ആലപ്പുഴ : പുഞ്ചകൃഷിയുടെ നെല്ല് സംഭരിച്ച വകയിൽ ലഭിക്കാനുള്ള പണത്തിന്റെ പകുതിയോളം തുക വെള്ളപ്പൊക്കക്കെടുതികൾക്കിടെ അനുവദിച്ചത് കർഷകർക്ക് ആശ്വാസമായി. കഴിഞ്ഞ ഏതാനുംദിവസമായി തകർത്തുപെയ്ത മഴയിലും കിഴക്കൻവെള്ളത്തിന്റെ വരവിലും കുട്ടനാട്ടിലാകമാനം കൃഷിനാശം വ്യാപകമായതിനിടെയാണ് ഇന്നലെ 150കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചത്.
നെൽവില വിതരണത്തിൽ 376 കോടിയിലേറെ രൂപയായിരുന്നു കുടിശ്ശിക. രണ്ടാം കൃഷിയുടെ വളപ്രയോഗവും ഇടനടീലുമുൾപ്പെടെയുള്ള ജോലികൾക്കിടെയാണ് ഏതാനും ദിവസങ്ങളായി തുടരുന്ന ശക്തമായ മഴയിലും കിഴക്കൻ വെള്ളത്തിന്റെ വരവിലും കുട്ടനാട് മുങ്ങിയത്.
കടം വാങ്ങിയും സ്വർണം പണയം വച്ചും കൃഷിയിറക്കിയ കർഷകർക്ക് കഴിഞ്ഞ സീസണിലെ പണം മാസങ്ങൾക്ക് ശേഷവും ലഭിക്കാതായതോടെ വളം-കീടനാശിനി പ്രയോഗങ്ങൾക്ക് പണമില്ലാത്ത സ്ഥിതിയാണ്. കൂലിച്ചെലവും രാസവളങ്ങളുടെയും കീടനാശിനിയുടെയും വില വർദ്ധനയുമുൾപ്പെടെ കൃഷി മുന്നോട്ട് കൊണ്ടുപോകാനാകാത്ത സ്ഥിതിയാണ്. ഉൽപ്പാദന ചെലവ് താരതമ്യേന കുറവായ തമിഴ്നാട്ടിൽപോലും നെല്ലിന് കിലോഗ്രാമിന് 35 രൂപയാണെന്നിരിക്കെ, കേരളത്തിൽ 30 രൂപ മാത്രമാണ് നെല്ലിന്റെ വിലയായി കർഷകർക്ക് ലഭിക്കുന്നത്.
ലഭിക്കുക കുടിശികയുടെ പകുതിയോളം
കഴിഞ്ഞ സീസണിലെ പുഞ്ചകൃഷിയിൽ 1,87,829 കർഷകരിൽ നിന്ന് 5.83 ലക്ഷം ടൺ നെല്ലാണ് സംഭരിച്ചത്
നെല്ല് സംഭരിച്ച് മാസങ്ങൾ പിന്നിട്ടിട്ടും വിലയായി 1380.66 കോടി രൂപ മാത്രമാണ് വിതരണം ചെയ്തിരുന്നത്
376.55 കോടി രൂപ കുടിശികയായിട്ടുള്ളതകൽ 150 കോടിയാണ് ഇപ്പോൾ അനുവദിച്ചിട്ടുള്ളത്
ഓണത്തിന് മുമ്പ് ബാക്കി പണം കൂടി അനുവദിച്ചാൽ കർഷകർക്ക് വളരെ ആശ്വാസകരമാകും
പുഞ്ച സീസണിൽ സംഭരിച്ച നെല്ല്
5.83 ലക്ഷം ടൺ
കഴിഞ്ഞ സീസണിലെ നെല്ലിന്റെ പണം ഈ സീസണിലെ രണ്ടാംകൃഷിയുടെ വളപ്രയോഗവും ഓണം സീസണുമായിട്ടും പൂർണമായും ലഭ്യമാക്കാൻ സർക്കാർ തയ്യാറാകാത്തത് പ്രതിഷേധാർഹമാണ്. വളത്തിനും കീടനാശിനി പ്രയോഗത്തിനും പണമില്ലാതെ കർഷകർ ദുരിതത്തിലാണ്. ഓണത്തിന് മുമ്പ് മുഴുവൻ പണവും വിതരണം ചെയ്യണം.
-സോണിച്ചൻ പുളിങ്കുന്ന്, വോയ്സ് ഫോർ ഗ്രേറ്റർ കുട്ടനാട്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |