
നഗരത്തിൽ പലയിടത്തും സ്ലാബുകൾ അപകടഭീഷണിയാകുന്നു
തൊടുപുഴ: മഴക്കാലപൂർവ്വ ശുചീകരണങ്ങളുടെ ഭാഗമായി നഗരസഭനടത്തിയ ഓടകളുടെ ശുചീകരണം കാൽനടയാത്രക്കാർക്ക്കുരുക്കാകുന്നു. പലയിടത്തും ഒടിഞ്ഞസ്ലാബുകൾ ഫുട്പാത്തിൽ നിരത്തിയിരിക്കുന്നതാണ് അപകടകെണിയായിരിക്കുന്നത്. ഇതോടെ സുരക്ഷിതമായി കാൽനടയാത്ര നടത്താനാവാത്ത സ്ഥിതിവിശേഷമാണ് നഗരത്തിൽ പലയിടത്തുമുള്ളത്. മങ്ങാട്ടുകവല - കാരിക്കോട് റോഡിലെ പെട്രോൾപമ്പിന് മുമ്പിലായുള്ള ഫുട്പാത്തിൽ ഇത്തരത്തിൽ സ്ലാബുകൾ നിരത്തിയിട്ട് ആഴ്ചകളായിട്ടും ഇവ ഇതുവരെയുംനീക്കംചെയ്തിട്ടില്ല. ശുചീകരണത്തിനുശേഷം പൂർവ്വസ്ഥിതിയിലാക്കിയ സ്ലാബുകൾക്കിടയിൽ വലിയ വിടവുകൾ വന്നതും പ്രതിസന്ധിയാണ്. സൂക്ഷിച്ച് നടന്നില്ലെങ്കിൽ കാല്ഇതിനിടയിൽ കുരുങ്ങുമെന്നുറപ്പാണ്. ഇതോടെ ജില്ലാആശുപത്രിയിലേക്ക് അടക്കം എത്തുന്ന നൂറുകണക്കിനാളുകൾ വലിയ ബുദ്ധിമുട്ടാണ് നേരിടുന്നത്. ശുചീകരണത്തിനിടയിൽ ഒടിഞ്ഞ സ്ലാബിന്റെ കഷണങ്ങൾ കൂട്ടിയിട്ടിരിക്കുന്നതാണ് കാൽനടയാത്രക്കാർക്ക് ഭീഷണിയാകുന്നത്. പെരുംമഴയത്ത് തട്ടിവീണ് നടക്കേണ്ട ഗതികേടിലാണ് പ്രായമായവരും രോഗികളുംഅടക്കമുള്ളവർ. നഗരത്തിലെ തിരക്കേറിയ പാതകളിൽ പലയിടത്തും ഇത്തരത്തിൽ സമാനപ്രശ്നമുണ്ട്.
മഴക്കാലപൂർവ്വശുചീകരണം പൂർണമായില്ല
കാലവർഷത്തിനുമുന്നോടിയായുള്ള മഴക്കാലപൂർവ്വശുചീകരണം പൂർണമായില്ലെന്നതിൽ വ്യാപകപരാതിയുണ്ട്. മഴക്കാലത്തിന് മുന്നോടിയായി എല്ലാമുന്നൊരുക്കങ്ങലും പൂർത്തിയാക്കുമെന്ന നഗരസഭയുടെ ഉറപ്പും പാഴായിക്കഴിഞ്ഞു. വെള്ളക്കെട്ട് ഒഴിവാക്കുന്നതിനായുള്ള നടപടികൾ ഉടനടി പൂർത്തിയാക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. മഴപെയ്താൽ പലയിടത്തും റോഡിൽ നിറയെവെള്ളമാണ്. റോഡരികിലെ ഓടയിലൂടെ ജലം കൃത്യമായി ഒഴുകിപ്പോകാതെ കെട്ടിക്കിടന്നാണ് വെള്ളക്കെട്ടുണ്ടാകുന്നത്. ഇത് പലപ്പോഴും നഗരത്തിലെത്തുന്ന കാൽനടയാത്രക്കാർക്കും ഇരുചക്രവാഹനയാത്രക്കാർക്കുമാണ് പ്രതിസന്ധി സൃഷ്ടിക്കുന്നത്. ചെളിവെള്ളം തെറിക്കുന്നതാണ് പ്രധാന പ്രശ്നം.
മാർക്കറ്റ് റോഡിലും പ്രതിസന്ധി
കനത്തമഴയിൽ മാർക്കറ്റ് റോഡിലെ വ്യാപാരസ്ഥാപനങ്ങൾക്കമുന്നിലായുള്ള ഓടശുചീകരിക്കുന്നത് പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടാകുകയാണ്. മലിനജലം കെട്ടിക്കിടക്കുന്നതിനെ തുടർന്നാണ് നഗരസഭ ഇത് നീക്കം ചെയ്യാൻ ആരംഭിച്ചതെങ്കിലും മഴയത്തുള്ള ഈ ശുചീകരണം നേരത്തെ ആകാമായിരുന്നെന്ന വിമർശനം ശക്തമാണ്. ശുചീകരിക്കേണ്ടവ മുൻഗണന നൽകാതെ മഴതുടങ്ങാനായി മാറ്റിവെച്ചതാണ് പ്രശ്നം സങ്കീർണമാക്കുന്നതെന്ന വിമർശനവുമുണ്ട്. ഇത്തരത്തിൽ നീക്കംചെയ്തസ്ലാബുകളിൽ കാലപ്പഴക്കംചെന്നവയും തകർന്നതുമെല്ലാം യഥാസമയം മാറ്റിസ്ഥാപിക്കുന്നത് മഴയത്തുപ്രായോഗികമല്ലെന്നതാണ് പ്രധാന വിമർശനം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |