
മാന്നാർ: തകർന്ന റോഡിലൂടെയുള്ള ദുരിതയാത്രയിൽ പൊറുതിമുട്ടിയ നാട്ടുകാർ ഒടുവിൽ സ്വന്തം ചെലവിലും പരിശ്രമത്തിലും റോഡിലെ കുഴികൾ നികത്താനിറങ്ങി. അധികൃതരുടെ തുടർച്ചയായ അവഗണനയെത്തുടർന്ന് യാത്രായോഗ്യമല്ലാതായ ആറാം വാർഡിൽ തൃക്കുരട്ടി ക്ഷേത്രം- ശാസ്താനട റോഡിലാണ് ജനകീയ ഇടപെടൽ നടന്നത്. തൃക്കുരട്ടി മഹദേവക്ഷേത്രം മുതൽ കുരട്ടിക്കാട് ശ്രീധർമ്മശാസ്താ ക്ഷേത്രം വരെയുള്ള ഭാഗം നാളുകളായി തകർന്നുകിടക്കുകയായിരുന്നു. കുരട്ടിക്കാട്, കുട്ടമ്പേരൂർ, ബുധനൂർ മേഖലകളിൽ നിന്ന് മാന്നാർ ടൗണിലേക്ക് എത്താനുള്ള പാതയായതിനാൽ നൂറുകണക്കിന് വാഹനങ്ങളും കാൽനടയാത്രക്കാരും ദിവസേന ഈ റോഡിനെ ആശ്രയിക്കുന്നുണ്ട്.
സ്ഥിരമായ പരിഹാരം വേണം
സ്കൂൾ ബസുകൾ, ഇരുചക്രവാഹനങ്ങൾ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള യാത്രക്കാർ നേരിടുന്ന ദുരിതം വർധിച്ചിട്ടും റോഡ് അറ്റകുറ്റപ്പണിക്ക് അധികൃതർ നടപടി സ്വീകരിക്കാത്തതിനെ തുടർന്നാണ് പ്രദേശവാസികൾ രംഗത്തിറങ്ങിയത്. പ്രദേശവാസികളായ അനീഷ് മാളിയേക്കൽ, ആസാദ്, ഷാജി കുരട്ടിക്കാട്, നവാസ്, ഗിരീഷ്, ഷബീർ അബ്ബാസ് എന്നിവരുൾപ്പെട്ട സംഘം വീട് പൊളിച്ചതിന്റെ അവശിഷ്ടങ്ങൾ വാഹനത്തിൽ എത്തിച്ചാണ് കുഴികൾ നികത്തിയത്.കാലവർഷം ശക്തമായതോടെ ചെറിയ മഴയിൽ പോലും കുഴികളിൽ വെള്ളം കെട്ടിനിൽക്കുകയും ഗതാഗതം ദുഷ്കരമാകുകയും ചെയ്തിരുന്നു. വലിയ വാഹനങ്ങൾ കടന്നുപോകുമ്പോൾ മലിനജലം സമീപത്തെ വ്യാപാര സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും അടിച്ചുകയറുന്നതും പതിവായിരുന്നു. ഇരുചക്രവാഹന യാത്രക്കാരും വിദ്യാർത്ഥികളും അപകടത്തിൽപ്പെടുന്ന സംഭവങ്ങളും നിരന്തരം റിപ്പോർട്ട് ചെയ്തിരുന്നു. നാട്ടുകാർ കുഴി നികത്തിയതോടെ നിലവിൽ ഗതാഗതത്തിന് താത്ക്കാലിക ആശ്വാസമായിട്ടുണ്ടെങ്കുലം പഞ്ചായത്തിന്റെ പദ്ധതിയിൽ ഉൾപ്പെടുത്തി എത്രയും വേഗം ഈ റോഡ് പുനർനിർമ്മിക്കണമെന്നാണ് പ്രദേശവാസികളുടെ ആവശ്യം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |