ആലുവ: മൂന്നര വയസുകാരിയുടെ ശ്വാസനാളത്തിൽ കുടുങ്ങിയ നിലക്കടല രാജഗിരി ആശുപത്രിയിൽ വിജയകരമായി പുറത്തെടുത്തു. ആലുവ സ്വദേശിയും പ്രവാസിയുമായ മുഹമ്മദ് ഹാരിഷിന്റെ മകൾ ഫാത്തിമ സഹറയ്ക്കാണ് ഡോക്ടർമാരുടെ കൃത്യമായ ഇടപെടലിലൂടെ പുതുജീവൻ ലഭിച്ചത്.
ഖത്തറിൽ വച്ചാണ് അബദ്ധത്തിൽ കുഞ്ഞിന്റെ ശ്വാസനാളത്തിൽ നിലക്കടല കുടുങ്ങിയത്. സംഭവസമയത്ത് കുട്ടി ഛർദ്ദിച്ചതിനാൽ അപായമൊന്നുമില്ലെന്ന് കരുതി. എന്നാൽ പിറ്റേന്ന് മുതൽ കുട്ടി ശ്വാസമെടുക്കുമ്പോൾ അസ്വാഭാവികമായ ശബ്ദമുണ്ടായി. തുടർന്ന് ഖത്തറിലെ ആശുപത്രിയിൽ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താനായില്ല. ഒരാഴ്ചയ്ക്ക് ശേഷം കുട്ടിക്ക് കടുത്ത പനി ബാധിച്ചതിനെ തുടർന്ന് മറ്റൊരു ക്ലിനിക്കിൽ കാണിച്ചെങ്കിലും ഇൻഫെക്ഷനുള്ള മരുന്ന് നൽകി മടക്കി.
പനി ആവർത്തിച്ചതോടെ ആശങ്കയിലായ മാതാപിതാക്കൾ കുട്ടിയുമായി വിദഗ്ദ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിൽ എത്തുകയായിരുന്നു. പൾമണോളജി വിഭാഗം മേധാവി ഡോ. എ. ആർ. പരമേശിന്റെ നേതൃത്വത്തിൽ നടത്തിയ സി.ടി സ്കാനിൽ നിലക്കടല ശ്വാസനാളത്തിൽ കുടുങ്ങിക്കിടക്കുന്നതായി വ്യക്തമായി. കുഞ്ഞിന്റെ പ്രായം കണക്കിലെടുത്ത്, പീഡിയാട്രിക് ബ്രോങ്കോസ്കോപ്പ് ഉപയോഗിച്ച് ഡോക്ടർമാർ വളരെ വിദഗ്ദ്ധമായി നിലക്കടല പുറത്തെടുക്കുകയായിരുന്നു. സെറീന മോഹൻ (പീഡിയാട്രിക്സ്), ഡോ. സൗമ്യ മേരി തോമസ് (പീഡിയാട്രിക് ക്രിട്ടിക്കൽ കെയർ) എന്നിവരുടെ കൂടി നേതൃത്വത്തിലായിരുന്നു ചികിത്സ.
കുട്ടികൾ അബദ്ധത്തിൽ എന്തെങ്കിലും വസ്തുക്കൾ വിഴുങ്ങുകയോ ശ്വാസനാളത്തിൽ കുടുങ്ങുകയോ ചെയ്തതായി സംശയം തോന്നിയാൽ, ഉടനെ തന്നെ വിദഗ്ദ്ധ പരിചരണം ഉറപ്പാക്കി സങ്കീർണതകൾ ഒഴിവാക്കണം
ഡോ. എ.ആർ. പരമേശ്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |