
ചാരുംമൂട് : ചാരുംമൂട് ജംഗ്ഷന് പടിഞ്ഞാറ് ബസ് സ്റ്റാൻഡിനു സമീപം കെ.പി റോഡരികിലെ ഉയരമുള്ള മരങ്ങളിൽ കൂട്ടമായി തമ്പടിച്ചിരിക്കുന്ന ദേശാടനപ്പക്ഷികളുടെ കാഷ്ഠം വീഴുന്നത് പ്രദേശത്തെ ദുർഗന്ധത്തിൽ മുക്കുന്നു. യാത്രക്കാരുടെ ശരീരത്തിൽ പക്ഷി കാഷ്ഠം വീഴുന്നത് പതിവാണ്.
ഇരുചക്ര വാഹന യാത്രക്കാരാണ് ഏറ്റവും കൂടുതൽ ദുരിതമനുഭവിക്കുന്നത്.
മരങ്ങളുടെ ചുവട്ടിലൂടെ കടന്നുപോകുമ്പോൾ കാഷ്ഠം ദേഹത്തും വസ്ത്രങ്ങളിലുമെല്ലാം വീഴുന്നത് പതിവാണെന്ന് കാൽനടയാത്രക്കാർ പറയുന്നു. സമീപം പ്രവർത്തിക്കുന്ന സ്‌കൂളിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും വളരെയേറെ ബുദ്ധിമുട്ടുന്നുണ്ട്. ദുർഗന്ധവും കാഷ്ഠം ശരീരത്ത് വീഴുമെന്ന ഭയവും കാരണം യാത്രക്കാർ ബസ് സ്റ്റാൻഡിൽ നിൽക്കാൻ മടിക്കുകയാണ്.
മേയ് അവസാനത്തോടെയാണ് കൊക്ക് വർഗ്ഗത്തിലുള്ള ദേശാടനക്കിളികൾ കൂട്ടമായി ഇവിടെ എത്തുന്നത്. നവംബർ മാസം വരെ ഇവ ഇവിടെയുണ്ടാകും. നൂറനാട് കരിങ്ങാലി പുഞ്ച, ചുനക്കര പുഞ്ച തുടങ്ങിയ പാടശേഖരങ്ങളിലെ മത്സ്യലഭ്യതയാണ് ദേശാടനക്കിളികളെ ഇവിടേയ്ക്ക് ആകർഷിക്കുന്നത്.
കടക്കാരും ബുദ്ധിമുട്ടിൽ
സമീപത്തെ വ്യാപാര സ്ഥാപനങ്ങളെയും ഈ പ്രശ്നം സാരമായി ബാധിച്ചിട്ടുണ്ട് കടകൾക്ക് മുന്നിൽ കാഷ്ഠം വീഴുന്നതിനാൽ ഉപഭോക്താക്കളുടെ വരവ് കുറഞ്ഞു. മരത്തിനോട് തൊട്ടടുത്തുള്ള ചില കടമുറികൾക്ക് വാടകക്കാരെ ലഭിക്കാത്ത അവസ്ഥയുമുണ്ട്.
ശുചിത്വത്തെയും, കച്ചവടത്തെയും ബാധിക്കുന്ന ഈ പ്രശ്നത്തിൽ അധികൃതർ അടിയന്തരമായി ഇടപെട്ട് ശാശ്വത പരിഹാരം കണ്ടെത്തണം.
ഇസ്മയിൽ സോൺ , കെ.വി.വി.ഇ.എസ് യൂത്ത് വിംഗ് യൂണിറ്റ് ജനറൽ സെക്രട്ടറി
ജംഗ്ഷനിലൂടെ ബൈക്കിൽ യാത്ര ചെയ്യുമ്പോൾ പക്ഷി കാഷ്ഠിച്ചത് മൂലം നിരവധി തവണ ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ട്. ചാരുംമൂട്ടിലെ ഒരു വലിയ സാമൂഹ്യപ്രശ്നമായി മാറിയ വിഷയത്തിൽ അടിയന്തര പരിഹാരം കാണണം.
സുജിത്ത് പി.ആർ, പ്രദേശവാസി
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |