
കൊച്ചി: എറണാകുളം ഗസ്റ്റ് ഹൗസ് വളപ്പിൽ ഫയർ ഫോഴ്സിന്റെ മോക് ഡ്രിൽ നടത്തുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയൻ തൊട്ടടുത്ത കെട്ടിടത്തിലുണ്ടായിരുന്നു. അദ്ദേഹത്തിന്റെ അനുമതിയോടെയാണ് ഗസ്റ്റ് ഹൗസ് മോക് ഡ്രില്ലിന് വേദിയായത്. ജില്ലാ ഫയർ ഓഫീസർ കെ. ഹരികുമാർ, ഗാന്ധിനഗറിലെ സ്റ്റേഷൻ ഓഫിസർ ആർ. രാജേഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വൈകിട്ട് നാലിനാരംഭിച്ച മോക് ഡ്രിൽ അഞ്ചിന് അവസാനിച്ച ശേഷമാണ് മുഖ്യമന്ത്രി കലൂരിലെ പൊതുസമ്മേളനത്തിന് പുറപ്പെട്ടത്. 40 സിവിൽ ഡിഫൻസ് അംഗങ്ങളും 10 ഫയർഫോഴ്സ് സേനാംഗങ്ങളും ഇവിടെ പങ്കെടുത്തു. കൊച്ചി കപ്പൽനിർമ്മാണശാലയിൽ ക്ലബ്റോഡ്, മട്ടാഞ്ചേരി ഫയർസ്റ്റേഷൻ ഓഫീസർമാരുടെ നേതൃത്വത്തിലാണ് നടന്നത്. കപ്പൽശാലയുടെ അഗ്നിശമന സേനാവിഭാഗവും സി.ഐ.എസ്.എഫ്, ഡി.ജി.ആർ സേനാംഗങ്ങളും പങ്കെടുത്തു. സൈറൺ മുഴങ്ങിയയുടൻ വൈദ്യുതി, ഗ്യാസ് ബന്ധങ്ങൾ വിച്ഛേദിച്ചു. കപ്പലുകളിലെ ജീവനക്കാരെയും തൊഴിലാളികളെയും മാറ്റി. പ്രവേശന കവാടങ്ങൾ അടച്ചു. അപായസാദ്ധ്യത നീങ്ങിയെന്ന സൈറൺ മുഴങ്ങിയ ശേഷമാണ് കപ്പൽശാലയുടെ പ്രവർത്തനം പൂർവസ്ഥിതിയിലായത്. കളക്ടറേറ്റിൽ തൃക്കാക്കര, അങ്കമാലി, പട്ടിമറ്റം, പെരുമ്പാവൂർ, പിറവം, തൃപ്പൂണിത്തുറ, മുളന്തുരുത്തി, കോതമംഗലം ഫയർ സ്റ്റേഷനുകൾ സംയുക്തമായാണ് മോക് ഡ്രിൽ നടത്തിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |