SignIn
Kerala Kaumudi Online
Sunday, 25 October 2026 6.00 AM IST

പ്രവേശനഫീസ് തർക്കം, മുട്ടവരവ് പ്രതിസന്ധിയിൽ

ആലപ്പുഴ: അതിർത്തിയിലെ പ്രവേശനഫീസ് തർക്കം അയൽസംസ്ഥാനങ്ങളിൽനിന്നുള്ള മുട്ടവരവിന് വിലങ്ങുതടിയാകുന്നു. തമിഴ്‌നാട്ടിൽനിന്ന് മുട്ടയുമായി എത്തിയ ലോറികൾ ആര്യങ്കാവ് ചെക്ക്‌ പോസ്റ്റിൽ തടഞ്ഞതോടെ വിതരണത്തെക്കുറിച്ചും വിലസ്ഥിരതയെക്കുറിച്ചുമുള്ള ആശങ്ക ശക്തമായി. മുട്ടയൊന്നിന് രണ്ടു പൈസ നിരക്കിൽ പ്രവേശനഫീസ് ഈടാക്കുന്നതിനെതിരെയാണ് വ്യാപാരികളുടെ പ്രതിഷേധം.

ഫീസ് ഈടാക്കുന്നത് വിതരണച്ചെലവ് വർദ്ധിപ്പിക്കുമെന്നും അതിന്റെ ഭാരം ഉപഭോക്താക്കളിലേക്കും എത്തുമെന്നും വ്യാപാരികൾ ചൂണ്ടിക്കാട്ടുന്നു കേരളത്തിലെ മുട്ട ഉത്പാദനവും ഉപഭോഗവും തമ്മിലുള്ള വലിയ അന്തരമാണ് അയൽസംസ്ഥാനങ്ങളെ ആശ്രയിക്കാൻ കാരണം. സർക്കാരിന്റെ 2026ലെ സാമ്പത്തിക അവലോകന റിപ്പോർട്ട് പ്രകാരം 2024-25ൽ സംസ്ഥാനത്ത് 251 കോടി മുട്ടയാണ് ഉത്പാദിപ്പിച്ചത്. വാർഷിക ആവശ്യം ഏകദേശം 580 കോടി മുട്ടയാണ്. പ്രതിവർഷം 300 കോടി കോഴിമുട്ടയും 40 കോടി താറാവുമുട്ടയും അന്യസംസ്ഥാനങ്ങളിൽ നിന്ന് എത്തുന്നുണ്ടെന്നാണ് കണക്ക്.

സംസ്ഥാനത്ത് പ്രതിദിനം ശരാശരി രണ്ടുകോടി മുട്ടയുടെ ആവശ്യമുണ്ട്. ആലപ്പുഴയിൽ മാത്രം ദിവസേന ഏഴുലക്ഷത്തോളം മുട്ട വേണ്ടിവരുന്നു.

അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാൻ സംസ്ഥാനത്തെ മുട്ട ഉത്പാദനം വർദ്ധിപ്പിക്കണമെന്ന ആവശ്യവും ശക്തമാണ്. കൂടുതൽ കോഴിവളർത്തൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനൊപ്പം കർഷകർക്ക് ആവശ്യമായ സഹായം, കോഴിത്തീറ്റയുടെ ലഭ്യത, സംഭരണ-വിപണന സൗകര്യങ്ങൾ എന്നിവ ഉറപ്പാക്കണം.

 2024 ആഗസ്റ്റ് ഒന്നുമുതൽ പ്രവേശനഫീസ് ഏർപ്പെടുത്താൻ തീരുമാനിച്ചിരുന്നെങ്കിലും പ്രതിഷേധമുയർന്നതോടെ നടപടികൾ നിറുത്തിവച്ചിരുന്നു

 മുട്ടയ്ക്ക് ജി.എസ്.ടി. ബാധകമല്ലാത്ത സാഹചര്യത്തിൽ മറ്റൊരു പേരിൽ ഫീസ് ഈടാക്കുന്നത് നിയമവിരുദ്ധമാണെന്നാണ് വ്യാപാരികളുടെ നിലപാട്

 മുട്ടവരവിലുണ്ടാകുന്ന തടസങ്ങൾ വിപണിയിലെ ലഭ്യതയെ ബാധിക്കാം. ഗതാഗതച്ചെലവ് കൂടുന്നത് മൊത്തവിലയിലും ചില്ലറവിലയിലും പ്രതിഫലിക്കും

 വീടുകളിലെ ഉപഭോഗത്തിനൊപ്പം ഹോട്ടലുകൾ, ബേക്കറികൾ, ഭക്ഷ്യനിർമ്മാണ യൂണിറ്റുകൾ എന്നിവയുടെ ചെലവുകളെയും വിലമാറ്റം ബാധിക്കും

2024-25ൽ ഉത്പാദിപ്പിച്ച മുട്ട- 251 കോടി

വാർഷിക ആവശ്യം- 580 കോടി

പ്രതിദിന ആവശ്യം- 2 കോടി

തമിഴ്‌നാട്ടിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവരുന്ന മുട്ടയ്ക്ക് ഏർപ്പെടുത്തിയിരിക്കുന്ന താത്ക്കാലിക നികുതിയുമായി ബന്ധപ്പെട്ട ഉത്തരവുകൾ സർക്കാർ പുനഃപരിശോധിക്കണം. മുട്ടയുടെ തടസമില്ലാത്ത വിതരണം ഉറപ്പാക്കണം

എസ്.കെ. നസീർ

ജനറൽ സെക്രട്ടറി

ഓൾ കേരള പൗൾട്രി ഫെഡറേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL