കൊച്ചി: വൈറ്റില സിൽവർ സാൻഡ് ഐലൻഡിലെ ചന്ദേർകുഞ്ജ് ആർമി ടവർ പൊളിക്കൽ നിയമക്കുരുക്കിലേക്ക്. ഉടമകളും നിർമ്മാതാക്കളും തമ്മിലുള്ള നിയമയുദ്ധങ്ങളെ തുടർന്ന് ടവറുകളിൽ നിന്ന് താമസക്കാരെ ഒഴിപ്പിച്ച്, പൊളിച്ച്, പുനർനിർമ്മിക്കാനുള്ള ചുമതല ഹൈക്കോടതി ജില്ലാ കളക്ടറെ ഏൽപ്പിച്ചിരിക്കുകയാണ്. എന്നാൽ ഇക്കാര്യങ്ങളിൽ നേരിട്ട് ഇടപെടാതെ കെട്ടിടത്തെ തകർച്ചയിലേക്ക് വഴിയൊരുക്കിയ ആർമി വെൽഫെയർ ഹൗസിംഗ് ഓർഗനൈസേഷൻ (എ.ഡബ്ല്യു.എച്ച്.ഒ) നേരിട്ട് ചുമതലകൾ നിർവഹിക്കാനുള്ള സാഹചര്യമാണ് കളക്ടർ ഒരുക്കുന്നതെന്ന ആരോപണവുമായി ഏതാനും ഫ്ളാറ്റുടമകൾ രംഗത്തുവന്നതോടെ പ്രതിസന്ധി സങ്കീർണമാവുകയാണ്. കളക്ടർ ആവശ്യപ്പെടുന്ന പ്രകാരം തുക എ.ഡബ്ല്യു.എച്ച്.ഒ സമിതിയുടെ അക്കൗണ്ടിലേക്ക് കൈമാറണമെന്നാണ് ഉത്തരവ്. അതിന് പകരം എ.ഡബ്ല്യു.എച്ച്.ഒയും റെസിഡന്റ്സ് അസോസിയേഷനും ചേർന്ന് സാമ്പത്തിക കാര്യങ്ങൾ നിർവഹിക്കാനാണ് കളക്ടർ നിർദേശിച്ചിട്ടുള്ളത്.
സൈനികർക്കും വിമുക്ത ഭടന്മാർക്കുമായി നിർമ്മിച്ചതാണ് 29 നിലയുള്ള രണ്ട് ആർമി ടവറുകൾ. കരസേനയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ളതാണ് എ.ഡബ്ല്യു.എച്ച്.ഒ. ഫ്ളാറ്റ് റെസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികളും ഇവർക്കൊപ്പം ഒത്തുകളിക്കുകയാണെന്ന ആരോപണവുമായി ഒരു വിഭാഗം ഫ്ളാറ്റുടമകളും രംഗത്തുണ്ട്. ഹൈക്കോടതി വിധിക്കെതിരെ എ.ഡബ്ല്യു.എച്ച്.ഒയും ഫ്ളാറ്റുടമകളും സുപ്രീം കോടതിയിൽ അപ്പീൽ നൽകിയിരുന്നു.
എ.ഡബ്ല്യു.എച്ച്.ഒയും കരാറുകാരായ ശില്പി കൺസ്ട്രക്ഷനും ആർക്കിടെക്ടായ അജിത് അസോസിയേറ്റ്സും നടത്തിയ അഴിമതിയും നിലവാരമില്ലാത്ത നിർമ്മാണവുമാണ് ടവറുകൾ തകരാൻ ഇടയൊരുക്കിയതെന്നാണ് ആരോപണം.
250 കോടിയുടെ പുനർനിർമ്മാണം
പുനർമ്മാണത്തിനായി 250 കോടി രൂപയുടെ പദ്ധതിയാണ് ഹൈക്കോടതി അംഗീകരിച്ചിട്ടുള്ളത്. ഫണ്ട് എ.ഡബ്ല്യു.എച്ച്.ഒ പ്രത്യേക സമിതിയുടെ അക്കൗണ്ടിലേക്ക് കൈമാറണമെന്നുണ്ടെങ്കിലും ഫ്ളാറ്റുടമകൾക്ക് മാറിതാമസിക്കാനുള്ള വാടകപോലും കൃത്യമായി നൽകിയില്ല. ഇതിന്റെ പേരിൽ ജില്ലാ കളക്ടർ കോടതിഅലക്ഷ്യക്കേസുകളും നേരിടേണ്ടി വന്നു.
എഡിഫൈസിന് പൊളിക്കൽ ചുമതല നൽകിയേക്കും
രണ്ട് ടവറുകളും പൊളിക്കാനുള്ള കരാർ മരട് ഫ്ളാറ്റുകൾ പൊളിച്ച എഡിഫൈസ് എൻജിനിയറിംഗിന് തന്നെ നൽകാനാണ് സാദ്ധ്യത. കഴിഞ്ഞ ദിവസം ചേർന്ന സബ് കമ്മിറ്റി ടെൻഡറുകൾ പരിശോധിച്ചതിൽ ഇവരെയാണ് യോഗ്യരായി കണ്ടെത്തിയത്. ജൂൺ 9ന് കളക്ടറുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗം അന്തിമതീരുമാനമെടുത്തേക്കും. ഒമ്പത് കമ്പനികളാണ് ടെൻഡറുകൾ സമർപ്പിച്ചിരുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |