SignIn
Kerala Kaumudi Online
Saturday, 13 June 2026 3.16 AM IST

ജില്ലാ കളക്ടർ ഉത്തരവിട്ടു: റൂറൽ ജില്ലാ പൊലീസ് ആസ്ഥാനം പോഞ്ഞാശേരിയിലേക്ക് മാറും

sp-office

അടുത്തയാഴ്ച മാറും

ആലുവ: നിലവിലുള്ള കെട്ടിടത്തിന്റെ ബലക്ഷയവും പുതിയ കെട്ടിട നിർമ്മാണം ഇഴയുന്നതിനാലും റൂറൽ ജില്ലാ പൊലീസ് ആസ്ഥാനം താത്കാലികമായി പോഞ്ഞാശേരിയിലേക്ക് മാറ്റാൻ ജില്ലാ ദുരന്തനിവാരണ സേന ചെയർപേഴ്സൺ കൂടിയായ ജില്ലാകളക്ടർ ജി. പ്രിയങ്ക ഉത്തരവിട്ടു.

തൊഴിൽവകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ഭവനം ഫൗണ്ടേഷൻ ജനനി പാർപ്പിട പദ്ധതിയിൽ നിർമ്മാണം പൂർത്തിയായ കെട്ടിടത്തിലേക്കാണ് മാറ്റുന്നത്. തുടർനടപടികളെടുക്കാൻ ജില്ലാ ലേബർ ഓഫീസറെ (എൻഫോഴ്സ്മെന്റ്) കളക്ടർ ചുമതലപ്പെടുത്തി. ജില്ലാ പൊലീസ് മേധാവിയുടെ കത്തും അറക്കപ്പടി വില്ലേജ് ഓഫീസറുടെയും ഹസാർഡ് അനലിസ്റ്റിന്റെയും റിപ്പോർട്ടുകളും 11ന് അടിയന്തരപ്രാധാന്യത്തോടെ പരിഗണിച്ചാണ് ഉത്തരവ്.

പോഞ്ഞാശേരിയിൽ രണ്ട് ഏക്കറിലേറെ സ്ഥലത്ത് (ചുണ്ടമല ഹിൽവ്യൂ) 12 നിലകളിലായി 74 ഫ്ലാറ്റുകളുണ്ട്. ഓരോ ഫ്ലാറ്റിനും 715 ചതുരശ്ര അടിയാണ് വിസ്തീർണം. ഇവിടേക്കാണ് മാറുന്നത്.

42 വർഷം പിന്നിട്ട കെട്ടിടത്തിന് ബലക്ഷയം

നിലവിലുള്ള ഓഫീസ് കെട്ടിടം 1984ലാണ് മൂന്ന് നിലകളിലായി നിർമ്മിച്ചത്. കെട്ടിടത്തിന് ഘടനാപരമായ സ്ഥിരത 20 ശതമാനമായി കുറഞ്ഞതിനാൽ ഉപയോഗയോഗ്യമല്ലെന്ന് പി.ഡബ്ല്യു.ഡി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതുസംബന്ധിച്ച് വിദ്ഗദ്ധസമിതിയുടെ സാങ്കേതിക റിപ്പോർട്ടുകളുമുണ്ട്. 200 ഉദ്യോഗസ്ഥർ ജോലി ചെയ്യുന്നു. യോഗങ്ങളോ മറ്റ് പരിപാടികളോ നടക്കുന്ന ദിവസങ്ങളിൽ 200ലേറെ ആളുകൾ അധികമായുമെത്തും.

പൂട്ടിക്കിടക്കുന്ന കെട്ടിടവും വിട്ടുതന്നില്ല

ജില്ലാ പൊലീസ് ആസ്ഥാനം താത്കാലികമായി പോലും ആലുവയിൽ നിന്ന് മാറ്റണമെന്ന് പൊലീസും ആഗ്രഹിച്ചിരുന്നില്ല. എസ്.പി ഓഫീസിൽ നിന്ന് 300മീറ്ററകലെ പട്ടികജാതി വികസന വകുപ്പിന്റെ പോസ്റ്റ് മെട്രിക്ക് ഹോസ്റ്റൽ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞിട്ടും അഞ്ച് വർഷത്തിലേറെയായി അടഞ്ഞുകിടക്കുകയാണ്. ഇത് താത്കാലികമായി ലഭ്യമാക്കുന്നതിന് ശ്രമിച്ചെങ്കിലും നടന്നില്ല.

പുതിയ കെട്ടിടനിർമ്മാണം ഇഴയുന്നു

മൂന്നുവർഷത്തിനകം പൂർത്തീകരിക്കുമെന്ന് പ്രഖ്യാപിച്ച് 2022 മാർച്ച് 15ന് ആരംഭിച്ച റൂറൽ ജില്ലാ പൊലീസ് ആസ്ഥാനമന്ദിര നിർമ്മാണം നാലുവർഷം പിന്നിട്ടിട്ടും ഇഴയുന്നു. 36,000 ചതുരശ്രയടി വിസ്തീർണത്തിൽ അഞ്ചുനിലകളിലാണ് കെട്ടിടം. 10.8 കോടി ചെലവിൽ പൊലീസ് ഹൗസിംഗ് ആൻഡ് കൺസ്ട്രക്ഷൻ കോർപ്പറേഷനാണ് നിർമ്മാണം. ആദ്യഘട്ടം ലഭിച്ച അഞ്ചുകോടിരൂപയുടെ നിർമ്മാണം പൂർത്തിയായി. അവശേഷിക്കുന്ന തുക അടുത്തിടെ ലഭിച്ചു.

ജനനി പാർപ്പിട പദ്ധതിയിൽ പോഞ്ഞാശേരിയിൽ നിർമ്മാണം പൂർത്തിയായ കെട്ടിടത്തിലേക്ക് റൂറൽ ജില്ലാ പൊലീസ് ഓഫീസിന്റെ പ്രവർത്തനം അടുത്തയാഴ്ചയോടെ താത്കാലികമായി മാറും. ഓഫീസ് പ്രവർത്തനത്തിനാവശ്യമായവ ഒരുക്കാനുണ്ട്. ആലുവയിലെ പുതിയ കെട്ടിടം പൂർത്തിയാക്കാൻ ചുരുങ്ങിയത് 18 മാസമെങ്കിലും വേണം. എന്നാൽ ആറ് മാസത്തിനകം രണ്ട് നിലകളെങ്കിലും പൂർത്തിയാക്കി ജില്ലാ പൊലീസ് ഓഫീസ് തിരിച്ചുവരും. നിർമ്മാണത്തിനായി രണ്ടാംഘട്ടത്തിൽ അഞ്ച് കോടി രൂപ കൂടി ലഭ്യമായിട്ടുണ്ട്.

കെ.എസ്. സുദർശൻ

റൂറൽ ജില്ലാ പൊലീസ് മേധാവി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, POLICE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL