
സർവേ നടപടികൾ പുരോഗമിക്കുന്നു മുതൽമുടക്ക് 8.38 കോടി
മൂലമറ്റം : ടൂറിസം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ കാഞ്ഞാർ വാട്ടർഷെഡ് തീം പാർക്കിന് സമീപം ചെക്ക്ഡാം നിർമ്മിക്കുന്നു. സർവ്വേ നടപടികൾ വേഗത്തിൽ പൂർത്തിയാക്കി ഡിപ്പാർട്ട്‌മെന്റ് അനുമതി ലഭിച്ചാൽ ഉടൻതന്നെ പണി ആരംഭിക്കും. 8.38 കോടിയാണ് മുതൽമുടക്ക്. ബോട്ട് സർവീസ്, സ്പീഡ് ബോട്ട് സർവീസുകൾ എന്നിവയും ഇവിടെ നടക്കും. കേരള ഇറിഗേഷൻ ഇൻഫ്രാ സ്ട്രക്ച്ചർ ഡെവലൊപ്‌മെന്റ് കോർപ്പറേഷൻ നേതൃത്വം നൽകിവരുന്ന കേരള സർക്കാരിന്റെ പദ്ധതിയാണ്. മുൻ മന്ത്രി റോഷി അഗസ്റ്റിൻ ആണ് ഇതിന് ഫണ്ട് അനുവദിച്ചതും പ്ലാനിംഗ് നടത്തിയതും. പന്ത്രണ്ട് മാസവും വെള്ളംകിട്ടത്തക്ക വിധത്തിലാണ് പദ്ധതി പ്ലാൻ ചെയ്തിരിക്കുന്നത്. ഒരു കാരണവശാലും ബോട്ട് സർവീസിന് തടസം ഉണ്ടാകില്ല. അറക്കുളം, .കുടയത്തൂർ പഞ്ചായത്തുകൾക്കാണ് ഇതിന്റെ പ്രയോജനം കൂടുതൽ ലഭിക്കുന്നത്.
ടൂറിസ്റ്റുകൾക്ക് പദ്ധതി പ്രയോജനം
പണി പൂർത്തിയാകുന്നതോടെ ജില്ലയിൽ ടുറിസ്റ്റുകൾക്ക് പദ്ധതി വളരെയേറെ പ്രയോജനം ചെയ്യുമെന്ന കാര്യത്തിൽ സംശയമില്ല. എറണാകുളം മൗണ്ട്കാർവ് പ്രോജക്ട് ആണ് ഇതിന്റെ നിർമ്മാണ പ്രവൃത്തികൾ നടത്തുന്നത്. അറക്കുളം വലിയആറിലെ വെള്ളം ഒരു വശത്തുകൂടി തിരിച്ച് വിട്ട് മറുവശത്ത് പണികൾ നടത്തും. ഇവിടം തീർന്നശേഷം തിരിച്ചുംഇതുപോലെ പണിനടത്താനാണ് ഉദ്ദേശിക്കുന്നത്. വേനൽകാലത്തും തടസങ്ങൾ ഇല്ലാതെ ചെക്ക് ഡാം ഉപയോഗിക്കാനാവുന്ന രീതിയിലാണ് പദ്ധതി പ്ലാൻചെയ്തിരിക്കുന്നത് .മൂന്നര മീറ്റർ ഉയരവും, 100 മീറ്റർ നീളവുമുള്ള ചെക്ക് ഡാമിൽ മൂന്നുനടയായിട്ടാണ് വെള്ളം ഒഴുക്കുന്നത്. അറക്കുളം പഞ്ചായത്ത് പ്രസിഡന്റ് ഉഷഗോപിനാഥ്, വൈസ് പ്രസിഡന്റ് ഇമ്മാനുവേൽ,സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻമാരായ പി.ഡി.പുഷ്പകുമാർ, വി.സി.മണിയമ്മ എന്നിവർ സർവേ നടപടികൾക്ക് നേതൃത്വം നൽകി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |