
മാന്നാർ: വൈദ്യുത തൂണുകളും വഴി വിളക്കുകളും കാടുകയറിയും വള്ളികൾ പടർന്നും പ്രകാശത്തിന് തടസമാകുന്നത് മൂലം ദുരിതത്തിൽ യാത്രക്കാർ. മാന്നാർ പഞ്ചായത്തിലെ കുറ്റിയിൽ ജംഗ്ഷൻ - അനന്തശിവക്ഷേത്രം റോഡിലും സ്റ്റോർ ജംഗ്ഷനിലെ ബസ് സ്റ്റാന്റിലുമാണ് സന്ധ്യ കഴിഞ്ഞാൽ അധികൃതരുടെ അനാസ്ഥ മൂലം ഇരുട്ടിലാവുന്നത്. മിൽമ ചില്ലിംഗ് പ്ലാന്റ്, പ്രമുഖ വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ, വിവാഹമണ്ഡപം, മാന്നാർ ടൗൺ എന്നിവിടങ്ങളിലേക്ക് പോകാൻ കുരട്ടിക്കാട് പ്രദേശത്തുള്ളവർ പ്രധാനമായി ആശ്രയിക്കുന്ന റോഡാണിത് . റോഡ് രാത്രിയിൽ സഞ്ചാരയോഗ്യമല്ലാതായതോടെ യാത്രക്കാരും പ്രദേശ വാസികളും
ഭീതിയുടെ നിഴലിലാണ്. ഇലക്ട്രിക് പോസ്റ്റുകളും ലൈനുകളും കാടും വള്ളിപടർപ്പുകളും പൂർണ്ണമായി മൂടിക്കിടക്കുന്നതിനൊപ്പം പോസ്റ്റുകളുടെ പരിസരവും കാടുപിടിച്ചു കിടക്കുന്നതിനാൽ ഈ പ്രദേശങ്ങൾ ഇഴജന്തുക്കളുടെയും തെരുവുനായ്ക്കളുടെയും വിഹാരകേന്ദ്രമായി മാറിയിരിക്കുകയാണ്. വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള ഇഴജന്തുക്കളുടെ ശല്യം മൂലം കാൽനടയാത്രക്കർ അപകട ഭീതിയിലാണ് സഞ്ചരിക്കുന്നത്.
.......................
#ദുരിതത്തിലാക്കി തകർന്ന റോഡുകളും
വഴി വിളക്കുകളുടെ പ്രകാശം ഇല്ലാത്തതിനൊപ്പം തകർന്ന റോഡുകളും ദുരിതം ഇരട്ടിയാക്കുന്നു. കുറ്റിയിൽ ജംഗ്ഷൻ- അനന്തശിവക്ഷേത്രം റോഡിൽ മിൽമ പ്ലാന്റിന് സമീപം മുതൽ റോഡ് പൂർണ്ണമായി തകർന്ന് പൊട്ടിപ്പൊളിഞ്ഞ അവസ്ഥയിലാണ്. മഴക്കാലമാകുന്നതോടെ കുഴികളിലെ വെള്ളക്കെട്ടിൽ വീണ് ഇരുചക്ര വാഹനയാത്രക്കാർ അപകടത്തിൽപ്പെടുന്നതും പതിവാണ്. റോഡിലെ വലിയ കുഴികളും ഒപ്പം കൂരിരുട്ടും യാത്രക്കാരെ ദുരിതത്തിലാക്കുമ്പോൾ അധികൃതരുടെ നിസംഗത തുടരുകയാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |