
നെടുമ്പാശേരി: എടത്തലയിലും പെരുമ്പാവൂരിലും അനധികൃതമായി തങ്ങിയ മൂന്ന് ബംഗ്ളാദേശികൾ കൂടി റൂറൽ ജില്ലാ പൊലീസിന്റെ പിടിയിലായി. എടത്തല അൽ അമീൻ കോളേജിന് സമീപം അന്യസംസ്ഥാനക്കാർക്കൊപ്പം തങ്ങിയിരുന്ന ബംഗ്ലാദേശ് കുഷ്ടിയ ജില്ലയിൽ ഖജിഹട്ട സ്വദേശികളായ മുഹമ്മദ് ലിട്ടൻ അലി (30), മുഹമ്മദ് ബപ്പിഷോ (28) എന്നിവരും പെരുമ്പാവൂരിൽ നിന്ന് മുഷ്ക്കുണ്ടി ഡോളാർ പട സ്വദേശി മുഹമ്മദ് അമീൻ ഉദ്ദീനെയുമാണ് (35) ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
പെരുമ്പാവൂർ പൊലീസ് മറ്റൊരു കേസിൽ എടത്തലയിലെ അന്യസംസ്ഥാനക്കാരുടെ താമസ സ്ഥലം പരിശോധിച്ചപ്പോഴാണ് ബംഗ്ളാദേശികളെ തിരിച്ചറിഞ്ഞത്.
മുഹമ്മദ് അമീൻ ഉദ്ദീനെ പെരുമ്പാവുർ ബംഗാൾ കോളനിയിൽ നിന്നുമാണ് പിടികൂടിയത്. പെരുമ്പാവൂരിൽ നിന്ന് ബംഗ്ലാദേശി യുവതിയായ തസ്ലീമാ ബീഗത്തെ പിടികൂടി നടത്തിയ അന്വേഷണത്തിലാണ് അറസ്റ്റ്. റൂറൽ ജില്ലയിൽ പിടികൂടിയ ബംഗ്ലാദേശികളുടെ എണ്ണം അഞ്ചായി.
വർഷങ്ങളായി ഇന്ത്യയിൽ
മുഹമ്മദ് അമീൻ ഉദ്ദീൻ കഴിഞ്ഞ എട്ട് വർഷമായി ഇന്ത്യയിലുണ്ട്. ലിട്ടൻ അലി 2019 മുതൽ ഇന്ത്യയിലുണ്ട്. ആദ്യം മുംബയിൽ നിന്ന് പിന്നീട് ബംഗാളിൽ നിന്നുമാണ് ആധാർ കാർഡ് സംഘടിപ്പിച്ചിട്ടുള്ളത്. ബപ്പി ഷോ 2022 മുതൽ കേരളത്തിലുണ്ട്. ബംഗാളിൽ നിന്നുമാണ് ആധാർ കാർഡ് റെഡിയാക്കിയത്.
ബംഗ്ലാദേശിൽ നിന്ന് അതിർത്തി വഴി നുഴഞ്ഞ് കയറിയാണ് ഇവർ പശ്ചിമ ബംഗാളിലെത്തിയത്. തുടർന്ന് ഏജന്റ് വഴി ആധാർ, പാൻകാർഡുകൾ സ്വന്തമാക്കി മുംബയിലേക്ക് തിരിച്ചു. കുറച്ച് നാൾ അവിടെ തങ്ങിയ ശേഷം ബംഗലൂരുവിലെത്തി രേഖകൾ അപ്ഡേറ്റ് ചെയ്തു. പിന്നീട് കേരളത്തിലേക്ക് വന്നു.
ബാംഗ്ലൂരിൽ നിന്ന് വ്യാജ ആധാർ
എടത്തലയിൽ പിടിയിലായ ഇരുവർക്കും ജെനീഷ് എന്നയാൾ മുഖേന ബംഗളൂരുവിലെ ഏജന്റാണ് വ്യാജ അധാർ കാർഡുകൾ നൽകിയത്. ബംഗ്ളൂരുവിലെത്തി വിരലടയാളവും മറ്റും നൽകി മടങ്ങിയെത്തി ഒരാഴ്ച കഴിഞ്ഞപ്പോഴേക്കും ആധാർ കാർഡുകൾ ലഭിച്ചെന്ന് ഇവർ പൊലീസിനോട് പറഞ്ഞു. ജെനീഷിനായി അന്വേഷണം ആരംഭിച്ചു. ഇൻസ്പെക്ടർ ടി.എം. സൂഫി, സബ് ഇൻസ്പെക്ടർമാരായ പി.എം. റാസിഖ്, റിൻസ് എം. തോമസ് എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |