
കൊച്ചി: തുറമുഖങ്ങളെ പരിസ്ഥിതിസൗഹൃദമാക്കുന്ന ഹരിത ടഗ്ഗ് പരിവർത്തന പദ്ധതിക്ക് (ജി.ടി.ടി.പി) കൊച്ചിയിൽ തുടക്കം. പദ്ധതിയുടെ ആദ്യഘട്ടമായി രണ്ട് അത്യാധുനിക ഇലക്ട്രിക് ടഗ്ഗുകൾ കൊച്ചിൻ ഷിപ്പ്‌യാർഡിൽ നിർമ്മിക്കും.
ടഗ്ഗുകൾക്ക് ആവശ്യമായ പവർ, പ്രൊപ്പൽഷൻ സംവിധാനങ്ങൾ നൽകാൻ ആഗോള സാങ്കേതികവിദ്യ കമ്പനിയായ എ.ബി.ബിയുമായി കരാർ ഒപ്പിട്ടു. പോളാർ മാരിടൈം കമ്പനിക്കായി നിർമ്മിക്കുന്ന പരിസ്ഥിതി സൗഹൃദ ടഗ്ഗുകൾ 2027ൽ കൈമാറും. രാജ്യത്തെ ഏറ്റവും വലിയ കണ്ടെയ്നർ തുറമുഖമായ മുംബയിലെ ജവഹർലാൽ നെഹ്‌റു പോർട്ട് അതോറിട്ടിയിൽ ഇവ സർവീസ് നടത്തും.
തുറമുഖങ്ങളിൽ വലിയ കപ്പലുകളെ നിയന്ത്രിക്കുന്നതിന് ഉപയോഗിക്കുന്ന ചെറുകപ്പലുകളാണ് ടഗ്ഗുകൾ. തുറമുഖങ്ങളിൽ നിന്നുള്ള കാർബൺ പുറന്തള്ളൽ കുറയ്ക്കാനാണ് ഡീസൽ ടഗ്ഗുകൾക്ക് പകരം ഇലക്ട്രിക് ഉൾപ്പെടെയുള്ള ഹരിത ടഗ്ഗുകൾ കൊണ്ടുവരാനുള്ള പദ്ധതി കേന്ദ്ര സർക്കാർ ആവിഷ്കരിച്ചത്. 2024 മുതൽ 2040 വരെ അഞ്ച് ഘട്ടങ്ങളിലായാണ് പദ്ധതി നടപ്പാക്കുന്നത്.
വൈദ്യുത ടഗ്ഗുകളുടെ പ്രവർത്തനത്തിന് ഇലക്ട്രിക്കൽ, പ്രൊപ്പൽഷൻ, ഓട്ടോമേഷൻ, ഡിജിറ്റലൈസേഷൻ സംവിധാനങ്ങളാണ് എ.ബി.ബി നൽകുന്നത്.
സങ്കീർണമായ എൻജിനിയറിംഗ് ദൗത്യമാണ് എ.ബി.ബിയുടെ പങ്കാളിത്തത്തോടെ ഏറ്റെടുക്കുന്നതെന്ന് കൊച്ചിൻ ഷിപ്പ്‌യാർഡ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോസ് വി.ജെ പറഞ്ഞു. തുറമുഖ മലിനീകരണം കുറയ്ക്കുന്നതിൽ നിർണായക ചുവടുവയ്പ്പാണ് പദ്ധതിയെന്ന് എ.ബി.ബി മറൈൻ ആൻഡ് പോർട്ട്സ് ഡിവിഷൻ പ്രസിഡന്റ് റൂൺ ബ്രാസ്റ്റഡും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |