കൊച്ചി: ഓൺലൈനിൽ വാങ്ങിയ ചുരിദാർ മാറ്റിനൽകാത്ത സഥാപനത്തിന് പിഴശിക്ഷ വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി. ഉത്പന്നത്തിന്റെ വിലയും നഷ്ടപരിഹാരവും കോടതി ചെലവുമടക്കം 9,395 രൂപ ഉപഭോക്താവിന് നൽകാനാണ് ഉത്തരവ്.
ആലപ്പുഴയിലെ ഇഹ ഡിസൈൻസ് ബ്രൈഡൽ സ്റ്റുഡിയോയ്ക്കെതിരേ ഇടപ്പള്ളി സ്വദേശി കെ.ജി. ലിസ സമർപ്പിച്ച പരാതിയിലാണ് നടപടി.
അദ്ധ്യാപികയായ പരാതിക്കാരി 1,395 രൂപ നൽകിയാണ് സ്റ്റിച്ച് ചെയ്ത ചുരിദാറിന് ഓർഡർ നൽകിയത്. ഓർഡർ നൽകിയ ഉടൻ ഉത്പന്നത്തിന്റെ കളർ മാറ്റണമെന്ന് ആവശ്യപ്പെട്ടു. കളർ മാറ്റം സാദ്ധ്യമല്ലെന്ന് സ്ഥാപനം അറിയിച്ചപ്പോൾ ഓർഡർ റദ്ദാക്കാൻ പരാതിക്കാരി ശ്രമിച്ചെങ്കിലും സമ്മതിച്ചില്ല. നൽകിയ തുക മറ്റ് ഓർഡറുകൾക്ക് ക്രെഡിറ്റ് ചെയ്യാൻ ആവശ്യപ്പെട്ടെങ്കിലും അതും നിരസിക്കപ്പെട്ടു. ഉത്പന്നം തപാലിൽ അയച്ചു കഴിഞ്ഞു എന്നാണ് സ്ഥാപനം അറിയിച്ചത്. എന്നാൽ ലഭിച്ച ചുരിദാർ പരാതിക്കാരിയുടെ അളവിലല്ലായിരുന്നു. മടക്കി നൽകാൻ ശ്രമിച്ചെങ്കിലും സ്വീകരിക്കാതെ തിരിച്ചയച്ചു. തുടർന്നാണ് ലിസ ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
വിറ്റഉത്പന്നം മാറ്റി നൽകുകയോ തിരിച്ചെടുക്കുകയോ ചെയ്യില്ലെന്ന നിലപാട് അധാർമ്മിക വ്യാപാര രീതിയാണെന്ന് വ്യക്തമാക്കിയാണ് ഡി.ബി. ബിനു അദ്ധ്യക്ഷനും വി. രാമചന്ദ്രൻ, ടി.എൻ. ശ്രീവിദ്യ എന്നിവർ അംഗങ്ങളുമായ ബെഞ്ച് സ്ഥാപനത്തിന് പിഴ വിധിച്ചത്. തുക 45 ദിവസത്തിനകം പരാതിക്കാരിക്ക് നൽകണമെന്നും ഉത്തരവായി. പരാതിക്കാരിക്കുവേണ്ടി അഡ്വ. ജസ്വിൻ പി. വർഗീസ് ഹാജരായി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |