SignIn
Kerala Kaumudi Online
Saturday, 27 June 2026 7.27 AM IST

പ്ലസ് വൺ പ്രവേശനം: മെറിറ്റിൽ 18,408 പേർക്ക് അലോട്ട്‌മെന്റ്

സ്‌പോർട്‌സ് ക്വാട്ടയിൽ 422പേ‌ർ മൂന്നാം അലോട്ട്‌മെന്റ് നാളെ

കൊച്ചി: പ്ലസ് വൺ പ്രവേശനത്തിന്റെ രണ്ടാംഘട്ട നടപടികൾ പൂർത്തിയായതോടെ ജില്ലയിലെ മെറിറ്റ് സീറ്റുകളിലേക്ക് മാത്രം 18,408 വിദ്യാർത്ഥികൾക്ക് അലോട്ട്മെന്റ് ലഭിച്ചു. മെറിറ്റ് ക്വാട്ടയിൽ 11,139 പേർ സ്ഥിരപ്രവേശനം നേടി. 6,412പേർ താത്കാലികമായി പ്രവേശനവും പൂർത്തിയാക്കി. അലോട്ട്‌മെന്റ് ലഭിച്ചിട്ടും പ്രവേശനം നേടാത്തവരുടെ എണ്ണം 827ആണ്. 30 വിദ്യാർത്ഥികളുടെ പ്രവേശനത്തിന് തടസം നേരിട്ടു. സ്‌പോർട്‌സ് വിഭാഗത്തിൽ 422 പേർക്ക് അലോട്ട്‌മെന്റ് ലഭിച്ചതിൽ 202പേർ സ്ഥിരമായും 115 പേർ താത്കാലികമായും പ്രവേശനം നേടി. മോഡൽ റസിഡൻഷ്യൽ സ്കൂൾ വിഭാഗത്തിൽ 12 സീറ്റുകൾ അനുവദിച്ചതിൽ 10പേർ സ്ഥിരപ്രവേശനവും 2 പേർ താത്കാലിക പ്രവേശനവും പൂർത്തിയാക്കി. മാനേജ്‌മെന്റ് ക്വാട്ടയിലും ഐ.ടി.ഐ ഉൾപ്പെടെയുള്ള മറ്റ് കോഴ്‌സുകളിലേക്കും പ്രവേശനം നേടിയവരുടെ എണ്ണം കൂട്ടിയാൽ പ്ലസ് വൺ അപേക്ഷകരുടെ എണ്ണത്തിൽ കുറവ് വരും.

ഒരു മുഖ്യ അലോട്ടമെന്റ് കൂടി

മുഖ്യഘട്ടത്തിൽ ഇനി ഒരു അലോട്ട്‌മെന്റ് കൂടിയാണ് ബാക്കി. നാളെ മൂന്നാം അലോട്ട്‌മെന്റ് പ്രസിദ്ധീകരിക്കും. 29, 30 തിയതികളിൽ പ്രവേശനം നേടാം. ജൂലായ് 6നാണ് ക്ലാസുകൾ ആരംഭിക്കുന്നത്.

സംവരണ സീറ്റുകൾ ഒഴിഞ്ഞുതന്നെ

എസ്.സി, എസ്.ടി, ഇ.ഡബ്ല്യു.എസ് ഉൾപ്പെടെ സംവരണ സീറ്റുകളിൽ ഭൂരിപക്ഷവും ആദ്യ അലോട്ട്‌മെന്റ് മുതൽ ഒഴിഞ്ഞുകിടക്കുകയാണ്. അർഹരായ അപേക്ഷകരുടെ കുറവാണ് കാരണം. എസ്.സി, എസ്.ടി സീറ്റുകളിൽ അപേക്ഷകരില്ലെങ്കിൽ ഒ.ഇ.സി പട്ടികവർഗത്തിലെ 13 വിഭാഗങ്ങളെയും ഒ.ഇ.സി പട്ടികജാതിയിലെ ഏഴുവിഭാഗങ്ങളെയുമാണ് ആദ്യം പരിഗണിക്കുക. അതിനുശേഷവും ഒഴിവുണ്ടെങ്കിൽ പൊതുമെറിറ്റായി പരിഗണിച്ച് ഒ.ബി.സിയിലെ ഈഴവ, മുസ്‌ലിം, ലത്തീൻ കത്തോലിക്ക, എസ്.ഐ.യു.സി, ആംഗ്ലോഇന്ത്യൻ, മറ്റു പിന്നാക്ക ക്രിസ്ത്യൻ, ഹിന്ദു, വിശ്വകർമ്മ വിഭാഗങ്ങളിലെ അപേക്ഷകർക്ക് നിശ്ചിത സംവരണ ക്രമമനുസരിച്ച് നീക്കിവയ്ക്കും. ബാക്കി സീറ്റുകൾ പൊതുവിഭാഗത്തിന് കൈമാറും. ഇ.ഡബ്ല്യു.എസ് വിഭാഗത്തിൽ മിച്ചമുള്ള സീറ്റുകൾ മൂന്നാം അലോട്ട്മെന്റിൽ പൊതുമെറിറ്റിലേക്ക് കൈമാറും.

ജില്ലയിലെ ആകെ സീറ്റുകൾ: 36,659

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, PLUS ONE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL