
തുറവൂർ: ഉയരപ്പാത നിർമ്മാണം നടക്കുന്ന ദേശീയപാതയോരത്തെ കാനയ്ക്ക് മുകളിലെ കോൺക്രീറ്റ് സ്ലാബ് തകർന്ന് ശുദ്ധജല ടാങ്കർ ലോറിയുടെ പിൻചക്രം കുടുങ്ങി. എരമല്ലൂർ ഒരു ഹോട്ടലിലേക്ക് വെള്ളവുമായി എത്തിയ ലോറിയുടെ ഇടതുവശത്തെ പിൻടയറാണ് കാനയിലേക്ക് താഴ്ന്നത്. വെള്ളിയാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. തുടർന്ന് മണ്ണുമാന്തിയന്ത്രത്തിന്റെ സഹായത്തോടെയാണ് വാഹനം പുറത്തെടുത്തത്. ഉയരപ്പാത നിർമ്മാണത്തിന്റെ ഭാഗമായി ദേശീയപാതയുടെ ഇരുവശങ്ങളിലും നിർമ്മിച്ച കാനകളെ സംബന്ധിച്ച് നേരത്തെയും വ്യാപക പരാതികൾ ഉയർന്നിരുന്നു. ചരക്കുവാഹനങ്ങൾ കയറിയിറങ്ങുന്ന സ്ഥലങ്ങളിൽ സ്ലാബുകൾ തകരുകയും വാഹനങ്ങൾ കാനയിൽ കുടുങ്ങുകയും ചെയ്യുന്നത് പതിവായിരിക്കുകയാണെന്ന് പ്രദേശവാസികൾ പറഞ്ഞു. കാനയ്ക്ക് മുകളിലെ സ്ലാബുകളുടെ ഗുണനിലവാരം പരിശോധിക്കണമെന്നും നിർമ്മാണത്തിലെ അപാകതകൾ സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് നാട്ടുകാർ അധികൃതർക്ക് നിരവധി തവണ പരാതി നൽകിയിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |