SignIn
Kerala Kaumudi Online
Saturday, 03 October 2026 2.09 AM IST

വിത്ത് എത്തിയില്ല, വിത വൈകുന്നു

ആലപ്പുഴ: പുഞ്ചകൃഷിയ്ക്കുള്ള ഒരുക്കങ്ങൾ പുരോഗമിക്കുമ്പോഴും വിത്ത് എത്താത്തത് കുട്ടനാട്ടിൽ കർഷകരെ ആശങ്കയിലാക്കുന്നു. കുട്ടനാട്ടിൽ പരമാവധി 30,​000 ഹെക്ടർ നിലത്ത് പുഞ്ചക്കൃഷിയുടെ വിത ഈമാസം 27ന് ആരംഭിക്കാനാണ് പാടശേഖരസമിതികളുടെ തീരുമാനം. എങ്കിലേ ഫെബ്രുവരിയിൽ വിളവെടുപ്പ് ആരംഭിക്കാനാകൂ. ഒരു ഏക്കറിന് 40കിലോ വിത്തെന്ന ക്രമത്തിൽ ഹെക്ടറിന് 100 കിലോ വിത്ത് വേണ്ടിവരും. ഡി.1 (ഉമ )​ ഇനം വിത്താണ് കൃഷി വകുപ്പ് വിതരണം ചെയ്യുന്നത്. കി.ഗ്രാമിന് 42 രൂപയാണ് വില. സംസ്കരിച്ച നെൽവിത്ത് പാലക്കാട് കൊല്ലങ്കോട്ടെ വിവിധ കർഷകരുടെ കളങ്ങളിലുണ്ട്. കൊയ്ത്തിന് ശേഷം കിളിർപ്പിന് അനുയോജ്യമാം വിധം 13ശതമാനമാക്കി ഉണക്കി സൂക്ഷിച്ചിരിക്കുന്ന നെൽവിത്ത് സംസ്കരണ കേന്ദ്രങ്ങളിലെത്തിച്ച് 30കിലോ വീതമുള്ള ബാഗുകളാക്കി വാഹനത്തിൽ കയറ്റിവേണം കുട്ടനാട്ടിലെത്തിക്കാൻ. വിത്തിന്റെ വില കർഷകർക്ക് നൽകി വാഹനങ്ങളുടെ ടെൻഡർ നടപടികളും പൂർത്തിയാക്കിയാലേ ഈ നടപടിക്രമങ്ങൾ ആരംഭിക്കാനാകൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ രണ്ടാഴ്ചയെങ്കിലും ഇതിനായി വേണ്ടിവരുമെന്നാണ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ അനൗദ്യോഗികമായി നൽകുന്ന വിവരം.

നെൽവിത്തിന്റെ ക്ഷാമം കണക്കിലെടുത്ത് കുട്ടനാട്ടിൽ വിത്ത് കൈവശമുള്ളവർ വിലയും കൂട്ടിയിട്ടുണ്ട്. കിലോഗ്രാമിന് 42 രൂപയ്ക്ക് ലഭിച്ചിരുന്ന വിത്തിന് ചിലർ 48, 50 രൂപവരെ ആവശ്യപ്പെടുന്നതായാണ് വിവരം. വിത്ത് വിതരണം നീളുകയും വിത വൈകുകയും ചെയ്താൽ കൊടുംചൂടും വേലിയേറ്റവും വിളവിനെ ബാധിക്കും.

സംഭരണവും വിതരണവും വൈകി

1. കൃഷി വകുപ്പിന്റെ കീഴിലുള്ള സീഡ് അതോറിട്ടിയുടെ നേതൃത്വത്തിൽ പാലക്കാട്ടെ പാടശേഖരങ്ങളിൽ നിന്ന് വിത്ത് സംഭരിച്ച് എത്തിക്കുന്നതിൽ കാലതാമസമുണ്ടായി

2. വിത്ത് ഉൽപ്പാദിപ്പിക്കുന്ന കർഷകർക്ക് വില ലഭ്യമാക്കുന്നതിലെയും വിതരണത്തിനുള്ള വാഹനത്തിന്റെ ടെൻഡർ നടപടികളിലെയും താമസമാണ് വിനയായത്

3. ആവശ്യമായ മുഴുവൻ വിത്തും സീഡ് അതോറിട്ടിയിൽ നിന്ന് ലഭിച്ചില്ലെങ്കിൽ കാർഷിക സർവകലാശാലയിൽ നിന്നോ പരമ്പരാഗത കർഷകരിൽ നിന്നോ വാങ്ങേണ്ടിവരും

ഒരേക്കറിലേക്ക് വേണ്ട വിത്ത് (കി.ഗ്രാമിൽ)

40 കി.ഗ്രാം

കഴിഞ്ഞ പുഞ്ചകൃഷിയുടെ പണം ലഭിക്കാത്തതിന്റെ പേരിൽ സാമ്പത്തിക ബുദ്ധിമുട്ട് നേരിടുന്ന കർഷകർ വിത്ത് കൂടി ലഭ്യമാകാത്ത സാഹചര്യത്തിൽ ആകെ ദുരിതത്തിലാണ്. കൃഷി വകുപ്പ് ഉദ്യോഗസ്ഥരുടെ അലംഭാവമാണ് ഇത്തരം പ്രശ്നങ്ങൾക്ക് കാരണം. ഗുണമേൻമയുള്ള വിത്ത് ലഭ്യമാക്കാൻ സർക്കാർ ഇടപെടണം

- സോണിച്ചൻ പുളിങ്കുന്ന്,​ വോയ്സ് ഓഫ് ഗ്രേറ്റർ കുട്ടനാട് കർഷക കൂട്ടായ്മ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL