SignIn
Kerala Kaumudi Online
Thursday, 22 October 2026 9.03 PM IST

സിയാൽ പുനരധിവാസം: പാക്കേജിന് അംഗീകാരം

cial

നെടുമ്പാശേരി: കൊച്ചി രാജ്യാന്തര വിമാനത്താവളത്തിനായി വീടും പുരയിടവും വിട്ടു നൽകിയവർക്കായി രൂപം നൽകിയ രണ്ടാംഘട്ട പുനരധിവാസ പദ്ധതിക്ക് ഡയറക്ടർ ബോർഡ് അംഗീകാരം നൽകി. മുമ്പുള്ള പാക്കേജിൽ മതിയായ സംരക്ഷണം ലഭിക്കാത്തവരെയാണ് പരിഗണിക്കുന്നത്.

സിയാൽ സബ് കമ്മിറ്റി ചെയർമാനായ മന്ത്രി പി. രാജീവ് മുൻകൈയെടുത്താണ് നടപടി. രണ്ടാംഘട്ട പുനരധിവാസ പാക്കേജിന് അർഹതപ്പെട്ടവരുടെ യോഗം സിയാലിൽ വിളിച്ചുചേർത്തു. മന്ത്രി പി. രാജീവ്, സിയാൽ മാനേജിംഗ് ഡയറക്ടർ എസ്. സുഹാസ്, എക്‌സിക്യുട്ടീവ് ഡയറക്ടർ വി. ജയരാജൻ എന്നിവർ പങ്കെടുത്തു.

 ആദ്യഘട്ട പാക്കേജ് നടപടികൾ

വീടും സ്ഥലവും നഷ്ടപ്പെട്ടവർക്കായി നേരത്തെ പുരനധിവാസ പാക്കേജ് നടപ്പാക്കിയിരുന്നു. വിദ്യാഭ്യാസ യോഗ്യതയനുസരിച്ച് സിയാൽ, മറ്റ് അനുബന്ധ സ്ഥാപനങ്ങൾ എന്നിവയിൽ തൊഴിലവസരം, ടാക്‌സി പെർമിറ്റ്, ഹെഡ് ലോഡ് വർക്കേഴ്‌സ് സൊസൈറ്റിയിൽ അംഗത്വം എന്നിങ്ങനെയുള്ള വിവിധ തട്ടുകളിലായാണ് പാക്കേജ് നടപ്പിലാക്കിയിരുന്നത്. കുറഞ്ഞവേതനമുള്ള കരാർ ജോലികൾ ലഭിച്ചവരുടെ പാക്കേജിൽ മാറ്റംവരുത്തണമെന്ന ദീർഘകാല ആവശ്യമാണ് ഇപ്പോൾ അംഗീകരിക്കുന്നത്.

രണ്ടാം ഘട്ട പാക്കേജ്

1. എയർ ഇന്ത്യയിൽ ഗ്രൗണ്ട് ഹാൻഡ്‌ലിംഗ് വിഭാഗത്തിൽ കുറഞ്ഞ വേതനത്തിന് കരാർ ജോലി ചെയ്തിരുന്ന 20 പേർക്ക് കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് എയർകാർഗോ കയറ്റിറക്ക് തൊഴിലാളി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ അംഗത്വം നൽകും. സൊസൈറ്റിയിൽ നിലവിൽ 120 അംഗങ്ങളുണ്ട്.

2. എയർ ഇന്ത്യ ഉൾപ്പെടെയുള്ള സ്ഥാപനങ്ങളിലും അസംഘടിത തലച്ചുമട് തൊഴിൽ മേഖലയിലും പ്രവർത്തിച്ചിരുന്ന, ശാരീരിക അവശതകളാൽ തൊഴിൽ ചെയ്യാൻ കഴിയാത്തവർക്കും ഈ വിഭാഗത്തിൽപ്പെട്ട മരിച്ച തൊഴിലാളികളുടെ ആശ്രിതർക്കും പ്രീ പെയ്ഡ് ടാക്‌സി സൊസൈറ്റിയിൽ പെർമിറ്റ് നൽകും. ഇവിടെ 25 പേർക്കാണ് അവസരം. നിലവിൽ 650 പേർക്ക് ടാക്‌സി പെർമിറ്റുണ്ട്.

3. യാത്രക്കാരുടെ എണ്ണം കൂടുന്നതിനനുസരിച്ച് സാഹചര്യം വിലയിരുത്തി കൂടുതൽ പേർക്ക് അവസരം ലഭ്യമാക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, CIAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL