SignIn
Kerala Kaumudi Online
Friday, 23 October 2026 7.50 AM IST

പുതിയ കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ നിർമ്മാണം നിയമ കുരുക്കിൽ

ksrtc

കൊച്ചി: കാരിക്കാമുറിയിൽ പുതിയ കെ.എസ്.ആർ.സി ബസ് ടെർമിനൽ നിർമ്മി​ക്കാനുള്ള നീക്കങ്ങൾക്ക് നിയമ കുരുക്ക്. നിയമപരമായ തർക്കത്തിൽ കുടുങ്ങിയ നിലവിലെ കെട്ടിടം പൊളിച്ചുമാറ്റിയ ശേഷമേ പുതിയ ടെർമിനലിന്റെ നിർമാണം ആരംഭിക്കാനാകൂവെന്നതാണ് സ്ഥിതി. വൈറ്റില മൊബിലിറ്റി ഹബ് മോഡലിൽ പുതിയ ടെർമിനൽ നിർമ്മിക്കുന്നതിന് വി.എച്ച്.എം.എസ് ഇതിനോടകം കരാർ ഒപ്പിട്ടിട്ടുണ്ട്. 2024 ഫെബ്രുവരി 24നാണ് ടെർമിനലിന്റെ നിർമ്മാണത്തിന് തറക്കല്ലിട്ടത്. പക്ഷേ, ലോക്‌സഭാ തിരഞ്ഞെടുപ്പെത്തിയതോടെ നടപടികൾ വൈകി. ടെർമിനൽ നിർമാണത്തിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചതോടെയാണ് നിയമപ്രശ്നം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടത്.

വെല്ലുവിളി പഴയകെട്ടിടം

രണ്ട് കോടി മുടക്കിൽ ഒരു പതിറ്റാണ്ട് മുൻപ് നിർമ്മിച്ച കെട്ടിടമാണ് ബസ് സ്റ്റാൻഡ് മാറ്റി സ്ഥാപിക്കുന്നതിന് വെല്ലുവിളിയാകുന്നത്.

ഈ കെട്ടിടത്തിന്റെ പണികൾ പൂർത്തീകരിക്കുന്നതിനു മുൻപ് തന്നെ നിർമ്മാണത്തിൽ അപാകതകൾ കണ്ടെത്തിയിരുന്നു. കെട്ടിടത്തിന്റെ ഘടനയിലായിരുന്നു ആദ്യ പ്രശ്‌നം. കെട്ടിടത്തിലെ വിള്ളലുകൾ കൂടിയായതോടെ നിർമ്മാണവും അതിന് മുന്നോടിയായുള്ള പരിശോധനകളും ശാസ്ത്രീയമായിരുന്നില്ലെന്നും കണ്ടെത്തി. കെ.എസ്.ആർ.ടി.സി വിജിലൻസ് വിഭാഗം ഈ കെട്ടിട നിർമ്മാണത്തിലെ ക്രമക്കേടുകൾ അന്വേഷിക്കുന്നുണ്ട്. അതിനാൽ ഇപ്പോഴിത് പൊളിക്കാനാകില്ല. കെട്ടിടം പൊളിക്കാതെ പുതിയ ബസ് ടെർമിനൽ നിർമ്മാണം സാദ്ധ്യമാകുകയുമില്ല.


വെള്ളക്കെട്ടിന് പരിഹാരം

കെ.എസ്.ആർ.ടി.സി ബസ് ടെർമിനൽ പ്രദേശങ്ങൾ നേരിടുന്ന വെള്ളക്കെട്ട് പ്രശ്‌നം സംബന്ധിച്ച് പഠിക്കാൻ സെൻട്രൽ വാട്ടർ റിസോഴ്‌സസ് ഡെവലപ്‌മെന്റ് ആൻഡ് മാനേജ്‌മെന്റിനെ സർക്കാർ ചുമതലപ്പെടുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പുതിയ ടെർമിനലിനുള്ള റോഡുകളുടെയും ടെർമിനലിന്റെയും ഉയരം വർദ്ധിപ്പിക്കാനാണ് അധികൃതർ ഇപ്പോൾ പദ്ധതിയിടുന്നത്.

പുതിയ ടെർമിനലിന്റെ ആദ്യഘട്ടത്തിന് 12 കോടി രൂപയാണ് ചെലവ്.

ടെർമിനലിനോട് ചേർന്ന കെ.എസ്.ആർ.ടി.സിയുടെ ഉടമസ്ഥതയിലുള്ള സ്ഥലം പുതിയ ടെർമിനൽ നിർമാണത്തിനായി വൈറ്റില മൊബിലിറ്റി ഹബ് സൊസൈറ്റിക്ക് (വി.എച്ച്.എം.എസ്) കൈമാറും.

 സ്ഥലത്തിന്റെ ഉടമസ്ഥാവകാശം കെ.എസ്.ആർ.ടി.സിക്ക് തന്നെ ആയിരിക്കും.


​പു​തി​യ​ ​ടെ​ർ​മി​നൽ ,​ കൂടുതൽ സൗകര്യങ്ങൾ

കരിക്കാമുറിയിൽ 2.9 ഏക്കർ സ്ഥലത്ത്

ആകെ വരുന്നത് 20ലധികം ബസ് ബേകൾ

കെ.എസ്.ആർ.ടി.സി, സ്വകാര്യ ബസുകൾക്ക് ഒരുപോലെ ഉപയോഗപ്രദം

ടെർമിനലിൽ പാർക്കിംഗ് ഏരിയകൾ, കടമുറികൾ, ഓഫീസുകൾ, പൊതു ടോയ്ലറ്റുകൾ, യാത്രക്കാരുടെ കാത്തിരിപ്പ് കേന്ദ്രങ്ങൾ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, KSRTC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL