ആലപ്പുഴ: നഗരത്തിലെ അനധികൃത കയ്യേറ്റങ്ങൾക്കെതിരെ നടപടി ആരംഭിച്ച് നഗരസഭ. തിങ്കളാഴ്ച മുതൽ പരിശോധന ശക്തമാക്കും. അനധികൃത കച്ചവടക്കാർ ഒഴിഞ്ഞ് പോകണമെന്ന് കാട്ടി കഴിഞ്ഞ ജൂലായ് 31നാണ് നഗരസഭ സർക്കുലർ ഇറക്കിയത്. തുടർന്ന് ഒരുവിഭാഗം കച്ചവടക്കാർ സ്വമേധയാ ഒഴിഞ്ഞുപോയിരുന്നു. ബാക്കിയുള്ളവർക്കെതിരെ നടപടി ആരംഭിച്ചു. ഓണത്തിനോട് അനുബന്ധിച്ച് നഗരത്തിലെ അഞ്ച് സർക്കിളുകൾ കേന്ദ്രീകരിച്ച് വ്യാപകമായി പരിശോധന നടത്തിയിരുന്നു. പത്തോളം കടകൾക്ക് പിഴ ഈടാക്കുകയും ചെയ്തു. അനധികൃതമായി സ്ഥാപിച്ചിട്ടുള്ള കടകൾ പൊളിച്ചുമാറ്റി. 5000 രൂപ വരെയാണ് പിഴ ചുമത്തിയത്. അടുത്ത ആഴ്ച വ്യാപകപരിശോധന നടത്തുമെന്നും അധികൃതർ പറഞ്ഞു. പൊതുസ്ഥലങ്ങളിൽ അനുമതിയില്ലാതെ പ്രവർത്തിക്കുന്നതും റോഡിലേക്ക് ഇറങ്ങിയുള്ളതുമായ എല്ലാ കച്ചവടക്കാരും അടിയന്തരമായി ഒഴിയണമെന്നാണ് നഗരസഭ നിർദ്ദേശം നൽകിയിരുന്നത്. നഗരത്തിൽ എല്ലാ കേന്ദ്രങ്ങളിലും തട്ടുകടകളും പഴം, പച്ചക്കറികൾ, മീൻ കച്ചവടകേന്ദ്രങ്ങളും വ്യാപകമാണ്. മുല്ലയ്ക്കൽ, വഴിച്ചേരി, പഴവീട്, കല്ലുപാലം എന്നിവിടങ്ങളിലാണ് അനധികൃത കച്ചവടക്കാർ കൂടുതൽ.
അപകടം വിളിച്ചുവരുത്തുന്നു
പെട്ടി വണ്ടികളിലും മറ്റുമായി റോഡിലേക്ക് ഇറക്കിയുള്ള കച്ചവടങ്ങൾ നഗരത്തിൽ വ്യാപകമാണ്
ഇത്തരം അനധികൃത കച്ചവടങ്ങൾ നിരവധി അപകടങ്ങൾക്കും വഴിവച്ചിട്ടുണ്ട്
പഴവീട്ടിൽ ബജിക്കടയ്ക്ക് മുമ്പിൽ നിന്നയാൾ വാഹനമിടിച്ച് മരിച്ചിരുന്നു
ഇതിന്റെ പശ്ചാത്തലത്തിലാണ് നഗരസഭ നടപടിയുമായി മുന്നോട്ടുപോകുന്നത്.
നഗരത്തിൽ വഴിയോരക്കച്ചവടക്കാർ
1000ൽ അധികം
അനധികൃത കച്ചവടക്കാരെ ഒഴിപ്പിക്കുന്ന നടപടി പുരോഗമിക്കുകയാണ്. ഹെൽത്ത് ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ സർക്കിളുകൾ കേന്ദ്രീകരിച്ചാണ് ഒഴിപ്പിക്കൽ നടക്കുന്നത്
- നഗരസഭ അധികൃതർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |