
എരമല്ലൂർ: അരൂർ -തുറവൂർ ഉയരപ്പാതയ്ക്ക് സമീപം ദേശീയപാതയോരത്ത്
കതിരണിഞ്ഞുനിൽക്കുന്ന നെൽപ്പാടം ആരുടെയും മനസുനിറയ്‌ക്കും.
എരമല്ലൂർ കാഞ്ഞിരത്തുങ്കൽ ഘണ്ടാകർണ്ണാ ദേവീക്ഷേത്രാങ്കണത്തോട് ചേർന്നുള്ള കരഭൂമിയിലാണ് പാടം കതിരിട്ട് നിൽക്കുന്നത്.
എഴുപുന്ന കൃഷി ഭവനിലെ കൃഷി അസിസ്റ്റന്റായ വലിയമല സുരേഷ്, തമിഴ്നാട്ടിലെ അംബ മേഖലയിൽ നിന്ന് മൂന്നു മാസം കൊണ്ട് വിളവെടുക്കാവുന്ന നെൽവിത്ത് കൃഷി ഭവനിലെത്തിക്കുകയും, അത്
കൃഷി ഓഫീസർ ഫാത്തിമ റഹിയാനത്ത്, ലിജി എന്നിവരുടെ സഹായത്തോടെ മുളപ്പിച്ചെടുക്കുകയുമായിരുന്നു. എസ്.എൻ.ഡി.പി യോഗം 671-ാം നമ്പർ എരമല്ലൂർ ശാഖ കൃഷിക്ക് ആവശ്യമായ സ്ഥലവും നൽകി. എഴുപുന്ന ഗ്രാമപഞ്ചായത്ത് ഭരണസമിതി, ക്ഷേത്രം ഭാരവാഹികളായ പ്രസിഡന്റ് കെ.പി ഹരിഹരൻ, വൈസ് പ്രസിഡന്റ് ഷാബു രാജ്, സെക്രട്ടറി കെ.കെ ഷാജി, ശ്രീനിവാസൻ തുടങ്ങിയവരുടെ പരിചരണവും കൃഷി ഭവന്റെ സഹകരണവും കൂടി ലഭിച്ചതോടെ കരനെൽകൃഷിയിൽ നൂറുമേനി വിളഞ്ഞു. വൃശ്ചിക പുലരിയിൽ കൊയ്യാനാകുമെന്ന ഉത്സാഹത്തിലാണ് ക്ഷേത്രം ഭാരവാഹികൾ.
ക്ഷേത്രമുറ്റത്തെ നെൽകൃഷി വിജയകരമായതോടെ പഞ്ചായത്തിലെ മുഴുവൻ വാർഡുകളിലും കരനെൽകൃഷി ചെയ്യാൻ താല്പര്യമുള്ളവർ മുന്നോട്ടുവന്നിരിക്കുകയാണ്. ഇവർക്ക് എല്ലാവിധ സഹായവും ചെയ്യുമെന്നും തരിശായിക്കിടക്കുന്ന പൊക്കാളി കൃഷി പാടങ്ങളിൽ നെൽകൃഷി പുനരാരംഭിക്കാൻ ബ്ളോക്ക് പഞ്ചായത്തിലൂടെ പദ്ധതി നടപ്പിലാക്കാനുള്ള പ്രാരംഭ നടപടികൾ ആരംഭിച്ചതായും പഞ്ചായത്ത് പ്രസിഡന്റ് ബിന്ദുഷാജി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |