SignIn
Kerala Kaumudi Online
Saturday, 16 May 2026 4.05 AM IST

ഉത്പാദനം നിലച്ചിട്ട് ഒരുവർഷം, വാഴക്കുളം പൈനാപ്പിൾ കമ്പനി അടച്ചുപൂട്ടലിലേക്ക്

vazhakulm-agro-processing

മൂവാറ്റുപുഴ: പൈനാപ്പിൾ മേഖലയിലെ ഏക സർക്കാർ കമ്പനിയായ വാഴക്കുളം പൈനാപ്പിൾ അഗ്രോ പ്രോസസിംഗ് കമ്പനി ഉത്പാദനം നിറുത്തിയിട്ട് ഒരുവർഷം. കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കമ്പനി അടച്ചുപൂട്ടലിന്റെ വക്കിലാണ്. 125 ജീവനക്കാരുണ്ടായിരുന്ന കമ്പനിയിൽ ഇപ്പോൾ 27 പേർ മാത്രമാണുള്ളത്. മൂന്ന് ഷിഫ്റ്റുകളിൽ പ്രവർത്തിച്ചിരുന്ന ഇവിടെ ജൈവ് ടെട്രാപാക്ക്, കുപ്പി ജ്യൂസ്, ഇഞ്ചി കാൻഡി, പൈനാപ്പിൾ ജാം, സിറപ്പ്, ഇഞ്ചി സിറപ്പ് തുടങ്ങിയവ ഉത്പാദിപ്പിച്ചിരുന്നു.

ടെട്രാപാക്ക് യന്ത്രവും പൈനാപ്പിൾ ഉത്പന്ന നിർമ്മാണ യന്ത്രങ്ങളും തകരാറിലാണ്. ടെട്രാപാക്ക് യന്ത്രത്തിന് 35 കോടിയും മറ്റുള്ളവയ്ക്ക് 15 കോടിയും അറ്റകുറ്റപ്പണികൾക്കായി ആവശ്യമാണ്. ജർമ്മൻ സാങ്കേതികവിദ്യയിൽ പ്രവർത്തിച്ചിരുന്ന പഴയ യന്ത്രങ്ങൾ കൃത്യമായ അറ്റകുറ്റപ്പണി നടത്താത്തതിനാലാണ് പ്രവർത്തനരഹിതമായത്. ഉത്പാദനം പുനരാരംഭിക്കണമെങ്കിൽ ഇവയെല്ലാം പുനഃസ്ഥാപിക്കേണ്ടി വരും.

കെട്ടിടവും പരിസരവും കാടുമൂടിയ നിലയിൽ

കമ്പനിക്ക് 14 ഏക്കർ സ്ഥലമുണ്ട്. നേരത്തെ ഇവിടെ പൈനാപ്പിൾ ഉൾപ്പെടെ വിവിധയിനം പഴങ്ങളുടെ കൃഷിയും വിത്തുത്പാദന യൂണിറ്റും സജീവമായിരുന്നു. കുപ്പിവെള്ള കമ്പനി, വൈൻ യൂണിറ്റ് തുടങ്ങിയവ സ്ഥാപിക്കാനുള്ള നീക്കങ്ങൾ നടന്നെങ്കിലും ഫലപ്രാപ്തിയിലെത്തിയില്ല. നിലവിൽ കമ്പനി കെട്ടിടവും പരിസരവും കാടുമൂടിയ അവസ്ഥയിലാണ്. ഭരണനിർവഹണത്തിനായി ഒരു അഡ്മിനിസ്‌ട്രേറ്റർ മാത്രമാണുള്ളത്. പൈനാപ്പിൾ ശീതീകരണ പ്ലാന്റും നിലച്ചു.

അനുവദിച്ച തുക തിരിച്ചെടുത്തു

കർഷകർക്ക് വലിയ ആശ്വാസമായിരുന്ന കമ്പനിക്ക് കഴിഞ്ഞ മാർച്ചിൽ സർക്കാർ രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. ഇതിൽ 80 ലക്ഷം രൂപ ശമ്പള കുടിശിക തീർക്കാനും 10 ലക്ഷം അസംസ്‌കൃത വസ്തുക്കൾ വാങ്ങിയ ഇനത്തിൽ നൽകാനുമാണ് വിനിയോഗിച്ചത്. ബാക്കിവന്ന 1.1 കോടി രൂപ സാമ്പത്തിക വർഷാവസാനം സർക്കാർ തിരിച്ചെടുത്തു. ഇതോടെ കമ്പനിയുടെ പ്രവർത്തനം പുനരാരംഭിക്കാമെന്ന പ്രതീക്ഷയും മങ്ങി.

നിയമപോരാട്ടം നീണ്ടു

യൂറോപ്യൻ സാമ്പത്തിക സമൂഹത്തിന്റെ സഹായത്തോടെ കർഷകർക്കായി ആരംഭിച്ചതായിരുന്നു 'ജൈവ്' എന്ന ബ്രാൻഡിൽ അറിയപ്പെട്ട നടുക്കര അഗ്രോ പ്രോസസിംഗ് കമ്പനി. 2012ൽ ജോസഫ് വാഴക്കൻ എം.എൽ.എയായിരുന്ന കാലത്ത് യു.ഡി.എഫ് സർക്കാരാണ് ഇതിനെ പൊതുമേഖലാ കമ്പനിയാക്കിയത്. കർഷക പ്രതിനിധികളുടെയും സർക്കാർ പ്രതിനിധികളുടെയും നേതൃത്വത്തിൽ മികച്ച രീതിയിൽ പ്രവർത്തിച്ചിരുന്ന കമ്പനി സർക്കാർ ഏറ്റെടുത്തതോടെയാണ് പ്രതിസന്ധിയിലായത്. ഉടമസ്ഥാവകാശം സംബന്ധിച്ച് കർഷക ഭരണസമിതിയുമായുള്ള നിയമപോരാട്ടം വർഷങ്ങളോളം നീണ്ടു. ഇതോടെ സർക്കാർ സഹായങ്ങൾ നിലയ്ക്കുകയും ഭരണപരമായ ഇടപെടലുകൾ തകർച്ചയുടെ ആക്കം കൂട്ടുകയും ചെയ്തു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL