കൊച്ചി: കളമശേരി കൂട്ടബലാത്സംഗ കേസിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മുഖ്യസൂത്രധാരനായ ആലപ്പുഴ സ്വദേശി ശ്രീരാജ് സ്പായിൽ ജോലി വാഗ്ദാനം ചെയ്ത് കൂടുതൽ യുവതികളെ അഭിമുഖത്തിന് ക്ഷണിച്ചതായി പൊലീസ് കണ്ടെത്തി. ശ്രീരാജിന്റെ പക്കൽ നിന്നും പിടിച്ചെടുത്ത രണ്ട് മൊബൈൽ ഫോണുകളിൽ നിന്നാണ് ഇതുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ ലഭിച്ചത്.
ഇയാൾ വിളിച്ച പതിനഞ്ച് യുവതികളുടെ പട്ടിക അന്വേഷസംഘം ശേഖരിച്ചതായാണ് വിവരം. ഈ സാഹചര്യത്തിൽ കൂടുതൽ യുവതികൾ ക്രൂരതയ്ക്ക് ഇരയായിട്ടുണ്ടോ എന്ന് അന്വേഷിക്കും. മോശം ഉദ്ദേശ്യത്തോടെ യുവതികളെ അഭിമുഖത്തിനെന്ന വ്യാജേന വിളിച്ചുവരുത്തിയതെന്നാണ് കണ്ടെത്തൽ. കേസിലെ അതിജീവിതയേയും സമാനമായ രീതിയിൽ വിളിച്ചുവരുത്തിയാണ് കൂട്ടബലാത്സംഗത്തിന് ഇരയാക്കിയത്. അതിനാൽ കേസിൽ അന്വേഷണം വ്യാപിപ്പിക്കാനാണ് പൊലീസിന്റെ തീരുമാനം.
പട്ടികയിലുള്ള 15 യുവതികളെയും അന്വേഷണ സംഘം നേരിട്ട് സമീപിച്ച് കാര്യങ്ങൾ വിശദമായി ചോദിച്ചറിയും. സ്‌പായുടെ മറവിൽ ആവശ്യക്കാർക്ക് യുവതികളെ എത്തിച്ചുകൊടുക്കുന്ന റാക്കറ്റാണ് ഇതിന് പിന്നിലെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളുടെയും ഇവർ നടത്തിയിരുന്ന സ്പാകളുടെയും ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിക്കാൻ പൊലീസ് നടപടി ആരംഭിച്ചതായാണ് വിവരം.
കേസുമായി ബന്ധപ്പെട്ട് ശ്രീരാജ്, ജിത്ത് മാർട്ടിൻ, ശരണ്യ, സഞ്ജു എന്നീ നാലുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവരെ ഇന്നലെ അതിജീവിത തിരിച്ചറിഞ്ഞിരുന്നു. അമ്മു എന്നറിയപ്പെടുന്ന ശരണ്യ അടക്കമുള്ളവർ തന്നെ അതിക്രൂരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയതായി അതിജീവിത പൊലീസിന് മൊഴി നൽകി. രാസലഹരി നൽകി പീഡിപ്പിച്ചുവെന്ന അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രതികളുടെ ഗുണ്ടാബന്ധങ്ങളെക്കുറിച്ചും ലഹരിമരുന്ന് ഉറവിടത്തെക്കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കേസിൽ ഇനിയും പ്രതികൾ അറസ്റ്റിലായേക്കുമെന്നാണ് സൂചന.
Kalamassery gang-rape probe revealed main accused Sreeraj lured 15 more women with spa job offers, prompting police to investigate further potential victims. Evidence from his phones suggests a racket operating under a spa's cover. Four accused, including Sreeraj, are arrested and identified. Police are also investigating drug-related aspects of the case.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |