
ആലപ്പുഴ: ഐ.ടി കമ്പനി പ്രതിനിധികളാണെന്ന് വിശ്വസിപ്പിച്ച് ഓൺലൈൻ ടാസ്കുകൾ നൽകിയശേഷം വെൺമണി സ്വദേശിനിയിൽനിന്ന് 10 ലക്ഷത്തോളം രൂപ തട്ടിയെടുത്ത മൂന്നംഗ സംഘം അറസ്റ്രിലായി. കോഴിക്കോട് പാണിയങ്കര വില്ലേജിൽ മണ്ണാത്തിക്കൽ പറമ്പിൽ തെജ്ബത്ത് (33), വളയനാട് വില്ലേജിൽ മിർഫാ മൻസിലിൽ മുഹമ്മദ് ഹനീഫ (23), ഒളവണ്ണ പഞ്ചായത്തിലെ എം.ജി. നഗറിൽ ഷിഫാസിൽ മുഹമ്മദ് ഫാദിൽ (22) എന്നിവരെയാണ് വെണ്മണി പൊലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്റ്റഗ്രാമിൽ എൻ.എസ്.ഇ കമ്പനിയുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് നൽകിയ പരസ്യം കണ്ടാണ് യുവതി പ്രതികളെ ബന്ധപ്പെട്ടത്. പരസ്യത്തിലുണ്ടായിരുന്ന വാട്ട്‌സാപ്പ് നമ്പരിലേക്ക് സന്ദേശമയച്ച യുവതിയെ പിന്നീട് ടെലിഗ്രാം ഗ്രൂപ്പുകളിലേക്ക് ചേർത്തു. വിവിധ ഓൺലൈൻ ടാസ്‌കുകൾ നൽകി വിശ്വാസം നേടിയ ശേഷം ക്യൂആർ കോഡുകൾ, ഫോൺപേ, വിവിധ ബാങ്ക് അക്കൗണ്ടുകൾ എന്നിവ വഴി പലതവണയായി പണം കൈമാറാൻ പ്രേരിപ്പിച്ചു. തട്ടിപ്പിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് വിദേശരാജ്യങ്ങളടക്കം സന്ദർശിച്ച് ആഡംബര ജീവിതം നയിക്കുന്നതാണ് പ്രതികളുടെ രീതിയെന്നും സംഘത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിച്ച് വരുകയായാണെന്ന് പൊലീസ് പറഞ്ഞു.
വെൺമണി സി.ഐ രാജേഷ് പി.യുടെ നേതൃത്വത്തിൽ എസ്.ഐമാരായ ബിജു. ഡി, സിവിൽ പൊലീസ് ഓഫീസർമാരായ വിജേഷ്, വിശാഖ് തമ്പി എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതികളെ പിടികൂടിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |