കൊച്ചി: ധരിച്ചിരിക്കുന്ന ഷർട്ട് പൊതുസ്ഥലത്തുവച്ച് ഊരിനൽകാത്തതിന് കൊച്ചിയിൽ 22കാരന് ക്രൂരമർദ്ദനം. തിരുവനന്തപുരം തെന്നൂർ സ്വദേശിക്കാണ് മർദ്ദനമേറ്റത്. ഇയാളെ ഇടിച്ചിട്ടശേഷം പ്രതികൾ ഷർട്ട് ഊരിയെടുത്ത് സ്ഥലംവിട്ടു. വെള്ളിയാഴ്ച രാത്രി ഒമ്പതോടെ മറൈൻഡ്രൈവ് വാക്ക് വേയിലായിരുന്നു സംഭവം. രാത്രിതന്നെ യുവാവ് സെൻട്രൽ സ്റ്റേഷനിലെത്തി പരാതിപ്പെട്ടതോടെയാണ് 'ഷർട്ടിനായുള്ള ഇടി' പൊലീസ് അറിയുന്നത്. രണ്ടുപേരാണ് ഇയാളെ മർദ്ദിച്ചത്.
എറണാകുളത്ത് ഇന്റർവ്യൂവിനായി എത്തിയതായിരുന്നു യുവാവ്. തിരികെ നാട്ടിലേക്ക് മടങ്ങുംമുമ്പ് മറൈൻഡ്രൈവ് കാണാനായി വാക്ക് വേയിൽ വന്നപ്പോഴായിരുന്നു മർദ്ദനമേറ്റത്. യുവാവ് ഫോൺചെയ്ത് നടന്ന് പോകുന്നതിനിടെ പ്രതികൾ തറപ്പിച്ചുനോക്കി. ഇത് ചോദ്യംചെയ്തപ്പോഴാണ് ഷർട്ടിൽ നോക്കിയതാണെന്നും ഊരിനൽകണമെന്നും പ്രതികൾ ആവശ്യപ്പെട്ടത്. ഇത് വാക്കേറ്റത്തിലും അടിപിടിയിലും കലാശിക്കുകയായിരുന്നുവെന്നാണ് പൊലീസിന് ലഭിച്ചവിവരം. ഒരാൾ ഹെൽമെറ്റിന് തലയ്ക്ക് അടിച്ചെന്നും താഴെവീണപ്പോൾ രണ്ടാംപ്രതി ഷർട്ട് ഊരിയെടുത്തെന്നും എഫ്.ഐ.ആറിൽ പറയുന്നു.
മർദ്ദനമേറ്റ യുവാവും പ്രതികളും മദ്യലഹരിയിലായിരുന്നുവെന്ന നിഗമനത്തിലാണ് പൊലീസ്. ഷർട്ട് നൽകാത്തതിന്റെ പേരിൽ തന്നെയാണ് അടിപിടി ഉണ്ടായതെന്നതിൽ ചില സംശയങ്ങളും പൊലീസിനുണ്ട്.
പരാതിക്കാരൻ മുങ്ങി
കേസിൽ ഒരാളെ പൊലീസ് പിടികൂടിയെങ്കിലും പരാതിക്കാരൻ 'മുങ്ങിയതിനാൽ' തിരിച്ചറിയൽ പരേഡ് മുടങ്ങി. കൊച്ചിയിലെ ഒരു ലോഡ്ജിലാണ് ഇയാൾ തങ്ങിയതെന്ന് കണ്ടെത്തി. സുഹൃത്തിനെ തിരിച്ചറിഞ്ഞ് 22കാരനെക്കുറിച്ച് പൊലീസ് അന്വേഷിച്ചപ്പോഴാണ് ഇന്നലെ രാവിലെതന്നെ നാട്ടിലേക്ക് സ്ഥലംവിട്ടെന്ന വിവരം ലഭിച്ചത്. ഇയാളുടെ ഫോൺ സ്വിച്ച് ഓഫാണ്. പരാതിക്കാരനെ വൈകാതെ വിളിച്ചുവരുത്തി നടപടി പൂർത്തിയാക്കാനാണ് പൊലീസ് തയ്യാറെടുക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |