
തുറവൂർ: ചന്തിരൂരിലെ സ്വകാര്യസ്കൂളിന്റെ മതിൽ ഇടിഞ്ഞുവീണ് സമീപവാസികളായ ദമ്പതികൾക്ക് പരിക്കേറ്റു. ചന്തിരൂരിലെ ഔവർ ലേഡി ഒഫ് മേഴ്സി സ്കൂളിന്റെ വടക്കുഭാഗത്തെ മതിലാണ് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ ഇടിഞ്ഞുവീണത്. അരൂർ ഗ്രാമപഞ്ചായത്ത് 17-ാം വാർഡിൽ ഓതിക്കംപറമ്പിൽ ദാസൻ (65), ഭാര്യ സുജാത (62) എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നെഞ്ചിനും നാല് വാരിയെല്ലുകൾക്കും ഗുരുതരമായി പരിക്കേറ്റ ദാസനെ സ്കാനിംഗ് ഉൾപ്പെടെയുള്ള വിദഗ്ദ്ധ പരിശോധനകൾക്ക് വിധേയനാക്കി. സുജാതയുടെ വലതുകാലിന് രണ്ടിടത്ത് ഒടിവുണ്ടെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
പ്രദേശവാസികളും റെസിഡന്റ്സ് വെൽഫെയർ അസോസിയേഷൻ ജില്ലാ സെക്രട്ടറി ബി. അൻഷാദും ചേർന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്. മൂന്ന് മീറ്റർ ഉയരമുള്ള സ്കൂൾ മതിൽ കുറച്ചുനാളുകളായി അപകടാവസ്ഥയിലായിരുന്നെന്ന് പ്രദേശവാസികൾ പറഞ്ഞു. വാർഡംഗം പ്രവീണയുടെ നേതൃത്വത്തിൽ ഈ വിവരം നേരത്തെ തന്നെ സ്കൂൾ അധികൃതരുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. പുഷ്പൻ, വൈസ് പ്രസിഡന്റ് മോളി ജസ്റ്റിൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.ഗൗരീശൻ, പഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷരായ അബ്ദുള്ള പെരിയ, സുമ, പി.പി.സാബു, വാർഡംഗം പ്രവീണ എന്നിവരും സ്കൂൾ അധികൃതരും ആശുപത്രിയിലെത്തി പരിക്കേറ്റവരുടെ വിവരങ്ങൾ അന്വേഷിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |