SignIn
Kerala Kaumudi Online
Monday, 24 August 2026 2.44 AM IST

വാഹനക്കുരുക്കിൽ കിതച്ച് അങ്കമാലി,​ ജനം ദുരിതത്തിൽ

traficjam

അങ്കമാലി: അങ്കമാലി ടൗണും ക്യാമ്പ് ഷെഡ് റോഡും അങ്കമാലി മഞ്ഞപ്ര റോഡും രൂക്ഷമായ ഗതാഗതക്കുരുക്കിൽ. കഴിഞ്ഞ ഒരാഴ്ചയായി ആരംഭിച്ച ഗതാഗതക്കുരുക്ക് ഓണത്തിരക്കോടെ രൂക്ഷമാകാനാണ് സാദ്ധ്യത.
ദേശീയപാതയും എം.സി റോഡും സന്ധിക്കുന്ന ടൗണിൽ കോതകുളങ്ങര ഇറക്കം മുതൽ സെന്റ് ജോസഫ് ഹൈസ്കൂൾ ജംഗ്ഷൻ വരെയും നായത്തോട് കവല വരെയും മുഴുവൻ സമയവും വാഹനങ്ങൾ കുരുങ്ങിക്കിടക്കുകയാണ്.

തെക്കു നിന്നും വടക്കുനിന്നുമുള്ള വാഹനങ്ങൾ ടൗണിലെ കുരുക്കൊഴിവാക്കാൻ ക്യാമ്പ് ഷെഡ് റോഡ് വഴി തിരിയുന്നതോടെ ടി.ബി ജംഗ്ഷൻ പൂർണമായും സ്തംഭിക്കുന്നു. കാലടിയിലെ കുരുക്ക് ഒഴിവാക്കി മലയാറ്റൂർ പാലം വഴി കോട്ടയം ഭാഗത്തേക്ക് പോകാൻ എത്തുന്നവർ മഞ്ഞപ്ര റോഡിലും കുരുക്കുണ്ടാക്കുന്നു. ടി.ബി ജംഗ്ഷൻ മുതൽ യൂദാപുരം വരെ 1 കിലോമീറ്ററോളം വാഹനങ്ങളുടെ നീണ്ടനിര നിത്യകാഴ്ചയാണ്.

അങ്കമാലിയിലെ ഏറ്റവും തിരക്കേറിയ പഴയ മാർക്കറ്റ് റോഡിൽ കാൽനടയാത്ര പോലും അസാദ്ധ്യമായി. മുൻപ് ഓണത്തിരക്കിൽ ഇവിടെ പൊലീസ് പട്രോളിംഗ് പതിവായിരുന്നു. ടി.ബി ജംഗ്ഷനിൽ വാഹനങ്ങൾ നിയന്ത്രിച്ച് ഒറ്റവരിയായി കടത്തിവിട്ടാൽ കുരുക്കിന് പരിഹാരമാകും. നഗരസഭയും മർച്ചന്റ് അസോസിയേഷനും ഇടപെട്ട് കൂടുതൽ ട്രാഫിക് വാർഡർമാരുടെയും പൊലീസിന്റെയും സേവനം ഉറപ്പാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.

ട്രാഫിക് വാർഡർമാരെ നിയമിക്കുന്നതിനാവശ്യമായ സഹായങ്ങൾ കച്ചവടക്കാർ ചെയ്തു കൊടുക്കുന്നുണ്ട്, അനധികൃത പാർക്കിംഗ് പൂർണമായും ഒഴിവാക്കിയാൽ ടൗണിലെ ഗതാഗതക്കുരുക്ക് ഒരു പരിധി വരെ ഇല്ലാതാക്കാനാകും

എൻ.വി.പോളച്ചൻ,

പ്രസിഡന്റ്

മർച്ചന്റ്സ് അസോസിയേഷൻ

ഒടുവിൽ നഗരസഭയുടെ ഇടപെടൽ

ക്യാമ്പ്ഷെഡ് റോഡിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാൻ അനധികൃത വ്യാപാരങ്ങളും പാർക്കിംഗും നിരോധിക്കാൻ നഗരസഭ തീരുമാനിച്ചു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡിന് എതിർവശത്തെ എൻ.എച്ച് ബസ് സ്റ്റോപ്പിൽ മഞ്ഞപ്ര ബസുകൾക്ക് സ്റ്റോപ്പ് നിരോധിച്ചു. പകരം ഫെഡറൽ ബാങ്കിന് മുൻവശം സ്റ്റോപ്പ് അനുവദിച്ചു.
ഹിൽസ് പാർക്ക് ഹോട്ടൽ മുതൽ സംഗീത സിൽക്സ് വരെ പാർക്കിംഗ് നിരോധിച്ചു. മാവേലി ജ്വല്ലറിക്ക് മുൻവശത്തെ ഓട്ടോ സ്റ്റാൻഡിൽ ഓട്ടോറിക്ഷകൾ റോഡിന് സമാന്തരമായി പാർക്ക് ചെയ്യണം. ട്രാഫിക് ബ്ലോക്ക് ഒഴിവാക്കാൻ ട്രാഫിക് ഗാർഡുമാരെ നിയമിക്കും. അങ്കമാലിയിൽ ട്രാഫിക് പൊലീസ് യൂണിറ്റ് സ്ഥാപിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെട്ടതായും ചെയർപേഴ്സൺ റീത്ത പോൾ പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL