SignIn
Kerala Kaumudi Online
Saturday, 08 August 2026 2.53 AM IST

ആഫ്രിക്കൻ ഒച്ചിനെ തുരത്താൻ പദ്ധതികളുമായി കാർഷിക സർവകലാശാല

തൃശൂർ: മഴ ശക്തമായതോടെ ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ ശല്യം രൂക്ഷമാകുന്നു. വാഴ, പപ്പായ, പ്ലാവ്, വെണ്ട, വഴുതന, കാബേജ്, കമുക്, റബ്ബർ, കാപ്പി തുടങ്ങി 100ലധികം സസ്യവിളകളെ ആക്രമിക്കുന്ന ഈ ഭീമൻ ഒച്ചുകൾ കൃഷിയിടങ്ങൾക്കും വീടുകൾക്കും വലിയ ഭീഷണി ഉയർത്തുന്നു.

വീട്ടുവളപ്പുകൾ, കൃഷിയിടങ്ങൾ,കോഴിഫാമുകൾ, ടിംബർ ഡിപ്പോകൾ, ജൈവമാലിന്യങ്ങളും ചവറുകളും നിക്ഷേപിക്കുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിലാണ് ഇവയുടെ ആക്രമണവും വ്യാപനവും കൂടുതൽ. മഴയ്ക്കുശേഷം വൈകുന്നേരങ്ങളിലും പുലർച്ചെയുമാണ് ഒച്ചുകൾ കൂടുതലും കണ്ടുവരുന്നത്. ഭീമൻ ആഫ്രിക്കൻ ഒച്ചിന്റെ വ്യാപനം തടയാൻ കേരള കാർഷിക സർവകലാശാല ജില്ലാതലത്തിൽ ബോധവത്കരണവും സമൂഹാധിഷ്ഠിത നിയന്ത്രണ പ്രവർത്തനങ്ങളും സംഘടിപ്പിക്കുകയാണെന്ന് വിജ്ഞാന വ്യാപന വിഭാഗം ഡയറക്ടർ ഡോ. ബിനു പി.ബോണി പറഞ്ഞു. മധ്യമേഖലാ ജില്ലകൾക്കായുള്ള ബോധവത്കരണനിയന്ത്രണ പരിപാടി ഈ മാസം 11 ന് സംഘടിപ്പിക്കും.

പ്രതിവിധി

ഒച്ചുകളെ ആകർഷിക്കാൻ 500 ഗ്രാം ഗോതമ്പുപൊടി, 200 ഗ്രാം ശർക്കര, 20 ഗ്രാം യീസ്റ്റ് എന്നിവ ആവശ്യത്തിന് വെള്ളംചേർത്ത് തയ്യാറാക്കുന്ന മിശ്രിതം വൈകുന്നേരങ്ങളിൽ ചെറിയ പാത്രങ്ങളിലോ നനഞ്ഞ ചണച്ചാക്കുകളിലോ വയ്ക്കാം. പുളിപ്പിച്ച പഴങ്ങൾ, പപ്പായയില, വാഴയില, കാബേജ് ഇല എന്നിവയും കെണികളായി ഉപയോഗിക്കാം. രാത്രിയിൽ ആകർഷിക്കപ്പെടുന്ന ഒച്ചുകളെ പിറ്റേന്ന് രാവിലെ ശേഖരിച്ച് നശിപ്പിക്കുന്നത് പ്രജനനം കുറയ്ക്കാൻ സഹായിക്കും.

കൂട്ടായ പരിശ്രമം വേണം

വ്യാപനം ഫലപ്രദമായി തടയാൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ, വിവിധ സർക്കാർ വകുപ്പുകൾ, കർഷകർ, സന്നദ്ധസംഘടനകൾ എന്നിവരുടെ ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് വൈസ് ചാൻസലർ പ്രൊഫ. ടി. സജിതാ റാണി പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL