SignIn
Kerala Kaumudi Online
Friday, 03 July 2026 4.38 AM IST

ആനകൾ വീണ്ടും ഭീഷണിയായി; തുരത്തിയത് ആറെണ്ണത്തെ

elephant
പുന്നേക്കാട് പ്ലാന്റേഷനിൽ തമ്പടിച്ചിരുന്ന കാട്ടുകൊമ്പൻമാരെ തുരത്തി ഓടിക്കുന്നു

കോതമംഗലം: കീരമ്പാറ പഞ്ചായത്തിലെ പുന്നേക്കാട്ടെ വനംവകുപ്പിന്റെ പ്ലാന്റേഷനിൽ ജനവാസമേഖലയ്ക്ക് സമീപം തമ്പടിച്ചിരുന്ന കാട്ടുകൊമ്പൻമാരെ വനത്തിലേക്ക് തുരത്തി. നാല് കൊമ്പൻമാരെ ഉച്ചയോടെയാണ് തുരത്തിയത്. മറ്റ് രണ്ടെണ്ണത്തിനെ രാവിലെ തന്നെ ഓടിച്ചിരുന്നു. പെരിയാറിന്റെ മറുകരയിലെ വനത്തിലേക്കാണ് ആനകളെ ഓടിച്ചത്. മണിക്കൂറുകൾ നീണ്ടുനിന്ന ഉദ്യമത്തിൽ വനപാലകരും വനംസംരക്ഷണ സമിതി പ്രവർത്തകരും ജനപ്രതിനിധികളും പങ്കാളികളായി.

മുമ്പ് പലവട്ടം ചെയ്തതിന്റെ ആവർത്തനമായിരുന്നു ഇത്. വനത്തിലേക്ക് പോകുന്ന ആനകൾ വൈകാതെ മടങ്ങിയെത്തുന്നത് പതിവാണ്. ചേലമല മേഖലയിൽ തമ്പടിക്കുന്ന ആനകൾ കൃഷിയിടങ്ങളിലേക്ക് കടന്നുകയറി നാശം വിതയ്ക്കും. പുന്നേക്കാട്-തട്ടേക്കാട് റോഡിലും റോഡിനോട് ചേർന്നും നിലയുറപ്പിക്കുന്നത് യാത്രക്കാർക്കും ഭീഷണിയാണ്. ആനകൾ പെരിയാർ നീന്തികടന്ന് പ്ലാന്റേഷനിലേക്ക് കയറുന്നത് തടയാൻ ഫെൻസിംഗ് സ്ഥാപിച്ചെങ്കിലും ഫലപ്രദമല്ല. വനാതിർത്തിയിൽ ട്രഞ്ച് താഴ്ത്തണമെന്ന നാട്ടുകാരുടെ ആവശ്യത്തോട് അധികാരികൾ മുഖം തിരിക്കുകയാണ്.

ആന ചരിഞ്ഞത് വനംവകുപ്പ് അന്വേഷിക്കും

കോതമംഗലം കോട്ടപ്പടിയിൽ റേഡിയോ കോളർ ഘടിപ്പിച്ച കാട്ടാന ചരിഞ്ഞ സംഭവത്തിൽ വനം വകുപ്പ് അന്വേഷണം നടത്തും. ജനവാസ കേന്ദ്രത്തിലിറങ്ങിയ കാട്ടാനയുടെ വായിൽ പൊള്ളലേറ്റതിനടക്കം കേസ് എടുക്കാനും ചീഫ് വൈൽഡ് ലൈഫ് വാർഡൻ ഡോ. പി. പുകഴേന്തി മലയാറ്റൂർ ഡി.എഫ്.ഒയ്ക്ക് നിർദേശം നൽകി.

ജനവാസ കേന്ദ്രത്തിൽ തമ്പടിച്ച കാട്ടാനയ്‌ക്ക് ഭക്ഷണമെടുക്കാൻ കഴിയാത്ത തരത്തിൽ പൊള്ളലേറ്റിരുന്നു. ഭക്ഷണം കഴിക്കാതെ അവശനിലയിലായിരുന്ന കാട്ടാനയെ മയക്കുവെടി നൽകി റേഡിയോ കോളർ ഘടിപ്പിക്കുകയായിരുന്നു. മയക്കുവെടി നൽകിയ ആനയെ ജെ.സി.ബി ഉപയോഗിച്ച് മാറ്റുമ്പോഴും പരിക്കേറ്റതായി പരിസ്ഥിതി സംഘടനയായ അനക് ട്രസ്റ്റ് ചൂണ്ടിക്കാട്ടിയിരുന്നു. കേന്ദ്ര വനം - പരിസ്ഥിതി മന്ത്രാലയത്തിന്റെ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയാണ് മയക്കുവെടി നൽകിയതെന്നും ആനയ്ക്ക് പരിക്കേറ്റതിൽ കേസെടുത്തില്ലെന്നും ചൂണ്ടിക്കാട്ടി അനക് ട്രസ്റ്റ് പരാതി നൽകിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL