SignIn
Kerala Kaumudi Online
Sunday, 26 July 2026 3.30 AM IST

ഓപ്പറേഷൻ ക്ലീൻ മാവേലിക്കര: റോഡുകൾക്ക് പുതുമുഖം

1

മാവേലിക്കര : നഗരത്തിലെ ഗതാഗതക്കുരുക്കിനും കാൽനടയാത്രക്കാരുടെ ദുരിതത്തിനും പരിഹാരമായി നഗരസഭ നടപ്പിലാക്കിയ ഓപ്പറേഷൻ ക്ലീൻ മാവേലിക്കര പദ്ധതി വലിയ വിജയമാകുമ്പോഴും വിവാദങ്ങൾ വിട്ടൊഴിയുന്നില്ല. ​റോഡിന്റെ ഇരുവശങ്ങളിലുമുള്ള പാർക്കിംഗ് സൗകര്യങ്ങൾ കൃത്യമായി ഉപയോഗപ്പെടുത്താനും അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കാനും കഴിഞ്ഞതോടെ നഗരത്തിൽ യാത്ര ഇപ്പോൾ ഏറെക്കുറെ സുഗമമാണ്. പൊതുജനങ്ങളിൽ നിന്ന് പദ്ധതിക്ക് വലിയ പിന്തുണ ലഭിക്കുന്നുണ്ട്.
വർഷങ്ങളായി മാവേലിക്കര നഗരം നേരിട്ടിരുന്ന പ്രധാന പ്രശ്നമായിരുന്നു വഴിയോരക്കച്ചവടങ്ങൾ മൂലമുള്ള കടുത്ത ഗതാഗതക്കുരുക്ക്. അനധികൃതമായി പാതയോരങ്ങൾ കൈയേറിയത് മൂലം കാൽനടയാത്ര പോലും ദുഷ്കരമായിരുന്നു.

പദ്ധതിയുടെ മറവിൽ വൻതോതിലുള്ള പീഡനമാണ് നടക്കുന്നതെന്നാണ് വ്യാപാരികളുടെയും ഒരുവിഭാഗം ജനങ്ങളുടെയും ആക്ഷേപം. ചില കൗൺസിലർമാരുടെ വ്യക്തിവൈരാഗ്യം തീർക്കാനായി ഈ പദ്ധതിയെ ആയുധമാക്കുന്നു എന്ന ആരോപണം ഉയർന്നിട്ടുണ്ട്. ഹൈക്കോടതിയിൽ നിന്ന് അനുകൂലമായി 'സ്റ്റേ ഓർഡർ' സമ്പാദിച്ച കച്ചവടക്കാരെപ്പോലും അത് വകവെക്കാതെ ബലംപ്രയോഗിച്ച് ഒഴിപ്പിച്ചു എന്ന പരാതി നഗരസഭയെ പ്രതിരോധത്തിലാക്കിയിട്ടുണ്ട്. നഗരസഭയുടെ നടപടിക്കെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വ്യാപാരികൾ.
അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കുന്നതിനോട് എതിർപ്പില്ലെന്നും, എന്നാൽ അതിന്റെ പേരിൽ ചെറുകിട-വഴിയോര കച്ചവടക്കാരുടെ ഉപജീവനമാർഗ്ഗം പൂർണ്ണമായി തകർക്കുന്ന നടപടി അംഗീകരിക്കില്ലെന്നുമാണ് സമരക്കാരുടെ നിലപാട്. പുനരധിവാസ പദ്ധതികൾ കൃത്യമായി നടപ്പാക്കാതെ, ഏകപക്ഷീയമായി നടത്തുന്ന ഇത്തരം ഒഴിപ്പിക്കലുകൾക്കെതിരെ ശക്തമായ ജനകീയ പ്രതിരോധം തീർക്കാനാണ് വ്യാപാരി വ്യവസായി സംഘടനകളുടെയും പ്രതിപക്ഷത്തിന്റെയും തീരുമാനം.

എല്ലാം ഒഴിപ്പിക്കണം

 കയ്യേറ്റം ഒഴിപ്പിക്കുന്ന കാര്യത്തിൽ നഗരസഭ പക്ഷഭേദം കാണിക്കുന്നതായി ആരോപണം ഉയർന്നിരുന്നു

 ഇത് ശരിവെക്കുന്ന കാഴ്ചയാണ് മിനി സിവിൽ സ്റ്റേഷന് എതിർവശത്തുള്ള റോഡിലെ പൂന്തോട്ടം

 സ്വകാര്യവ്യക്തി റോഡ് കയ്യേറി സ്ഥാപിച്ചിട്ടുള്ള പൂന്തോട്ടം കാരണം ഈ ഭാഗത്ത് വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ സൗകര്യമില്ല

 ഇതിന്റെ ഇരുവശങ്ങളിലും ഉണ്ടായിരുന്ന ലോട്ടറി കച്ചവടക്കാരെയും തട്ടുകടക്കാരെയും ഒഴിപ്പിച്ചിരുന്നു

ഫോട്ടോ- അനധികൃത കച്ചവടക്കാരുടെ സാധനങ്ങൾ നഗരസഭ അധികൃർ നീക്കം ചെയ്യുന്നു

ചിത്രം- മിനി സിവിൽ സ്റ്റേഷന് എതിർവശത്ത് റോഡിലേക്ക് ഇറക്കി സ്ഥാപിച്ചിട്ടുള്ള പൂന്തോട്ടം

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL