SignIn
Kerala Kaumudi Online
Sunday, 28 June 2026 2.15 AM IST

സെൽഫ് എന്യൂമറേഷനിൽ ജില്ല ഫസ്റ്റേയ്.... !!

census

കൊച്ചി: ഡിജിറ്റൽ സെൻസസിന്റെ ഭാഗമായുള്ള സെൽഫ് എന്യൂമറേഷനിൽ ഒരു ലക്ഷം പേർ വിവരങ്ങൾ രേഖപ്പെടുത്തിയ സംസ്ഥാനത്തെ ആദ്യ ജില്ലയായി എറണാകുളം മാറി. ജൂൺ 26 വൈകിട്ട് അഞ്ച് വരെയുള്ള കണക്കനുസരിച്ച് ജില്ലയിൽ 1,04,491 പേർ ഓൺലൈനായി വിവരങ്ങൾ സമർപ്പിച്ചു. ഈ മാസം 16നാണ് സ്വന്തമായി പോർട്ടൽ വഴി വിവരങ്ങൾ സമർപ്പിക്കാനുള്ള സെൽഫ് എന്യൂമറേഷന് സംസ്ഥാനത്ത് തുടക്കമായത്.

30 വരെ ഓൺലൈനായി വിവരങ്ങൾ നൽകാം. രണ്ടു ഘട്ടങ്ങളിലായിട്ടാണ് സെൻസസ് നടപടികൾ.

മൊബൈൽ ഫോൺ ഉപയോഗിച്ച് ലളിതമായി വിവരങ്ങൾ സമർപ്പിക്കാൻ സാധിക്കും. ഇതിനായി census.gov.in എന്ന പോർട്ടലിൽ പ്രവേശിക്കണം. സ്വന്തം മൊബൈൽ നമ്പർ നൽകുമ്പോൾ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യാം.

തുടർന്ന് വീടിന്റെ ലൊക്കേഷൻ കൃത്യമായി അടയാളപ്പെടുത്തുമ്പോൾ, കുടുംബാംഗങ്ങളുടെ വിവരങ്ങളും വീട്ടിലെ സൗകര്യങ്ങളും സംബന്ധിച്ച 33 ചോദ്യങ്ങളടങ്ങിയ ഡിജിറ്റൽ ഫോം സ്‌ക്രീനിൽ തെളിയും. ഈ ചോദ്യങ്ങൾക്ക് കൃത്യമായ വിവരങ്ങൾ നൽകി സബ്മിറ്റ് ചെയ്യുമ്പോൾ മൊബൈൽ നമ്പറിലേക്ക് ഒരു റഫറൻസ് നമ്പർ സന്ദേശമായി ലഭിക്കും. ഭാവി ആവശ്യങ്ങൾക്കായി ഈ കോഡ് സൂക്ഷിച്ചുവയ്ക്കണം.

വാടകയ്ക്ക് താമസിക്കുന്നവർ ഇപ്പോൾ താമസിക്കുന്ന സ്ഥലത്തെ വിവരങ്ങളാണ് പൂരിപ്പിക്കേണ്ടത്. വീടുകളുടെ കണക്കെടുപ്പും പട്ടികപ്പെടുത്തലുമാണ് ഒന്നാം ഘട്ടത്തിൽ നടക്കുക. ജൂലായ് 1 മുതൽ 30 വരെ സെൻസസ് ഉദ്യോഗസ്ഥർ ഭവന സന്ദർശനത്തിനായി നേരിട്ട് വീടുകളിലെത്തും. സെൽഫ് എന്യൂമറേഷൻ വഴി വിവരങ്ങൾ നൽകിയവർ റഫറൻസ് നമ്പർ മാത്രം ഉദ്യോഗസ്ഥർക്ക് കൈമാറിയാൽ മതിയാകും. രണ്ടാംഘട്ടമായ ജനസംഖ്യാ കണക്കെടുപ്പ് 2027 ഫെബ്രുവരി, മാർച്ച് മാസങ്ങളിലായിരിക്കും.


വിവരങ്ങൾ രേഖപ്പെടുത്തുമ്പോൾ തെറ്റുകൾ സംഭവിച്ചാൽ ആശങ്കപ്പെടേണ്ടതില്ല. ജൂലായ് ഒന്ന് മുതൽ സെൻസസ് ഉദ്യോഗസ്ഥർ വീടുകൾ സന്ദർശിക്കുമ്പോൾ ഇവ തിരുത്താനാകും.
ജി. പ്രിയങ്ക
ജില്ലാ കളക്ടർ

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL