ഇടവെട്ടി: മഴവെള്ള പാച്ചലിൽ തൊണ്ടിക്കുഴ ചാലം കോട് ചപ്പാത്ത് പാലത്തിലെ തകരാറിലായ വലിപ്പമേറിയ കുടിവെള്ള പൈപ്പ് സാമൂഹ്യവിരുദ്ധർ മോഷ്ടിച്ചു.കനത്ത മഴയിൽ ചാലംകോട് ചാപ്പാത്ത് പാലത്തിൽ വന്നടിഞ്ഞുകൂടിയ തടിക്കഷണങ്ങളും, മറ്റ് പാഴ് വസ്തുക്കളും പഞ്ചായത്തംഗം സുകു തങ്കപ്പന്റെ നേതൃത്വത്തിൽ മാറ്റി വെള്ളമൊഴുക്ക് നിയന്ത്രിക്കുന്നതിനിടയിൽ പാലത്തിന് കുറുകെ സ്ഥാപിച്ചിരുന്ന ജലസേചന വകുപ്പിന്റെ വലിയ ജി.ഐ പൈപ്പ് ഒടിഞ്ഞ നിലയിൽ വെള്ളത്തിൽ നിന്നും കണ്ടെത്തി, യന്ത്ര സഹായത്തോടെ കരയിലേയ്ക്ക് അടുപ്പിച്ചിടുകയും, ജലസേചന വകുപ്പിനെ വിവരം അറിയിക്കുകയും ചെയ്തിരുന്നു. എന്നാൽ പിറ്റെ ദിവസം പഞ്ചായത്തംഗവും ജലസേചന വകുപ്പ് അധികാരികളും പൈപ്പ് പുന:സ്ഥാപിക്കാനായി സ്ഥലത്തെത്തിയപ്പോഴാണ് പൈപ്പ് മോഷണം പോയ വിവരം അറിയുന്നത്. സമീപ പ്രദേശങ്ങളിലേയ്ക്ക് കുടിവെള്ളം എത്തിക്കുന്ന വലിയ പൈപ്പായിരുന്നു അത്. ഉടൻ തന്നെ സമീപ വാർഡിലെ പഞ്ചായത്തംഗം അനൂപ് വി.കെ യും സ്ഥലത്തെത്തി, ഇരുവരും ചേർന്ന് പൊലീസിന് പരാതി കൈമാറിയെങ്കിലും പ്രതികളെ കണ്ടെത്തിയിട്ടില്ല. ചാലംകോട്, തൊണ്ടിക്കുഴ, ഇടവെട്ടി കനാൽ ഭാഗങ്ങളിൽ മറ്റു സ്ഥലങ്ങളിൽ നിന്നെത്തുന്ന കഞ്ചാവു കച്ചവടക്കാരുടെയും, സ്ഥലവാസികളിൽപ്പെട്ടയാളുകളായിട്ടുള്ളവർ ഉൾപ്പെടുന്ന സാമൂഹ്യവിരുദ്ധരുടെയും ശല്യം ഏറെ നാളായി ഉള്ളതാണ്. ഇതിനു മുൻപും പല തവണ ഈ പ്രദേശങ്ങളിൽ മോഷണ പരമ്പരയും, മദ്യപാനികളുടെ ശല്യവും ഉണ്ടായിട്ടുമുള്ളതാണ്. മോഷ്ടാക്കൾ പിടിക്കപ്പെടുമെന്നായപ്പോൾ ജലസേചന വകുപ്പുമായി ചേർന്ന് പണം നൽകി ഒത്തുതീർപ്പാക്കാനുള്ള ശ്രമവും ഇതിനിടയിൽ നടന്നതായാണ് പുറത്ത് വരുന്ന വിവരം. പൊലീസ് ഇതിനെതിരെ ശക്തമായ നടപടി കൈകൊള്ളാത്തത് പ്രതിഷേധാർഹമാണെന്ന് ബി.ജെ.പി.ഇടവെട്ടി പഞ്ചായത്ത് സമിതി പ്രസിഡന്റ് സുരേഷ് കണ്ണനുംപറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |