SignIn
Kerala Kaumudi Online
Friday, 26 June 2026 11.43 PM IST

ജലജീവൻ മിഷൻ , ജില്ലയിൽ പൂർത്തിയായത്  38,688 കണക്ഷനുകൾ

collectarate

ഇടുക്കി: ജില്ലയിൽ ജലജീവൻ മിഷന്റെ നിർവഹണ ഏജൻസികൾ വഴി വിവിധ കുടിവെള്ള പദ്ധതികൾക്കായി നൽകിയത് 38,688 കണക്ഷനുകൾ. വാട്ടർഅതോറിറ്റി, ഭൂജലവകുപ്പ്, ജലനിധി എന്നിവ വഴിയാണിത്. വാട്ടർ അതോറിറ്റി തൊടുപുഴ ഡിവിഷന്റെ കീഴിൽ 25509 കണക്ഷനുകൾക്കാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്. ഇതിൽ 23579 കണക്ഷനുകൾക്കുള്ള ജോലികൾ കരാറുകാരെ ഏൽപ്പിച്ചു. 13859 കണക്ഷനുകൾ പൂർത്തിയായി. പൈനാവ് ഡിവിഷനിൽ 28381 കണക്ഷനുകൾക്കാണ് അനുമതി. 18970 കണക്ഷനുകൾക്കുള്ള ജോലികൾ കരാറുകാരെ ഏൽപ്പിച്ചു. 6761 കണക്ഷനുകളാണ് പൂർത്തീകരിച്ചത്.

കട്ടപ്പന ഡിവിഷനിൽ 179829 കണക്ഷനുകൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ 170309 കണക്ഷനുകളുടെ ജോലികൾ കരാറുകാരെ ഏൽപ്പിച്ചു. 13978 കണക്ഷനുകൾ പൂർത്തിയായി. കട്ടപ്പന പ്രൊജക്ട് ഡിവിഷന്റെ പരിധിയിൽ 22 ജലശുദ്ധീകരണശാലകളുടെ പ്രവർത്തികളാണുള്ളത്. ഇതിൽ 3 എണ്ണം പൂർത്തിയായി. 13 എണ്ണം ടെൻഡർ നടപടികളിലാണ്. ജലനിധിയുടെ കീഴിൽ 3946 കണക്ഷനുകൾക്കാണ് അനുമതി ലഭിച്ചത്. ഇതിൽ 3602 കണക്ഷനുകൾ നൽകി. ഭൂജല വകുപ്പിനു കീഴിൽ 621 കണക്ഷനുകൾക്കാണ് സാങ്കേതികാനുമതി ലഭിച്ചത്. ഇതിൽ ആവശ്യമുള്ള 560 കണക്ഷനുകളിൽ 485 എണ്ണം പൂർത്തിയായി.

 ശുദ്ധീകരണം ഉറപ്പാക്കി

കുടിവെള്ളം വിതരണം


മഴക്കാലത്ത് ജലജന്യരോഗങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ ശുദ്ധീകരണം ഉറപ്പാക്കിയാണ് വാട്ടർ അതോറിറ്റി കുടിവെള്ളം വിതരണം ചെയ്യുന്നത്. തദ്ദേശ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ നടത്തുന്ന കുടിവെള്ള വിതരണത്തിൽ ക്ലോറിനേഷൻ ഉറപ്പാക്കും. ഹോട്ടലുകളിൽ ഉപയോഗിക്കുന്ന വെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ വിഭാഗവും ആരോഗ്യവകുപ്പും പരിശോധന നടത്താനും വിവിധ വകുപ്പുകളുടെ യോഗം തീരുമാനിച്ചു.

 വെട്ടിപ്പൊളിച്ച റോഡുകൾ ഉടൻ സഞ്ചാരയോഗ്യമാക്കും

ജില്ലയിൽ ജലജീവൻ മിഷന്റെ ഭാഗമായി കുടിവെളള പൈപ്പ് ഇടുന്നതിന് വെട്ടിപ്പൊളിച്ച റോഡുകളിലെ കുഴികൾ അടിയന്തരമായി മൂടി റോഡുകൾ സഞ്ചാരയോഗ്യമാക്കാൻ തീരുമാനം. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റ് എസ്. ശ്രീജിത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന വിലയിരുത്തൽ യോഗത്തിലാണ് തീരുമാനം. പൈപ്പ് ഇടുന്നതിനായി കുഴിച്ച റോഡുകളിലെ കുഴികളിൽ വീണ് നിരവധി അപകടങ്ങളുണ്ടാകാൻ സാധ്യതയുളള സാഹചര്യത്തിലാണിത്. മഴക്കാലത്ത് ഇത്തരം അപകടങ്ങളുണ്ടാകുന്നതിനെതിരേ ജാഗ്രത വേണം. കുഴിച്ച വകുപ്പുകൾ തന്നെ അത് മൂടാനും നടപടി സ്വീകരിക്കണം. ഇതു സംബന്ധിച്ച് കരാറുകാർക്ക് കൃത്യമായ നിർദേശം നൽകി ജോലികൾ പൂർത്തീകരിക്കണം. കുഴിക്കുന്ന റോഡുകളിൽ പൈപ്പ് ഇട്ട് ജോലികൾ പൂർത്തിയാക്കി കുഴികൾ മൂടിയിട്ട് വേണം അടുത്ത ഭാഗം കുഴിക്കാൻ. ഇക്കാര്യത്തിൽ വീഴ്ച വരുത്തിയാൽ ദുരന്ത നിവാരണ നിയമപ്രകാരം നടപടി സ്വീകരിക്കാനും യോഗം തീരുമാനിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL