
തിരുവനന്തുപുരം: ഒരു ടൺ മൊബൈൽ ഫോണുകളുമായി കെ.എസ്.ആർ.ടി.സിയുടെ കാർഗോ സർവീസിന് തുടക്കമായി. ഡൽഹിയിൽ നിന്നാണ് ഫോണുകൾ എയർ ഇന്ത്യ വിമാനത്തിൽ തിരുവനന്തപുരം വിമാനത്താവളത്തിലെത്തിച്ചത്. ഡൊമസ്റ്റിക് എയർപോർട്ട് കാർഗോ ടെർമിനലിൽ നടന്ന ചടങ്ങിൽ മന്ത്രി സി.പി. ജോൺ കാർഗോ സർവീസ് ഫ്ളാഗ് ഓഫ് ചെയ്തു.
സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയിൽ ഉൾപ്പെടുത്തിയ പദ്ധതി കെ.എസ്.ആർ.ടി.സിയുടെ ചരിത്രത്തിലെ വലിയ ചുവടുവയ്പ്പാണെന്ന് മന്ത്രി പറഞ്ഞു. അഞ്ച് വാഹനങ്ങൾ ഉൾപ്പെടുത്തി തുടങ്ങിയ പദ്ധതി ഘട്ടങ്ങളായി വിപുലീകരിക്കും. കെ.എസ്.ആർ.ടി.സിയുടെ ലോജിസ്റ്റിക് ശൃംഖല ശക്തമാക്കാനും ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കാനും പുതിയ സംവിധാനം സഹായിക്കുമെന്നും മന്ത്രി പറഞ്ഞു.
തുടർന്ന് കെ.എസ്.ആർ.ടി.സി വാടകയ്ക്കെടുത്ത ട്രക്കിൽ മൊബൈൽ ഫോണുകൾ ആലുവയിലേക്കയച്ചു. സ്‌കോർപ്പിയോൺ കാർട്ട് ലോജിസ്റ്റിക്സും കാർഗോ കാർട്ട് ലോജിസ്റ്റിക്സുമാണ് കെ.എസ്.ആർ.ടി.സിക്ക് പിന്തുണ നൽകുന്നത്.
ചടങ്ങിൽ വാർഡ് കൗൺസിലർ ഷീബ പാട്രിക് അദ്ധ്യക്ഷയായി. കെ.എസ്.ആർ.ടി.സി സി.എം.ഡി ഡോ. പി.എസ്. പ്രമോജ് ശങ്കർ, ചീഫ് എയർപോർട്ട് ഓഫീസർ പി.കെ. അജു, സ്‌കോർപ്പിയോൺ ലോജിസ്റ്റിക്സ് മാനേജിംഗ് ഡയറക്ടർമാരായ ഡി. വിജയൻ, അഭിലാഷ് വിജയൻ, അസറ്റ് ഇൻഫ്രാസ്‌ട്രെക്ചർ ഹെഡ് കെ.എസ്. ഷിബുകുമാർ, ലീഡ് കാർഗോ ഹെഡ് ശ്രീധർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |