ആലപ്പുഴ: വയോജനദിനത്തിൽ കാരുണ്യവുമായി റവന്യൂ വകുപ്പ്. കളക്ടറേറ്റ് വളപ്പിലെ വൻമരം കടപുഴകി വീണതിനെ തുടർന്ന് പരിക്കുപറ്റിയ 85 കാരിയായ റിട്ട.അദ്ധ്യാപിക പഴവീട് സായികൃപയിൽ സരസ്വതി അമ്മയ്ക്കും പഴവീട് പൊങ്ങൻ ചിറയിൽ വാടകയ്ക്ക് താമസിച്ചിരുന്ന ലതയ്ക്കും വയോജന ദിനത്തിൽ റവന്യൂ അധികൃതർ വീട്ടിലെത്തി സഹായ ധനമായി 5,400 രൂപ വീതം വിതരണം ചെയ്തു. 2026 ജൂൺ 25നായിരുന്നു അപകടം .
സാമ്പത്തികമായി ബുദ്ധിമുട്ടിൽ കഴിയുന്ന ലത റേഷൻ കാർഡ് ലഭിക്കുന്നതിനുവേണ്ടി കളക്ടറെ കാണാനാണ് കളക്ടറേറ്റിലെത്തിയത്.
സരസ്വതി അമ്മ പെൻഷൻ കാര്യങ്ങളുമായും വന്നതായിരുന്നു. ഓട്ടോറിക്ഷയിൽ നിന്ന് കളക്ടറേറ്റ് ഗേറ്റിന് സമീപം ഇറങ്ങുന്നതിനിടെയാണ് ഓട്ടോറിക്ഷയുടെ മുകളിലേക്ക് വൻമരം വീണത്. ഓട്ടോറിക്ഷയും തകർന്നെങ്കിലും നഷ്ടപരിഹാരമായി ഒന്നും തന്നെ നൽകിയില്ല. അപകടത്തിൽ പരിക്കേറ്റവർക്ക് ധനസഹായം നൽകാതിരുന്നത് സാമൂഹ്യ പ്രവർത്തകനായ ചന്ദ്രദാസ് കേശവപിള്ള മുഖ്യമന്ത്രിയുടെയും ജില്ലാ കളക്ടറുടെയും ശ്രദ്ധയിൽപ്പെടുത്തിയതിനെത്തുടർന്നാണ് നടപടികൾ ആരംഭിച്ചത്. ദുരന്ത സാഹചര്യങ്ങളിൽ അടിയന്തര കാര്യങ്ങൾക്ക് നൽകുന്ന സംസ്ഥാന ദുരന്ത പ്രതികരണ നിധിയിൽ നിന്നുമാണ് ഫണ്ട് അനുവദിച്ചത്.
തുക വയോജന ദിനമായ ഇന്നലെ പഴവീട് വില്ലേജ് ഓഫീസറായ ഡിജി വീടുകളിൽ എത്തി വിതരണം ചെയ്തു. സ്വന്തമായി വീടോ ഭൂമിയോ ഇല്ലാത്തതും ഹൃദ്രോഗിയുമായ ലതയ്ക്ക് ഈ തുക പര്യാപ്തമല്ലെന്നും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും കൂടുതൽ തുക അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് അപേക്ഷ നൽകുമെന്നും ചന്ദ്രദാസ് കേശവപിള്ള അറിയിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |