SignIn
Kerala Kaumudi Online
Sunday, 30 August 2026 4.09 AM IST

പുറത്താക്കിയ ഉത്തരവ് മരവിപ്പിച്ചിട്ടും ശമ്പളമില്ല

ആലപ്പുഴ: തസ്തിക നഷ്ടത്തെത്തുടർന്ന് പ്രതിസന്ധിയിലായ ജില്ലയിലെ 22അദ്ധ്യാപകർ ശമ്പളം ലഭിക്കാതെ വലയുന്നു. കെ.എസ്.ടി.എയുടെ നേതൃത്വത്തിലുണ്ടായ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് ഇവർക്ക് അനുകൂല ഉത്തരവ് ഇറക്കിയെങ്കിലും ശമ്പളം നൽകുന്നതിനുള്ള തുടർനടപടികൾ ഡി.ഡി.ഇ ഓഫീസിൽനിന്ന് ഉണ്ടായില്ല. ഇതോടെ ഇവരുടെ ശമ്പളബിൽ എഴുതാൻ പ്രധാനാദ്ധ്യാപകരും തയ്യാറാകുന്നില്ല.

ഓണത്തിന് മുമ്പ് ശമ്പളം ലഭിക്കുമെന്ന പ്രതീക്ഷയിലായിരുന്നു ഇവർ. എന്നാൽ അതുണ്ടായില്ല. പി.എസ്.സി വഴി നിയമനം ലഭിച്ച 18 എൽ.പി സ്കൂൾ അദ്ധ്യാപകരും ഒരു ഹൈസ്കൂൾ അദ്ധ്യാപകനും മൂന്ന് സ്പെഷ്യലിസ്റ്റ് അദ്ധ്യാപകരുമാണ് ശമ്പളം കിട്ടാതെ വലയുന്നത്. സർക്കാർ ഉത്തരവ് അതത് ഓഫീസുകളിൽ എത്തിയിട്ടില്ലാത്തതിനാലാണ് ശമ്പളം നൽകുന്നതിൽ അനിശ്ചിതത്വം തുടരുന്നത്.

തസ്തിക നിർണയത്തെ തുടർന്ന് മാവേലിക്കര ഒഴികെയുള്ള 10 ഉപജില്ലകളിലെ മൂന്ന് സ്പെഷ്യലിസ്റ്റ് അദ്ധ്യാപകർ ഉൾപ്പെടെ 35 എൽ.പി സ്കൂൾ അദ്ധ്യാപകരെ ജൂലായ് 14ന് രാത്രി സർക്കാർ പിരിച്ചുവിട്ടിരുന്നു. പിന്നീട് ഒരു ഹൈസ്കൂൾ അദ്ധ്യാപകനെയും പിരിച്ചുവിട്ടു. തുടർന്ന് അദ്ധ്യാപക സംഘടനകൾ പ്രതിഷേധമുയർത്തിയതോടെ സർക്കാർ ഉത്തരവ് മരവിപ്പിക്കുകയായിരുന്നു.35 അദ്ധ്യാപകരിൽ 22 പേരാണ് ഇപ്പോൾ പുറത്തുനിൽക്കുന്നത്. ഇവരിൽ 20വ‌ർഷം വരെ സീനിയോറിട്ടിയുള്ള അദ്ധ്യാപകരുണ്ട്. ബാക്കിയുള്ള അദ്ധ്യാപകർ ഇവർ പഠിപ്പിച്ചിരുന്ന സ്കൂളുകളിൽ എച്ച്.എം പ്രമോഷൻ നടന്നതിനാൽ അവിടെ തന്നെ നിയമിക്കപ്പെട്ടു.

സ്ഥാനക്കയറ്റം നടക്കാത്ത് തിരിച്ചടി

 എച്ച്.എം പ്രമോഷൻ നടന്നാൽ പുറത്താക്കപ്പെട്ട അദ്ധ്യാപകർക്ക് തിരികെ ജോലിയിൽ പ്രവേശിക്കാനാവും. ഇനിയും 20ഓളം എച്ച്.എം സ്ഥാനക്കയറ്റം നടക്കാനുണ്ട്.

കെ.ടെറ്റുമായി ബന്ധപ്പെട്ട നിബന്ധനകളുള്ളതിനാൽ ഇത് വൈകുകയാണ്

 തസ്തിക നഷ്ടപ്പെട്ടവരെ ഡിവിഷൻ കൂട്ടി സ്കൂളുകളിലേക്കും ബി.ആർ.സി, എസ്.എസ്.കെ, കൈറ്റ് എന്നിവിടങ്ങളിലേക്കും മാറ്റിനിയമിച്ച് സമയബന്ധിത പ്രൊമോഷൻ ഉറപ്പാക്കിയാണ് സാധാരണയായി തസ്തിക നിർണയ പ്രതിസന്ധി പരിഹരിക്കാറുള്ളത്. ഇക്കാര്യത്തിൽ തുടർനടപടികൾ ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.

 തസ്തിക നഷ്ടമായവർ- 35

 നിയമനം ലഭിച്ചവർ- 13

 പുറത്ത് നിൽക്കുന്നവർ- 22

പി.എസ്.സി വഴി നിയമനം ലഭിച്ച അദ്ധ്യാപകരാണ് പുറത്ത് നിൽക്കുന്നത്. ഇവരുടെ ജോലി സുരക്ഷ ഉറപ്പാക്കണം. ശമ്പളം നൽകാനും തീരുമാനം ഉണ്ടാവണം

-അജിത് ടി.ജെ,​ ജില്ലാ സെക്രട്ടറി,​ കെ.എസ്.ടി.എ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL