച്ചിൽ ചെറിയ കോൺക്രീറ്റ് ബ്ലോക്കുകൾ ഇരുവശത്തും നിരത്തി മദ്ധ്യഭാഗത്ത് മണ്ണ് നിറച്ചാണ് മേൽപ്പാത നിർമ്മിക്കുന്നത്. എന്നാൽ,​ പറവൂർ–കൊറ്റുകുളങ്ങര റീച്ചിൽ വലിയ കോൺക്രീറ്റ് പാനലുകളാണ് ഉപയോഗിച്ചിരിക്കുന്നത്

3. തുറവൂർ–പറവൂർ ഭാഗത്തെ ചെറിയ കോൺക്രീറ്റ് ബ്ലോക്കുകൾക്ക് ഇന്റർലോക്കിംഗ് സംവിധാനമില്ലാത്തതിനാൽ മീറ്ററുകളോളം ഉയരത്തിൽ നിർമ്മിച്ച മേൽപ്പാതയുടെ വലിയ സമ്മർദ്ദം ഇവ താങ്ങുമോയെന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്

ആശങ്കയ്ക്ക് അടിസ്ഥാനമില്ല:

ദേശീയപാത അതോറിട്ടി

റീ-ഇൻഫോഴ്‌സ്ഡ് എർത്ത് വാൾ എന്ന അംഗീകൃത സാങ്കേതികവിദ്യയാണ് ഉപയോഗിച്ചിരിക്കുന്നതെന്നും ആശങ്കയുടെ ആവശ്യമില്ലെന്നും ദേശീയപാത അതോറിട്ടി അധികൃതർ പറഞ്ഞു. കോൺക്രീറ്റ് ബ്ലോക്കുകളുടെ ഉൾവശത്ത് ജിയോഗ്രിഡ് വലകൾ ഉപയോഗിച്ച് മണ്ണുമായി ബന്ധിപ്പിച്ചാണ് ഘടന ഉറപ്പിക്കുന്നത്. ഇതേ സാങ്കേതികവിദ്യ തന്നെയാണ് പറവൂർ–കൊറ്റുകുളങ്ങര റീച്ചിലും ഉപയോഗിച്ചിരിക്കുന്നതെന്നും അവിടെ ചെറിയ ബ്ലോക്കുകൾക്ക് പകരം വലിയ കോൺക്രീറ്റ് പാനലുകളാണ് ഉപയോഗിച്ചതെന്ന വ്യത്യാസം മാത്രമാണുള്ളതെന്നും അവർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL