SignIn
Kerala Kaumudi Online
Saturday, 03 October 2026 2.09 AM IST

കരിഞ്ചന്തയിലെ മണ്ണെണ്ണ എൻജിൻ കളയുമോ?

ആലപ്പുഴ: മണ്ണെണ്ണ വിഹിതം വെട്ടിക്കുറച്ചതോടെ ജില്ലയിലെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ദുരിതത്തിൽ.ആവശ്യത്തിന് ലഭിക്കാത്തതിനാൽ കരിഞ്ചന്തയിൽ നിന്ന് മണ്ണെണ്ണ വാങ്ങേണ്ട ഗതികേടിലാണ് തൊഴിലാളികൾ. കരിഞ്ചന്തയിൽ ലിറ്ററിന് 125 രൂപയ്ക്ക് മണ്ണെണ്ണ ലഭിക്കുന്നുണ്ടെങ്കിലും ഗുണനിലവാരത്തെക്കുറിച്ച് മത്സ്യത്തൊഴിലാളികൾക്ക് ആശങ്കയുണ്ട്.കരട് അടങ്ങിയ മണ്ണെണ്ണ ലഭിക്കുന്നതിനാൽ എൻജിന് തകരാർ സംഭവിക്കാൻ സാദ്ധ്യതയുണ്ട്.

ഒരു വള്ളം കടലിൽ ഇറക്കാൻ എൻജിന്റെ ശേഷിയനുസരിച്ച് 40 മുതൽ130 ലിറ്റർ വരെ മണ്ണെണ്ണ ആവശ്യമാണ്. ജില്ലയിൽ 2127 മണ്ണെണ്ണ പെർമിറ്റുകളാണുള്ളത്. പെട്രോളിയം ഉത്പന്നങ്ങളായ പെട്രോളിനും ഡീസലിനും ലിറ്ററിന് യഥാക്രമം ഏകദേശം 115 രൂപയും 103 രൂപയും വിലയുള്ളപ്പോഴാണ് മറ്റൊരു ഉത്പന്നമായ മണ്ണെണ്ണ മത്സ്യത്തൊഴിലാളികൾക്ക് ലിറ്ററിന് 152 രൂപയ്ക്ക് നൽകുന്നതെന്നും തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു. ഇന്ധനച്ചെലവ് വലിയ ബാദ്ധ്യതയായിരിക്കെ മണ്ണെണ്ണ വിഹിതം കൂടി വെട്ടിക്കുറച്ചത് പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനത്തെ നേരിട്ട് ബാധിക്കുന്നതായും ഇവർ പറയുന്നു.

കരിഞ്ചന്തയിലെ എണ്ണയിൽ കരട്

 22 കുതിരശക്തിയുള്ള വള്ളങ്ങൾക്ക് 102 ലിറ്ററും 14 കുതിരശക്തിയുള്ള വള്ളങ്ങൾക്ക് 75 ലിറ്ററും 10 കുതിരശക്തിയുള്ള വള്ളങ്ങൾക്ക് 50 ലിറ്ററുമാണ് പെർമിറ്റ്

 എന്നാൽ ഒരു വള്ളത്തിന് ഒരുതവണ പോയി വരാൻ തന്നെ ശരാശരി 100 ലിറ്ററോളം മണ്ണെണ്ണ ആവശ്യമായി വരും

 അനുവദിച്ച അളവിൽ കൂടുതൽ മണ്ണെണ്ണ ആവശ്യമുണ്ടെങ്കിൽ ലിറ്ററിന് 152 രൂപ നൽകണം.

 മത്സ്യഫെഡ് വഴിയാണ് ലിറ്ററിന് 152രൂപ നിരക്കിൽ മണ്ണെണ്ണ ലഭിക്കുന്നത്. ഇതിൽ 50 രൂപ സബ്‌സിഡിയാണ്

 എന്നാൽ ആവശ്യത്തിന് മണ്ണെണ്ണ ലഭിക്കാത്ത സാഹചര്യത്തിൽ തൊഴിലാളികൾ കരിഞ്ചന്തയെ ആശ്രയിക്കേണ്ടി വരുന്നു

കരിഞ്ചന്തയിൽ വില (ലിറ്ററിന്)

₹125


മണ്ണെണ്ണ വിതരണം സർവീസ് സെക്ടറിലാക്കണം. കരിഞ്ചന്തയിൽ നിന്ന് മണ്ണെണ്ണ വാങ്ങുന്നതിന്റെ ദൂഷ്യവശങ്ങളെ പറ്റി മത്സ്യത്തൊഴിലാളികൾക്ക് ക്ലാസ് നൽകണം

-എ.ആർ. കണ്ണൻ,സംസ്ഥാന ജനറൽ സെക്രട്ടറി

മത്സ്യത്തൊഴിലാളി കോൺഗ്രസ്

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL