SignIn
Kerala Kaumudi Online
Friday, 07 August 2026 4.35 AM IST

സെപ്ടിക് ടാങ്ക് മാലിന്യങ്ങൾ കലർന്നു, കുട്ടനാട്ടിൽ കുടിവെള്ളപ്രതിസന്ധി

ആലപ്പുഴ : കുട്ടനാട്ടിലെ 13 പഞ്ചായത്തുകളിൽ കൈനകരി ഒഴികെ പന്ത്രണ്ട് പഞ്ചായത്തുകളിലും നാമമാത്രമായ വീടുകളിൽ മാത്രമാണ് താമസക്കാർ അവശേഷിക്കുന്നത്. അതും വെള്ളം അകത്ത് കയറാത്ത തരത്തിൽ 2018ന് ശേഷം ഉയരം കൂട്ടി നിർമ്മിച്ച വീടുകളിൽ. മറ്റെല്ലാവരും ദുരിതാശ്വാസ കേന്ദ്രങ്ങളിലും ബന്ധുവീടുകളിലും നഗരത്തിലെ വാടകവീടുകളിലും അഭയംതേടി.

കുട്ടനാടിന്റെ വിവിധ പ്രദേശങ്ങളിൽ താമസം തുടരുന്നവർ നേരിടുന്ന പ്രധാന പ്രതിസന്ധി ശുദ്ധജല ലഭ്യതയാണ്. വർഷങ്ങൾക്ക് മുമ്പേ പ്രഖ്യാപിക്കപ്പെട്ട കുട്ടനാട് കുടിവെള്ള പദ്ധതി ഇനിയും യാഥാർത്ഥ്യമായിട്ടില്ലാത്ത താലൂക്കിൽ തിരുവല്ലയിലെ നീരറ്റുപുറം ജലശുദ്ധീകരണ പ്ലാന്റിൽ നിന്നാണ് പ്രധാനമായും കുടിവെള്ളം എത്തിക്കുന്നത്. ഇതിന് പുറമേ പള്ളാത്തുരുത്തി അടക്കമുള്ള പ്രദേശങ്ങളിലെ കുഴൽക്കിണറുകളിൽ നിന്ന് പമ്പ് ചെയ്യുന്ന വെള്ളവും ലഭ്യമാക്കിയാണ് പ്രതിസന്ധിയുടെ ആക്കം കുറച്ചിരുന്നത്. എന്നാൽ വെള്ളം പൊങ്ങിയതോടെ പലസ്ഥലങ്ങളിലും പമ്പ് പ്രവർത്തിപ്പിക്കാനാകാത്ത സ്ഥിതിയാണ്. വീടുകളിലെയടക്കം പൈപ്പ് ലൈനുകൾ വെള്ളത്തിൽ മുങ്ങി. ആർ.ഒ പ്ലാന്റുകൾ പ്രവർത്തനരഹിതമായി. ഭൂരിഭാഗം കുടിവെള്ളപൈപ്പുകളും പാടശേഖരങ്ങൾക്ക് അടിയിലൂടെയാണ് കടന്നുപോകുന്നത്. ചെളി നിറഞ്ഞ മണ്ണും വേലിയേറ്റവും കാരണം ഇവ പെട്ടെന്ന് നശിക്കുകയും വലിയ തോതിൽ ജലനഷ്ടം ഉണ്ടാവുകയും ചെയ്യുന്നുണ്ട്. പൈപ്പുകളിലെ പൊട്ടൽ വഴി മലിനജലം ലൈനുകളിലേക്ക് കടക്കാനും സാദ്ധ്യതയുണ്ട്. വെള്ളം പൊങ്ങിയതോടെ സെപ്റ്റിക് ടാങ്ക് മാലിന്യങ്ങൾ ഉൾപ്പടെ ജലസ്രോതസ്സുമായി കലർന്ന നിലയിലാണ്.

കൃഷി നടക്കുന്നതിനാലാണ് കൈനകരി മടവീഴ്ചയിൽ നിന്ന് രക്ഷപ്പെട്ടത്. കുട്ടനാട്ടിൽ ആരംഭിച്ച ദുരിതാശ്വാസ ക്യാമ്പുകളിൽ പോലും താമസിക്കാൻ കഴിയാത്ത തരത്തിൽ വെള്ളത്തിന്റെ വേലിയേറ്റമുണ്ടായതോടെ നിരവധി കുടുംബങ്ങളെയാണ് കഴിഞ്ഞദിവസം ആലപ്പുഴ നഗരത്തിലെ ക്യാമ്പിലേക്ക് മാറ്റിയത്.

കുടിവെള്ളം വീടുകളിലെത്തിക്കും

കുട്ടനാട്ടിലെ താമസക്കാർക്ക് എം.എൽ.എ റെജി ചെറിയാന്റെ നേതൃത്വത്തിൽ കുടിവെള്ളം സൗജന്യമായി വീടുകളിലെത്തിച്ചു നൽകുന്നുണ്ട്. കൂടാതെ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിൽ സ്ഥാപിച്ചിരിക്കുന്ന മഴവെള്ളസംഭരണികൾ പ്രയോജനപ്പെടുത്തുന്നുണ്ട്. എം.എൽ.എയുടെ ഓഫീസ് വളപ്പിൽ അയ്യായിരം ലിറ്റർ ശേഷിയുള്ള ആർ.ഒ പ്ലാന്റ് സ്ഥാപിച്ചു. വാഹനം എത്തുന്ന സമീപപ്രദേശങ്ങളിലെല്ലാം ഇവിടെ നിന്ന് ജലം എത്തിച്ചുനൽകുന്നുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL