കായംകുളം: കായംകുളം സ്വപ്നം കണ്ട ദേശീയ പാതയിലെ ഉയരപ്പാത യാഥാർത്ഥ്യത്തിലേക്ക്. ദേശീയപാത 66ൽ കായംകുളത്ത് ഉയരപ്പാത നിർമ്മിക്കാൻ തത്വത്തിൽ ധാരണയായതായി പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ, കായംകുളം എം.എൽ.എയും സഹകരണ എക്സൈസ് മന്ത്രിയുമായ എം ലിജുവിനെ അറിയിച്ചു. കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിൻ ഗഡ്കരിയുമായി ഡൽഹിയിൽ പൊതുമരാമത്ത് മന്ത്രി നടത്തിയ ചർച്ചയിലാണ് ഇക്കാര്യത്തിൽ ധാരണയായത്. മന്ത്രി എം.ലിജുവും ആലപ്പുഴ എം.പി കെ.സി വേണുഗോപാലും നടത്തിയ നിരന്തര ഇടപെടലുകളും ഒരിക്കലും വരില്ലന്ന് കരുതിയ ഉയരപ്പാതയുടെ സാഫല്യത്തിന് കാരണമായി.
കായംകുളത്തെ രണ്ടായി വെട്ടിമുറിക്കുന്ന നിലവിലെ നിർമ്മാണം നിർത്തിവച്ച്, കരാർ റദ്ദാക്കി ഉടൻ റീ- ടെൻഡർ വിളിച്ച് ഉയരപ്പാതയ്ക്ക് അനുയോജ്യമായ രൂപകൽപ്പന തയ്യാറാക്കുമെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ ബഷീർ, മന്ത്രി എം ലിജുവിന് ഉറപ്പുനൽകിയിട്ടുണ്ട്. കായംകുളത്ത് സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനും പ്രദേശവാസികളുടെ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനും ഇത് ഏറെ സഹായകരമാകും. ഇക്കാര്യം ആവശ്യപ്പെട്ട് മന്ത്രി എം. ലിജു നേരത്തെ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയെയും നേരിൽ കണ്ടിരുന്നു.
കൊല്ലം-ആലപ്പുഴ ജില്ലകൾക്കിടയിലെ പ്രധാന നഗരങ്ങളിലൊന്നായ കായംകുളം, ദേശീയപാതയെയും റെയിൽവേ സ്റ്റേഷനെയും ജലഗതാഗതത്തെയും ബന്ധിപ്പിക്കുന്ന പ്രധാന കണ്ണി കൂടിയാണ്. ഇവിടെ നിലവിൽ ദേശീയപാതയിൽ നടക്കുന്ന നിർമ്മാണം നഗരത്തെ രണ്ടായി വെട്ടിമുറിക്കുമെന്നതിനാലാണ് ഉയരപ്പാതയെന്ന ആവശ്യം ഏറെനാളായി ഉയർന്നുകേൾക്കുന്നത്.
സുരക്ഷിതം, സുസ്ഥിരം
# കാൽനടക്കാർ, വിദ്യാർത്ഥികൾ, വ്യാപാരികൾ, അടിയന്തര സേവന വാഹനങ്ങൾ തുടങ്ങിയവ നേരിടുന്ന ഗതാഗതക്കുരുക്കിന് ഉയരപ്പാത വരുന്നതോടെ പരിഹാരമാകും
# തൂണുകളിൽ നിർമ്മിക്കുന്ന ഉയരപ്പാത കിഴക്ക് പടിഞ്ഞാറ് ഭാഗങ്ങൾ തമ്മിലുള്ള തടസമില്ലാത്ത ഗതാഗതം ഉറപ്പാക്കുമെന്ന് മാത്രമല്ല, കൂടുതൽ സുരക്ഷിതവും സുസ്ഥിരവുമായ പരിഹാരമുണ്ടാക്കുകയും ചെയ്യും
# സുനാമി ബാധിച്ച മേഖലയാണ് കായംകുളം. ഭാവിയിൽ ഏതെങ്കിലും പ്രകൃതിദുരന്തങ്ങളോ, വെള്ളപ്പൊക്കമോ, അടിയന്തര സാഹചര്യങ്ങളോ ഉണ്ടായാൽ തടസ്സമില്ലാത്ത രക്ഷാപ്രവർത്തനം നടത്താൻ സഹായിക്കും
# അടിയന്തര സേവനങ്ങൾക്കും വാഹനങ്ങൾ ഒഴിപ്പിക്കുന്നതിനും ഉയരപ്പാത ഏറെ സഹായകരമാകും. ഇത് പൊതുജനസുരക്ഷയും ദുരന്തനിവാരണ ശേഷിയും വർദ്ധിപ്പിക്കുകയും ചെയ്യും
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |