
ഹരിപ്പാട്: ഓടിച്ചിരുന്ന വണ്ടി അപകടത്തിൽപ്പെട്ടപ്പോൾ ശിക്ഷയായി മോട്ടോർ വാഹനവകുപ്പ് അധികൃതർ ഐ.ഡി.ടി.ആർ ക്ലാസിന് അയച്ചപ്പോൾ എല്ലാവരെയും പോലെ ഹരിപ്പാട് താമല്ലാക്കൽ ഉഷ ഭവനത്തിൽ ബിജുവിനും വിഷമം തോന്നി.
എന്നാൽ, ക്ലാസിൽ നിന്ന് ലഭിച്ച അറിവുകൊണ്ട് വലിയൊരു അപകടം ഒഴിവാക്കിയപ്പോൾ അത് സന്തോഷമായി മാറി.
ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ ബയോമെഡിക്കൽ കളക്ഷൻ വണ്ടിയിലെ ഡ്രൈവറായ ബിജു, രണ്ടാഴ്ച മുമ്പ് തിരുവനന്തപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ കരമനയിൽ വച്ചായിരുന്നു ഓട്ടോറിക്ഷയ്ക്ക് തീ പിടിക്കുന്നത് കണ്ടത്. നാട്ടുകാർ ഓടി കൂടി വെള്ളം ഒഴിച്ചും മണ്ണ് വാരിയെറിഞ്ഞും തീ അണയ്ക്കാൻ ശ്രമിച്ചിട്ടും ഫലമുണ്ടായില്ല. അപ്പോഴാണ് ബിജുവിന് ഐ.ഡി.ടി.ആർ ക്ലാസിലെ ഫയർ ആൻഡ് സേഫ്റ്റിയെ സംബന്ധിച്ച പാഠം ഓർമ്മ വന്നത്. ഉടൻ തന്നെ തന്റെ വണ്ടിയിലുണ്ടായിരുന്ന അഗ്നിരക്ഷാ ഉപകരണം കൊണ്ട് തീ കെടുത്തി. തുടർന്ന് നടത്തിയ പരിശോധനയിൽ ഒരു കുപ്പി പെട്രോളും ഓയിലും ഓട്ടോയിൽ നിന്ന് കണ്ടെത്തിൽ. കൃത്യസമയത്ത് തീ അണയ്ക്കാൻ കഴിഞ്ഞതിനാൽ പെട്രോൾ കുപ്പിയിലേക്ക് പടർന്ന് വലിയ അപകടം ഉണ്ടാകാനുള്ള സാഹചര്യം ഒഴിവാക്കാനായി. കൂടി നിന്ന നാട്ടുകാർ ബിജുവിനെ അഭിനന്ദിക്കുകയും ചെയ്തു.ബിജു ഈ സന്തോഷം ഐ.ഡി.ടി.ആർ ഗ്രുപ്പിൽ പങ്കുവയ്ക്കുകയും ചെയ്തു.
മോട്ടോർ വാഹന വകുപ്പ് കായംകുളത്ത് വച്ച് ബിജു അഭിനന്ദിക്കുകയും മറ്റ് ഓട്ടോ ഡ്രൈവർമാർക്ക് മുമ്പിൽ അനുഭവും പങ്കുവയ്ക്കാനുള്ള അവസരം ഒരുക്കുകയും ചെയ്തു. കായംകുളം ജോ.ആർ.ടി.ഒ പ്രദീപ്കുമാറാണ് ആറു മാസം മുമ്പ് ബിജുവിനെ കറക്ടീവ് ട്രെയിനിംഗിന് എറണാകുളം എസ്.ഇ.എം.എസ് കോളേജിലേക്ക് അയച്ചത്.
ക്ലാസിന് അയച്ചപ്പോൾ ശിക്ഷാനടപടി എന്നോർത്ത് വിഷമിച്ചു. എന്നാൽ അഞ്ച് ദിവസത്തെ ക്ലാസിൽ നിന്ന് ഒരുപാട് കാര്യങ്ങൾ പഠിക്കാൻ കഴിഞ്ഞു. അക്കാര്യങ്ങൾ കൃത്യസമയത്ത് ധൈര്യത്തോടെ പ്രയോഗിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്
-ബിജു, ഡ്രൈവർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |