
ആലുവ: നഗരമദ്ധ്യത്തിൽ പ്രവർത്തനം നിലച്ച കാത്തായി കോട്ടൺമിൽ വളപ്പിൽ രഹസ്യവിവരത്തെ തുടർന്ന് എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് തോട്ടം കണ്ടെത്തി. ശരാശരി ആറടിയോളം ഉയരമുള്ള 10 കഞ്ചാവ് ചെടികളാണ് കണ്ടെത്തിയത്. മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതിനായി എക്സൈസ് വകുപ്പ് നടപ്പാക്കിയ ഓപ്പറേഷൻ തണ്ടറിന്റെ ഭാഗമായി ഇന്നലെ ഉച്ചയ്ക്ക് 12.45ന് ആലുവ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ടി.എസ്. പ്രമോദിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. നഷ്ടത്തെ തുടർന്ന് വർഷങ്ങൾക്ക് മുമ്പ് അടച്ചുപൂട്ടിയ സ്ഥാപനമാണ് കാത്തായി കോട്ടൺ മിൽസ്. അടുത്തിടെ കെട്ടിടങ്ങളെല്ലാം കരാറുകാർ പൊളിച്ച് നീക്കിയിരുന്നു. പെരുമ്പാവൂർ ദേശസാത്കൃത റോഡിന് അഭിമുഖമായി ഉറപ്പുള്ള മതിലും ഗേറ്റും ഉണ്ടെങ്കിലും സൈഡിലൂടെയുള്ള പൈപ്പ് ലൈൻ റോഡിന്റെ അതിരിൽ മതിൽ പൂർണമായും തകർന്നിരിക്കുകയാണ്. പുല്ലും വള്ളിപ്പടർപ്പുകളും നിറഞ്ഞിട്ടുമുണ്ട്. ഇതിന്റെ മറവിൽ ലഹരിമാഫിയ കഞ്ചാവ് നട്ടുവളർത്തിയതാണെന്ന് കരുതുന്നു.
കേസെടുത്ത എക്സൈസ് സംഘം പ്രതിക്കായി അന്വേഷണം ആരംഭിച്ചു. അസി. ഇൻസ്പെക്ടർ അനിൽ കുമാർ, സിവിൽ എക്സൈസ് ഓഫീസർ ബേസിൽ കെ. തോമസ്, ഡ്രൈവർ പ്രദീപ് എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |