SignIn
Kerala Kaumudi Online
Monday, 27 July 2026 8.33 PM IST

വീണ്ടും മണ്ണിടിച്ചിൽ, അടിമാലിയിലെ സമരപ്പന്തൽ പൊളിച്ചുനീക്കി  ഇനി സമരം ഗ്രാമപഞ്ചായത്ത് ഓഫീസ് വരാന്തയിൽ

strike
ഗ്രാമപഞ്ചായത്ത് ഓഫീസ് വരാന്തയിൽ സമരം പുനരാരംഭിച്ചപ്പോൾ

അടിമാലി: ദേശീയപാതയിൽ കഴിഞ്ഞ വർഷമുണ്ടായ മണ്ണിടിച്ചിലിൽ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങൾ സമരം ചെയ്തിരുന്ന പന്തൽ അധികൃതർ പൊളിച്ചുനീക്കി. കഴിഞ്ഞ മാസം 25 മുതൽ തുടർച്ചയായി നടന്നുവന്ന സമരത്തിന്റെ പന്തലാണ് ശനിയാഴ്ച പുലർച്ചെയുണ്ടായ ശക്തമായ മണ്ണിടിച്ചിലിനെ തുടർന്ന് അടിയന്തരമായി മാറ്റിയത്. അപകടമേഖലയിൽ തുടരുന്ന സമരക്കാരുടെ ജീവന് ഭീഷണിയുണ്ടെന്ന് കാട്ടി മന്നാംകണ്ടം വില്ലേജ് ഓഫീസർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ, ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ ജില്ലാ കളക്ടറാണ് പന്തൽ നീക്കാൻ ഉത്തരവിട്ടത്. ഉത്തരവ് കൈപ്പറ്റിയതോടെ സമരക്കാർ തന്നെ പന്തൽ പൊളിച്ചുമാറ്റി. തുടർന്ന് സമരം ഗ്രാമപഞ്ചായത്ത് ഓഫീസിന്റെ വരാന്തയിലേക്കാക്കി. മണ്ണിടിച്ചിൽ ബാധിച്ച കുടുംബങ്ങൾക്കായി വിതരണം ചെയ്യാനുള്ള അടിയന്തര ധനസഹായം ദേവികുളം തഹസിൽദാർക്ക് കൈമാറിയിട്ടുണ്ടെന്ന് കളക്ടറുടെ ഉത്തരവിൽ വ്യക്തമാക്കുന്നു. പൂർണ്ണമായി വീട് നഷ്ടപ്പെട്ടവർക്ക് 10 ലക്ഷം രൂപ വീതം നൽകും. നിലവിൽ വാടകയ്ക്ക് താമസിക്കുന്നവർക്ക് മൂന്ന് മാസത്തെ വാടകയും നൽകും. ദുരന്തബാധിതരായ 27 കുടുംബങ്ങൾക്ക് വസ്ത്രങ്ങളും പാത്രങ്ങളും വാങ്ങുന്നതിനായി 10,000 രൂപ വീതം നൽകും. ഈ തുക അടിയന്തരമായി ദുരന്തബാധിതരുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് എത്തിക്കാനുള്ള നടപടികൾ ദേവികുളം തഹസിൽദാർ സ്വീകരിച്ചു വരികയാണ്.

സമരം ആവശ്യമില്ലെന്ന് അധികൃതർ

നിലവിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശം ഒട്ടും വാസയോഗ്യമല്ലെന്നാണ് ടെക്നിക്കൽ കമ്മിറ്റി റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ ദുരന്തബാധിതരായ എല്ലാ കുടുംബങ്ങൾക്കും പുതിയ വീടും സ്ഥലവും അനുവദിക്കുന്നതിനായി സർക്കാരിലേക്ക് ഔദ്യോഗിക ശുപാർശ നൽകിയിട്ടുണ്ട്. പുനരധിവാസ നടപടികൾ പുരോഗമിക്കുന്നതിനാൽ നിലവിൽ പന്തൽ കെട്ടി സമരം ചെയ്യേണ്ട സാഹചര്യമില്ലെന്നും അധികൃതർ വ്യക്തമാക്കി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL