SignIn
Kerala Kaumudi Online
Tuesday, 09 June 2026 12.03 AM IST

പ്രതിസന്ധി രൂക്ഷം; ജി ഫോം നൽകി നിരത്തൊഴിയാൻ സ്വകാര്യബസുകൾ

f

കൊച്ചി: ഒരുവശത്ത് ഇന്ധനവിലക്കയറ്റം, മറുവശത്ത് കെ.എസ്.ആർ.ടി.സിയിൽ സ്ത്രീകൾക്ക് സൗജന്യയാത്ര. പ്രതിസന്ധി രൂക്ഷമാകുമെന്ന് ഉറപ്പായതോടെ ജി ഫോമിൽ അഭയം തേടാനൊരുങ്ങി സ്വകാര്യ ബസുടമകൾ. താത്കാലികമായി സർവീസിൽനിന്ന് പിന്മാറാനുള്ള അപേക്ഷയാണിത്. വിട്ടുനിൽക്കുന്ന കാലയളവിൽ ബസുകളെ നികുതിയിൽനിന്ന് ഒഴിവാക്കും. മൂന്നുമാസത്തിനുശേഷം സാഹചര്യം അനുകൂലമായാൽ സർവീസ് പുനരാരംഭിക്കാനാണ് പല ബസുടമകളുടെയും തീരുമാനം.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ നൂറോളം ബസുകളാണ് നഗരത്തിൽ സർവീസ് നിറുത്തിയത്. കൊവിഡിനുമുമ്പ് 650 സിറ്റി സർവീസ് ബസുകൾ ഉണ്ടായിരുന്നത് നിലവിൽ 550ആയി ചുരുങ്ങി. സംസ്ഥാനത്താകെ 2020ന് മുമ്പ് 30,000ഓളം സ്വകാര്യബസുകൾ ഉണ്ടായിരുന്നത് 12,000ൽ താഴെയായി കുറഞ്ഞു.

ബസുകളുടെ എണ്ണം കുറയുന്നത് യാത്രക്കാരെയും ദുരിതത്തിലാക്കുന്നു. നിലവിൽ സ്ത്രീകളും അന്യസംസ്ഥാന തൊഴിലാളികളുമാണ് സ്വകാര്യബസുകളുടെ പ്രധാന വരുമാനസ്രോതസ്. ഗതാഗതക്കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ യാത്രക്കാർ കൊച്ചി മെട്രോയെയും ഓൺലൈൻ ടാക്സികളെയും ആശ്രയിക്കുന്നതും തിരിച്ചടിയായി. ഇടത്തരക്കാർ സ്വന്തം വാഹനങ്ങളിലേക്ക് മാറിയതോടെ ബസുകളിലെ തിരക്ക് ഗണ്യമായി കുറഞ്ഞു.

വ്യവസായത്തെ തകർക്കുന്നത്

യാത്രക്കാരുടെ കുറവ്, ഇന്ധനവില വർദ്ധന, കൊച്ചി മെട്രോയുടെ വ്യാപനം എന്നിവയാണ് പ്രധാന തിരിച്ചടികൾ

2015ൽ ലിറ്ററിന് 48 രൂപയായിരുന്ന ഡീസൽവില 104.15 രൂപയിലെത്തി

ഒരുബസിന് പ്രതിദിനം ശരാശരി 80ലിറ്റർ ഡീസൽ ആവശ്യമാണ്

ഇന്ധനച്ചെലവിൽ മാത്രം പ്രതിദിനം 2,000 രൂപയുടെ അധിക ബാദ്ധ്യതയുണ്ടാകുന്നു

തൊഴിലാളികളുടെ കൂലി, സ്പെയർ പാർട്സ് ചെലവ് എന്നിവയും വർദ്ധിച്ചു

ഇൻഷ്വറൻസിന് മാത്രം പ്രതിവർഷം 80,000 മുതൽ ഒരുലക്ഷംരൂപവരെ നൽകണം

മൂന്നുമാസം കൂടുമ്പോൾ 29,990 രൂപ നികുതിയായും 3,150 രൂപ ക്ഷേമനിധിയായും അടയ്ക്കണം

വരുമാനവും ചെലവും തമ്മിലുള്ള വലിയ അന്തരം വ്യവസായത്തെ തകർക്കുന്നു

ഒരു ലിറ്റർ ഡീസലിന് 22 രൂപയാണ് സർക്കാരിലേക്ക് ടാക്സ് നൽകുന്നത്. ഒരു ബസ് പ്രതിദിനം 1,600 രൂപയോളം ഡീസൽ, റോഡ് ടാക്സ് ഇനങ്ങളിൽ സർക്കാരിലേക്ക് നൽകുന്നുണ്ട്. നിലവിലെ പ്രതിസന്ധി മറികടക്കാൻ ഡീസൽ സബ്സിഡി അനുവദിക്കണം.
കെ.ബി. സുനീർ, ജില്ലാ പ്രസിഡന്റ്, പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM, PVT BUS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL