SignIn
Kerala Kaumudi Online
Friday, 26 June 2026 11.44 PM IST

ആലുവ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് എന്ന് തുറക്കും?

isalation-ward

ഉദ്ഘാടനം കഴിഞ്ഞിട്ട് രണ്ടരവർഷം

ആലുവ: കൊവിഡ് കാലത്ത് നിർമ്മാണം ആരംഭിച്ച് 2024 ഫെബ്രുവരി ആറിന് മുഖ്യമന്ത്രിയായിരുന്ന പിണറായി വിജയൻ ഉദ്ഘാടനം ചെയ്ത ആലുവ ജില്ലാ ആശുപത്രിയിലെ ഐസൊലേഷൻ വാർഡ് ഇതുവരെ തുറന്നില്ല. ആരോഗ്യമന്ത്രി വീണ ജോർജിന്റെ അദ്ധ്യക്ഷതയിൽ ഓൺലൈനായാണ് ഉദ്ഘാടനം നടന്നത്.

അൻവർസാദത്ത് എം.എൽ.എയുടെ ഫണ്ടിൽ നിന്ന് 1.76 കോടി രൂപയാണ് ഐസൊലേഷൻ വാർഡിനായി അനുവദിച്ചത്. ടി.ബി രോഗികൾക്കായി ഉപയോഗിച്ചിരുന്ന കാലപ്പഴക്കം ചെന്ന കെട്ടിടം പൊളിച്ചാണ് ഐസൊലേഷൻ വാർഡ് നിർമ്മിച്ചത്. 10 രോഗികളെ ഒരേസമയം കിടത്തി ചികിത്സിക്കാൻ സൗകര്യമുണ്ട്. ടി.ബി യൂണിറ്റുള്ള ജില്ലാ ആശുപത്രിയിൽ നിലവിൽ ടി.ബി രോഗികളെ കിടത്തി ചികിത്സിക്കാൻ സൗകര്യമില്ല. ടി.ബി രോഗികൾക്ക് വേണ്ടിയെങ്കിലും ഐസൊലേഷൻ വാർഡ് തുറക്കണമെന്നതാണ് ആവശ്യം. ഉപയോഗശൂന്യമായി കിടന്ന ഐസൊലേഷൻ വാർഡിൽ നിന്നും അടുത്തിടെ ഇലക്ട്രിക്ക് വയറുകൾ മോഷണം പോയിരുന്നു.

ജീറിയാട്രിക് വാർഡും തുറന്നില്ല

ജില്ലാപഞ്ചായത്ത് രണ്ടുഘട്ടങ്ങളിലായി അനുവദിച്ച ഒന്നരക്കോടി ഉപയോഗിച്ച് നിർമ്മിച്ച ജീറിയാട്രിക് വാർഡ് ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷത്തോളമായിട്ടും തുറന്നിട്ടില്ല. 2020ൽ നിർമ്മാണം ആരംഭിച്ച ജീറിയാട്രിക് വാർഡ് 2023 ഒക്ടോബർ രണ്ടിനാണ് അന്നത്തെ ആരോഗ്യമന്ത്രി വീണ ജോർജ് ഉദ്ഘാടനം ചെയ്തത്. ലക്ഷങ്ങളുടെ ഉപകരണങ്ങളും ഫർണിച്ചറുകളും ഉപയോഗിക്കാതെ നശിക്കുകയാണ്. 60 കിടക്കകൾ, സ്ത്രീകൾക്കും പുരുഷൻമാർക്കും പ്രത്യേകം വാർഡുകൾ, ടോയ്ലറ്റ് സൗകര്യം, നഴ്സിംഗ് റൂം, സ്റ്റോർ റൂം, രോഗികളുടെ സാധനസാമഗ്രികൾ സൂക്ഷിക്കാനായി ലോക്കർ സൗകര്യങ്ങൾ, നാല് കിടക്കകളുള്ള ക്രിട്ടിക്കൽ കെയർ യൂണിറ്റ് എന്നിവയാണ് നശിക്കുന്നത്.

ലിഫ്റ്റ് ഇല്ലെന്നതാണ് അടഞ്ഞുകിടക്കാൻ കാരണം

ലിഫ്റ്റ് ഇല്ലെന്നതാണ് ജീറിയാട്രിക് വാർഡ് തുറക്കാത്തതിന് കാരണം. കാഷ്വാലിറ്റി ബ്ലോക്കിന്റെ മൂന്നാംനിലയിലാണ് വാർഡ്. രണ്ടാംനില വരെ ലിഫ്റ്റ് ഉണ്ട്. ലിഫ്റ്റ് ഇല്ലാതെ പ്രവർത്തിക്കുന്ന വാർഡുകൾ ഇവിടെ വേറെയുമുണ്ട്. അവിടെയില്ലാത്ത പ്രശ്നമാണ് ജീറിയാട്രിക് വാ‌ർഡിനുള്ളത്.

നിർമ്മാണം പൂർത്തീകരിച്ച് കൈമാറി കിട്ടിയിട്ടില്ല

കേരള മെഡിക്കൽ സർവീസസ് കോർപ്പറേഷൻ ലിമിറ്റഡ് (കെ.എം.എസ്.സി.എൽ) നിർമ്മാണം പൂർത്തീകരിച്ചിട്ടില്ല. വയറിംഗ് ജോലികൾ, ചവിട്ടുപടി, മഴവെള്ളം ഒഴുകിപോകാൻ സൗകര്യം എന്നിവ ഇനിയും ഒരുക്കാനുണ്ട്. ഇവ പൂർത്തീകരിച്ച് കൈമാറി കിട്ടിയാൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കണം. നിർമ്മാണം പൂർത്തിയായിട്ടില്ലെന്ന് ബന്ധപ്പെട്ടവരെ അറിയിച്ചിട്ടും ഉദ്ഘാടനം നിശ്ചയിക്കുകയായിരുന്നു.

ഡോ. സ്മിജി ജോർജ്

സൂപ്രണ്ട്, ആലുവ ജില്ലാ ആശുപത്രി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, HOSPITAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL