
കൊച്ചി: ഓപ്പറേഷൻ തൂഫാൻ ഒരുമാസം പിന്നിടുന്ന വേളയിൽ പെരുമ്പാവൂരിനെ ലഹരിമുക്തമാക്കാനുള്ള ജനകീയ ബോധവത്കരണ ക്യാമ്പയിൻ 'തൂഫാൻ ജാഗരൺ" ഇന്ന് ആരംഭിക്കും. അന്യസംസ്ഥാന തൊഴിലാളികളെ മറയാക്കി ലഹരി വിപണനം വ്യാപകമായ പെരുമ്പാവൂരിലെ ജനകീയ ചെറുത്തുനിൽപ്പുകൾക്ക് പിന്തുണ നൽകുന്നതിനാണ് ആഭ്യന്തര മന്ത്രി നേരിട്ടെത്തുന്നത്.
പെരുമ്പാവൂർ ബോയ്‌സ് ഹൈസ്‌കൂളിൽ നിന്ന് ഉച്ചയ്ക്ക് 2.30ന് ആരംഭിക്കുന്ന ബഹുജനറാലി രമേശ് ചെന്നിത്തല നയിക്കും. തുടർന്ന് നഗര മദ്ധ്യത്തിൽ തൂഫാൻ പതാക ഉയർത്തും. ഫാസ് ഓഡിറ്റോറിയത്തിൽ നടക്കുന്ന മുഖാമുഖത്തിൽ വ്യാപാരി വ്യവസായികൾ, സാമുദായിക, സാമൂഹിക നേതാക്കൾ, ലഹരിവിരുദ്ധ പ്രവർത്തകർ, വിദ്യാർത്ഥികൾ തുടങ്ങിയവരുമായി മന്ത്രി സംവദിക്കും.
വൈകിട്ട് 5ന് ഭായ് കോളനി എന്നറിയപ്പെടുന്ന കണ്ടന്തറയിൽ തദ്ദേശവാസികളും അന്യസംസ്ഥാന തൊഴിലാളികളുമായി കൂടിക്കാഴ്ച നടത്തും. അന്യസംസ്ഥാന തൊഴിലാളികളെക്കൊണ്ട് ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കും.
ബെന്നി ബെഹ്നാൻ എം.പി, എം.എൽ.എമാരായ മനോജ് മൂത്തേടൻ, വി.പി. സജീന്ദ്രൻ, പെരുമ്പാവൂർ മുനിസിപ്പൽ ചെയർപേഴ്‌സൺ കെ.എൻ. സംഗീത, സംസ്ഥാന പൊലീസ് മേധാവി റവാഡ ചന്ദ്രശേഖർ, 'തൂഫാൻ" നോഡൽ ഓഫീസർ പുട്ട വിമലാദിത്യ, എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര, ആലുവ റൂറൽ എസ്.പി സുദർശൻ, പെരുമ്പാവൂർ എ.എസ്.പി ഹാർദ്ദിക് മീണ തുടങ്ങിയവർ പങ്കെടുക്കും. പെരുമ്പാവൂരിൽ ലഹരി വ്യാപനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ജനശ്രദ്ധയിലെത്തിച്ചവർക്ക് മന്ത്രി 'തൂഫാൻ വാറിയർ" ബാഡ്ജ് നൽകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |