സുൽത്താൻ ബത്തേരി: അമ്പുകുത്തി കരടിപ്പാറ തോമാട്ടുചാൽ റോഡുനവീകരണത്തിന്റെ ഭാഗമായി നിർമ്മിച്ച സംരക്ഷണഭിത്തിയാണ് ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം ഇല്ലാതാക്കിയത്. നടുകൊല്ലി പ്രദേശവാസികളാണ് ഇതിന്റെ ദുരിതം അനുഭവിക്കേണ്ടി വരുന്നത്. അമ്പലവയൽ പഞ്ചായത്തിലെ പാമ്പള, നടുകൊല്ലി പ്രദേശവാസികൾ തലമുറകളായി ഉപയോഗിച്ചുവന്നിരുന്ന പ്രധാന റോഡാണ് പൂർണ്ണമായും കെട്ടിയടച്ച നിലയിലുള്ളത്. ഇതോടെ പ്രദേശവാസികളുടെ വഴിമുട്ടി. നെൻമേനി പഞ്ചായത്തിലെ അമ്പുകുത്തി പത്തൊൻപതിൽ നിന്നാരംഭിച്ച് തോമാട്ടുചാലിൽ അവസാനിക്കുന്ന പാതയിലാണ് രണ്ടുവർഷത്തോളമായി നവീകരണം നടക്കുന്നത്. പാമ്പള ഭാഗത്ത് റോഡിന്റെ സംരക്ഷണഭിത്തി ഉയർത്തിനിർമിച്ചതാണ് പ്രദേശവാസികളെ ദുരിതത്തിലാക്കിയിരിക്കുന്നത്. നടുകൊല്ലി ഉന്നതിയലേക്ക് പാത തിരിയുന്ന ഭാഗത്ത് മുമ്പ് ഒരു നടവഴിയുണ്ടായിരുന്നു. റോഡ് 11 അടി വീതിയിൽ നിർമിക്കാനായി പ്രദേശവാസികൾ ഗ്രാമപ്പഞ്ചായത്തിന് സ്ഥലംവിട്ടുകൊടുക്കുകയും ചെയ്തതാണ്. യാത്രാപ്രശ്നം ചൂണ്ടിക്കാട്ടി കളക്ടർക്കും പൊതുമരാമത്ത് വകുപ്പിനും പരാതിനൽകിയെങ്കിലും നടപടിയായില്ല.
സുരക്ഷാഭിത്തി ഉയർന്നപ്പോൾ
അധികൃതർ കൈമലർത്തി
പ്രധാന റോഡിന്റെ നവീകരണം നടക്കുമ്പോൾ സുരക്ഷാഭിത്തി ഉയർത്തിക്കെട്ടുന്നത് സംബന്ധിച്ച് നാട്ടുകാർ ആശങ്കയറിയിച്ചിരുന്നു. പുതുതായി നിർമിക്കുന്ന 11അടി വീതിയുള്ള റോഡിലേക്ക് പ്രധാനപാതയിൽനിന്ന് അനുബന്ധപാത നിർമിച്ചുനൽകാമെന്ന് അമ്പലവയൽ ഗ്രാമപ്പഞ്ചായത്ത് അധികൃതർ ഉറപ്പുനൽകിയിരുന്നു. എന്നാൽ മാസങ്ങൾക്കിപ്പുറം സുരക്ഷാഭിത്തി പൂർത്തിയായപ്പോൾ എല്ലാവരും കൈമലർത്തി. ഭാരിച്ച ചിലവുവരുമെന്നതിനാൽ മാറിവന്ന പുതിയ ഭരണസമിതിയും കയ്യൊഴിഞ്ഞിരിക്കുകയാണ്. സ്വന്തംനിലയ്ക്ക് ഒന്നും ചെയ്യാനാകാതെ പ്രതിസന്ധിയിലായിരിക്കുകയാണ് നടുകൊല്ലി നിവാസികൾ.
നടുകൊല്ലിയിൽ ദുരിതം
അനുഭവിക്കുന്നത് 25 കുടുംബങ്ങൾ
നടുകൊല്ലി പ്രദേശത്തെ 25 കുടുംബങ്ങളാണിപ്പോൾ യാത്രാക്ലേശം നേരിടുന്നത്. ഏറെയും കർഷകരും സാധാരണക്കാരുമാണ്. യാത്രാസൗകര്യമില്ലാത്തതിനാൽ കൃഷിപോലും ഉപേക്ഷിക്കേണ്ട ഗതികേടിലാണ് കർഷകർ. കൃഷിക്കാവശ്യമായ സാധനങ്ങൾ ചുമന്നുകൊണ്ടുപോകാൻപോലും വൻമതിൽ തടസ്സമാണ്. തൊട്ടടുത്തുളള മറ്റൊരു വ്യക്തിയുടെ പറമ്പിലൂടെയാണ് ഇപ്പോൾ പ്രധാനപാതയലേക്ക് വരുന്നതും പോകുന്നതും. വാഹനം കൊണ്ടുപോകാനോ സ്ഥിരമായി ഈവഴിയുപയോഗിക്കാനോ സാധിക്കാത്ത സ്ഥിതിയാണ്. നടുകൊല്ലി ഉന്നതിയലേക്കുളള പ്രധാനപാതയാണിത്. പത്തുകുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഇവരും ഇപ്പോൾ ഒറ്റപ്പെട്ട അവസ്ഥയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |