മാന്നാർ: അമേരിക്കയിലെ ടെക്‌സസ് ഹൂസ്റ്റൺ ശ്രീഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ അടുത്ത വർഷം നടക്കുന്ന പുനഃപ്രതിഷ്ഠയുടെ ഭാഗമായി സ്വർണ്ണക്കൊടിമരം ഉയരുന്നത് മാന്നാറിന്റെ പൈതൃക പെരുമയിൽ. മാന്നാർ കൃഷ്ണകൃപ ഹാൻഡി ക്രാഫ്റ്റ് ശിൽപ്പി സുരേഷ് പരുമലയുടെ നേതൃത്വലാണ് കൊടിമര നിർമ്മാണം. ക്ഷേത്ര സ്ഥപതി കാണിപയ്യൂർ കൃഷ്ണൻ നമ്പൂതിരി മേൽനോട്ടം വഹിക്കുന്നു. നിർമ്മാണം പൂർത്തികരിച്ച 15 സ്വർണ്ണപ്പറകളും അനുബന്ധ ഭാഗങ്ങളും വിമാന മാർഗം അമേരിക്കയിൽ എത്തിക്കും. 38 അടി പൊക്കമുള്ള കൊടിമരത്തിന്റെ തടി കോട്ടയം വേമ്പിൻകുളങ്ങര മഹാവിഷ്ണു ക്ഷേത്രത്തിൽ പ്രത്യേകം തയാറാക്കിയ എണ്ണത്തോണിയിൽ തൈലാധിവാസത്തിന് ഇട്ടിരിക്കുകയാണ്. ഇത് കപ്പൽ മാർഗം അമേരിക്കയിലെത്തിക്കും. കൊടിമരത്തിന് 15 പറകളാണുള്ളത്.
ആദ്യഘട്ടത്തിൽ വൃക്ഷം കണ്ടെത്തി തടിപ്പണികൾ മലപ്പുറം സ്വദേശി വിഷ്ണു ആചാരിയുടെ നേതൃത്വത്തിലാണ് പൂർത്തിയാക്കിയത്. തൈലാതിവാസത്തിനുള്ള പച്ചമരുന്നും എണ്ണയും തയാറാക്കിയത് എളങ്കുന്നപ്പുഴ രാജഗോപാല മേനോനാണ്. കൊടിമരം സെറ്റ് ചെയ്യുന്ന ജോലികൾക്കായി അമേരിക്കയിലേക്ക് പോകാനുള്ള തയാറെടുപ്പിലാണ് ശില്പി സുരേഷും കൂട്ടരും.
മാന്നാറിൽ നടന്ന കൊടിമര കൈമാറ്റ ചടങ്ങിൽ ക്ഷേത്രസ്ഥപതി കാണിപയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട്, പഞ്ചായത്ത് പ്രസിഡന്റ് ലിജി ആർ.പണിക്കർ, ബ്ലോക്ക് മെമ്പർ ഫ്രാൻസിസ് വി.ആന്റണി, ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ മായ അനിൽകുമാർ, ശിവദാസ് പണിക്കർ, വാദ്യകലാകാരൻ ശ്രീകുമാർ പല്ലാവൂർ, ശിൽപ്പി ശബരീശൻ, അമേരിക്കയിലെ ക്ഷേത്ര ഭാരവാഹികളായ അജിത്ത് നായർ, സുബിൻ ബാലകൃഷ്ണൻ, രൂപേഷ് അരവിന്ദാക്ഷൻ, ജോതിഷ് എന്നിവർ പങ്കെടുത്തു.
ശ്രീലങ്കയിലെ ട്രിങ്കോമാലി അയ്യപ്പക്ഷേത്രത്തിലും കൃഷ്ണകൃപ ഹാൻഡി ക്രാഫ്റ്റിന്റെ നേതൃത്വത്തിൽ കൊടിമരത്തിന്റെ പണികൾ നടന്നുവരുന്നുണ്ട്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |