കൊച്ചി: ഇന്നാരംഭിക്കുന്ന പ്ലസ് വൺ ക്ളാസുകളിലേക്കുള്ള പ്രവേശന നടപടികളുടെ മുഖ്യ അലോട്ട്‌മെന്റ് പൂർത്തിയായപ്പോൾ ജില്ലയിൽ 28,619 വിദ്യാർത്ഥികൾ പ്രവേശനം നേടി. ലഭ്യമായ 36,759 സീറ്റുകളിൽ 8,140 സീറ്റുകളാണ് ഒഴിഞ്ഞുകിടക്കുന്നത്. സപ്ലിമെന്ററി അലോട്ട്‌മെന്റുകൾക്കായി ഈ സീറ്റുകൾ ലഭ്യമാകും.
തെറ്റായ വിവരങ്ങൾ നൽകിയതു മൂലവും ഓപ്ഷനുകൾ നൽകാത്തതിനാലും അലോട്ട്‌മെന്റിന് പരിഗണിക്കാത്തവർക്ക് പുതിയ അപേക്ഷകൾ നൽകാം. നിലവിലുള്ളവ പുതുക്കാം. അപേക്ഷിച്ചിട്ടും അലോട്ട്‌മെന്റ് ലഭിക്കാത്തവർക്കും അവസരം ലഭിക്കും. തുടർ അലോട്ട്മെന്റുകൾക്കുള്ള വേക്കൻസിയും നോട്ടിഫിക്കേഷനും മുഖ്യഘട്ട പ്രവേശന സമയ പരിധിക്കുശേഷം വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും.
ക്വാട്ട തിരിച്ചുള്ള പ്രവേശന നില
ഗവൺമെന്റ് മെറിറ്റ്: ആകെ 11,240 സീറ്റുകളിൽ 10,654 പേർ പ്രവേശനം നേടി; 586 സീറ്റുകൾ ഒഴിവ്.
എയ്ഡഡ് മെറിറ്റ്: 12,932 സീറ്റുകളിൽ 12,549 പേർ അഡ്മിഷൻ പൂർത്തിയാക്കി; 383 സീറ്റുകൾ ഒഴിവ്.
മാനേജ്‌മെന്റ് ക്വാട്ട: 3,946 സീറ്റുകളിൽ 1,675 പേർ പ്രവേശനം നേടി; 2,271 സീറ്റുകൾ ഒഴിവ്.
ഒഴിവുള്ള സീറ്റുകൾ
സയൻസ്: 4,679
ഹ്യുമാനിറ്റീസ്: 1,004
കൊമേഴ്‌സ്: 2,457
പ്രവേശനോത്സവം അയ്യപ്പൻകാവ് എസ്.എൻ സ്കൂളിൽ
ജില്ലയിലെ പ്ലസ് വൺ വിദ്യാർത്ഥികൾക്കായുള്ള ജില്ലാതല പ്രവേശനോത്സവം രാവിലെ 9 മണിക്ക് അയ്യപ്പൻകാവ് എസ്.എൻ.എച്ച്.എസ്.എസിൽ നടക്കും. 'ടീമാകാം, പുതുയുഗ സ്വപ്നങ്ങൾക്കായി" എന്ന പ്രമേയത്തിലാണ് ഈ വർഷത്തെ പ്രവേശനോത്സവം.
ഭക്ഷ്യ-സിവിൽ സപ്ലൈസ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം നിർവഹിക്കും. മേയർ അഡ്വ.വി.കെ. മിനിമോൾ അദ്ധ്യക്ഷത വഹിക്കും. ലഹരിക്കെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കുന്ന 'വൺ മില്യൺ തൂഫാൻ ഗോളുകൾ" പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഹൈബി ഈഡൻ എം.പി നിർവഹിക്കും. ഹാരിസ് ബീരാൻ എം.പി മുഖ്യപ്രഭാഷണം നടത്തും.
ചടങ്ങിൽ മനോജ് മൂത്തേടൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ, കോർപ്പറേഷൻ കൗൺസിലർ ജലജ എസ്. ആചാര്യ തുടങ്ങിയവർ പങ്കെടുക്കും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |