
ആലുവ: മഹാത്മഗാന്ധി യു.സി കോളേജ് സന്ദർശിച്ചിട്ട് 100 വർഷം തികയുകയാണ്. സന്ദർശനത്തിന്റെ ഭാഗമായി 1925 മാർച്ച് 18ന് ഗാന്ധിജി കോളേജ് മുറ്റത്ത് നട്ട മാവ് ഇന്നും തണൽപരത്തുകയാണ്. ഗാന്ധി സന്ദർശനത്തിന്റെ നൂറാം വാർഷികത്തോടനുബന്ധിച്ച് നിരവധി പദ്ധതികളാണ് നടപ്പാക്കുക.
ഇതേമാവിൽ നിന്ന് വളർത്തിയെടുത്ത 100 മാവിൻത്തൈകൾ കൊണ്ട് മാന്തോപ്പ് വളർത്തിയെടുക്കും. നിലവിൽ മാവ് സ്ഥിതി ചെയ്യുന്നിടത്ത് ഇരിപ്പിടവും മറ്റും സ്ഥാപിച്ച് ഗാന്ധി സ്ക്വയർ തയ്യാറാക്കും. ഗാന്ധിയൻ ദർശനത്തെക്കുറിച്ചുള്ള ത്രിദിന എക്സിബിഷൻ 'ദർപ്പൺ എ ഗാന്ധിയൻ എക്സ്പീരിയൻസ്' ഇന്ന് രാവിലെ സിനിമാതാരവും എഴുത്തുകാരനുമായ വി.കെ. ശ്രീരാമൻ ഉദ്ഘാടനം ചെയ്യും.
വിവിധ രാജ്യങ്ങൾ ഗാന്ധിജിയുടെ പേരിൽ ഇറക്കിയ തപാൽ സ്റ്റാമ്പുകളുടെയും നാണയങ്ങളുടെയും പ്രദർശനം, അലക്സ് ചാണ്ടി ഒരുക്കുന്ന ദണ്ഡി യാത്രയുടെ കടൽ മണൽ ശില്പാവിഷ്കാരം, കാർട്ടൂണിസ്റ്റ് അഞ്ജൻ സതീഷ് ഒരുക്കുന്ന 'എന്റെ ബാപ്പുജി' ചിത്രങ്ങളുടെ പ്രദർശനം എന്നിവ ഉണ്ടാകും. വിവിധ വിഷയങ്ങളിൽ പ്രഭാഷണം നടക്കും.
ഇൻക്ലൂസീവ് ഇന്ത്യ പദ്ധതി
ഗാന്ധിജിയുടെ വിദ്യാഭ്യാസ ആദർശമായ നയി താലിമിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് കോളേജ് ഇൻക്ലൂസീവ് ഇന്ത്യ പദ്ധതി ആരംഭിക്കും.
തൊഴിൽ ചാതുർവർണ്യത്തിന്റെ താഴെത്തട്ടിലുള്ളവരുമായി വിദ്യാർത്ഥികൾ ഒരാഴ്ച ഇന്റേൺഷിപ്പ് നടത്തി. അവരുടെ ജോലികൾ പഠിച്ച് റിപ്പോർട്ട് തയ്യാറാക്കും. എം.സി.എ, എം.ബി.എ, ബി.കോം വിദ്യാർത്ഥികളാണ് ആദ്യഘട്ടം പദ്ധതിയുടെ ഭാഗമാകുന്നത്.
കോളേജിന് ഓട്ടോണമസ് പദവി
യു.സി കോളേജിന് അക്കാഡമിക മികവിന്റെ അംഗീകാരമായി ഓട്ടോണമസ് പദവി ലഭിച്ചതായി മാനേജർ ഡോ. കെ.പി. ഔസേപ്പ്, ഐ.എഫ്.എസ്, പ്രിൻസിപ്പൽ ഡോ. മിനി ആലീസ് എന്നിവർ അറിയിച്ചു. ഉന്നത വിദ്യാഭ്യാസരംഗത്ത് തിളക്കമാർന്ന 103 വർഷത്തെ പാരമ്പര്യമുള്ള യു.സി കോളേജിന്റെ പാഠ്യ-പാഠ്യേതര, ഗവേഷണ രംഗത്തെ മികവിനുള്ള അംഗീകാരമാണ് ഓട്ടോണമസ് പദവിയെന്ന് കോളേജ് അധികൃതർ അറിയിച്ചു. നാക്ക് അക്രിഡിറ്റേഷനിൽ അഞ്ചാം സൈക്കിളിൽ 3.53 എന്ന സ്കോറോടെ ഏറ്റവും ഉയർന്ന ഗ്രേഡ് ആയ A++ നേട്ടം കഴിഞ്ഞവർഷം ലഭിച്ചിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |